Saturday, February 19, 2011

ഇന്ത്യാവിഷന്‍ വീണ്ടും കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ പുറത്തുവിട്ടു


കോഴിക്കോട് ഐസ്ക്രീം മൊഴിമാറ്റ രേഖകള്‍ പുറത്ത് വിട്ടതോടെ പ്രതിരോധത്തിലായ മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യവിഷന്റെ ഷെയര്‍ ഉടമകളുടെ ഒരു വിഭാഗം യോഗം ചേര്‍ന്ന് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിയുയര്‍ത്തുകയും ചെയ്തു. വിമര്‍ശനവും എതിര്‍പും ശക്തമായതോടെ മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. രാജി നേതൃത്വം അംഗീകരിച്ചില്ല. എന്നാല്‍ ഇന്ത്യാ വിഷന്‍ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും പുറത്ത് വിടാതെ അതിന്റെ സീഡികള്‍ മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തത്. ഇതോടെ ഇന്ത്യാവിഷന്‍ ലീഗ് സമ്മര്‍ദത്തിന് വഴങ്ങി എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇന്നലെ ഇന്ത്യാ വിഷന്‍ കോതമംഗലം പെണ്‍വാണിഭ രേഖ പുറത്തുവിട്ടത്. ഇതു സംബന്ധിച്ച കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കോതമംഗലം കേസിലെ ഇരയായ പെണ്‍കുട്ടിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ കിട്ടിയിട്ടുണ്ട്.
1997 ഒക്ടോബര്‍ അഞ്ചിനാണ് കോതമംഗലം പെണ്‍വാണിഭത്തിനിരയായ പെണ്‍കുട്ടി കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ആദ്യ മൊഴി നല്‍കിയത്. ഒക്ടോബര്‍ 9 ന് മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.എന്‍ സതീശന്‍ മുമ്പാകെ അടച്ചിട്ട കോടതി മുറിയിലും പെണ്‍കുട്ടി മൊഴി നല്‍കി. സെക്ഷന്‍ 164 പ്രകാരമുളള മൊഴിയാണ് കോടതിയില്‍ രേഖപ്പെടുത്തിയത്. ഈ രണ്ട് മൊഴിയിലും എസ്.കൃഷ്ണകുമാറും കുഞ്ഞാലിക്കുട്ടിയും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2003ല്‍ പെണ്‍കുട്ടി ഇതേ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നും തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച രേഖകളാണ് ഇന്നലെ ഇന്ത്യാവിഷനും മറ്റും പുറത്തു വിട്ടത്.
വിവാദങ്ങളുടെ ശക്തി കുറഞ്ഞു തുടങ്ങുകയും സംഭവം പൊലീസ് അന്വേഷണത്തില്‍ ഒതുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നിയമസഭതെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ഇതു സംഭന്ധിച്ച വിവാദങ്ങള്‍ മുസ്ലിം ലീഗ്പ്രവര്‍ത്തകരെയും നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അടുത്ത ആഴ്ച ലീഗ് സെക്രട്ടറിയേറ്റ് കോഴിക്കോട് ചേരാനിരിക്കെയാണത്.


No comments:

Post a Comment