Sunday, January 23, 2011

കാഴചകള്‍

സുഗന്ധം


ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്ന് വിശ്വസിച്ച്

ഞാനെന്നും ചന്ദനം ചാരി ഇരുന്നു.

പകര്‍ന്ന് കിട്ടിയത്

വിയര്‍പ്പുനാറ്റം മാത്രം.

ഒരുനാള്‍ ചന്ദനം പറഞ്ഞു:

നിന്റെ വിയര്‍പിന്

ചന്ദനത്തേക്കാള്‍ സുഗന്ധം.

തൊടിയിലെ ചന്ദനമരങ്ങള്‍

അന്ന് കിട്ടിയവിലക്ക് ഞാന്‍ വിറ്റു.




ശലഭജന്മങ്ങള്‍


ഞാനും നീയുമൊക്കെ ഒരു നൂറുവയസ്സുവരെ

ജീവിക്കുന്നു എന്ന് കരുതുക.അതെത്ര അസഹനീയം!

മടുത്തു മടുത്ത്ഛര്‍ദിക്കാനേ നേരണ്ടാവൂ.

സ്വയം നിന്ദിച്ച്, സ്വയം വെറുത്ത്,

അരുതായ്കകളുടെചിലന്തിവലയില്‍കുടുങ്ങി...

ആത്മാവിന്റെ ഇഷ്ടങ്ങളാണ് ആര്‍ക്കും വേണ്ടാത്തത്.

പൂമ്പാറ്റകള്‍ക്ക് ശൈശവവും ബാല്യവുമില്ല.

പ്യൂപ്പപൊട്ടിച്ച്പുറത്തുകടന്നാല്‍ കിട്ടുന്നത് ഒരു പൂര്‍ണജന്മം.

പഠിക്കാന്‍ പോകണ്ട. ജോലി നോക്കണ്ട.

കല്യാണം കഴിക്കണ്ട.കുട്ടികളെ പോറ്റണ്ട.

ഭാര്യയായി,അമ്മയായി,വീട്ടമ്മയും അമ്മൂമ്മയുമായി

എത്ര കൊല്ലാണ് മിന്നാമ്മിന്നി പുഴുവെ പോലെ ഇഴയുക?

പത്തെഴുപതുകൊല്ലം നീളുന്ന നമ്മുടെയൊക്കെ

പുഴുജീവിതത്തെക്കാള്‍എത്ര മനോഹരമായിരിക്കുംശലഭജന്മം!

മുക്കും ചെറിയ ചെറിയ ശലഭജന്മങ്ങള്‍ മതിയായിരുന്നു.

ഒന്നോ രണ്ടോ ദിവസം ജീവിക്കുക.

പിന്നെ മരിക്കുക. പിന്നെയുംപിന്നെയും ശലഭജന്മങ്ങള്‍.

വീണ്ടും വീണ്ടുംകാത്തിരിപ്പ്.

അങ്ങനെ കുറെശലഭജന്മങ്ങളുടെ

തുടര്‍ച്ചയായിരുന്നു ജീവിതമെങ്കില്‍!



കാഴചകള്‍


കണ്‍മുന്നില്‍

ഒരാളെ വെട്ടി നുറുക്കിയിടുമ്പോള്‍

അവള്‍ ഇരു കൈകളാലും കണ്ണ് പൊത്തി.

എന്നിട്ടും എല്ലാം കണ്ടു.

ചിറ്റിത്തെറിച്ച ചോരയിലൂടെ

അവള്‍ക്ക് നിറങ്ങള്‍ നഷ്ടമായി.

അയാളുടെ നിലവിളി അവളുടെ കേള്‍വി ഇല്ലാതാക്കി.

അവരുടെ കയ്യിലെ വാള്‍മുനകയിലെ മിന്നലില്‍ കാഴ്ചയും.





മഞ്ഞയിലകള്‍


മഞ്ഞയിലകള്‍ പെയ്ത ഒരു ശിശിരത്തില്‍

പുതുമുളകള്‍ പരാതി പറഞ്ഞു:

_ഈ കരിയിലകള്‍ വീണ് നിറഞ്ഞ് ഞങ്ങള്‍ക്ക്

വെളിച്ചം കാണാനേ കഴിയുന്നില്ല.

_ഞങ്ങള്‍ക്ക് തലയുയര്‍ത്താനേ പറ്റുന്നില്ല.

മരംചിരിച്ചു. പണ്ട് താനും

ഇതുതന്നെ പറഞ്ഞിരുന്നല്ലോ എന്നോര്‍ത്തു.

_ആരെങ്കിലും വന്ന് ഇതിന് തീയിട്ടെങ്കില്‍?

മരത്തിന് അപ്പോള്‍ ചിരിക്കാന്‍ കഴിഞ്ഞില്ല.

തീയിട്ടാല്‍ മക്കളേ ഞാനും നിങ്ങളും

ചാമ്പലാകുമെന്ന് മരം പറഞ്ഞതുമില്ല.





4 comments:

  1. Watch the rainbow in the grain of sand !!!!

    ReplyDelete
  2. All of ur posts are great..
    ഈ കരിയിലകള്‍ വീണ് നിറഞ്ഞ് ഞങ്ങള്‍ക്ക്
    വെളിച്ചം കാണാനേ കഴിയുന്നില്ല.
    ഞങ്ങള്‍ക്ക് തലയുയര്‍ത്താനേ പറ്റുന്നില്ല.
    Really thoughtful..

    ReplyDelete
  3. ലളിത മനോഹരമായ വരികൾ..!

    ReplyDelete
  4. പുതുമുളകള്‍ മരമാകുമ്പോള്‍
    വെളിച്ചംവരുന്ന വഴി
    തിരിച്ചറിയുമെന്നു പ്രതീക്ഷിയ്കാം.

    ReplyDelete