Sunday, May 30, 2010

വായനക്കാരന്‍ ഉറങ്ങുമ്പോള്‍

വായനക്കാരന്‍ ഉറങ്ങുമ്പോള്‍


രാത്രിയില്‍ കണ്ട സുന്ദരമായ സര്‍റിയലിസ്റ് സ്വപ്നത്തിന്റെ വാലും തലയും ഓര്‍ത്തിരിക്കവെയാണ് അയാളത് ശ്രദ്ധിച്ചത്. നിലത്തെ പൊടിമണ്ണില്‍, അലമാരയുടെ ഒന്നാമത്തെ അറയില്‍നിന്നും കുറേ കവിതാ പുസ്തകങ്ങള്‍ വീണുകിടക്കുന്നു!
അക്കിത്തവും കടമ്മനിട്ടയും സംഘം കവിതകളും മയക്കോവ്സ്കിയും.
സുന്ദരമായ പുറംചട്ടകള്‍ ചുളിഞ്ഞിരിക്കുന്നു. പിടിവലി നടന്നപോലെ പുസ്തകങ്ങള്‍ മുഷിഞ്ഞിരിക്കുന്നു.
ഈ പുതിയ പുസ്തകങ്ങള്‍ക്കെന്തുപറ്റി?
ആരാണെല്ലാം വലിച്ചിട്ടത്!
മുറിയില്‍ മറ്റാരും കടക്കാറില്ല. പിന്നെ ആരായിരിക്കും?
അവനായിരിക്കും ആ നാല്‍ക്കാലി, വിവരമില്ലാത്ത പൂച്ച. അവനറിയുമോ, ആരൊക്കെയാണ് താഴെ വീണിരിക്കുന്നതെന്ന്? അവനായിരിക്കണം പുസ്തകങ്ങളിങ്ങനെ മാന്തിപ്പറിച്ചത്.
അയാള്‍ പുസ്തകങ്ങള്‍ നന്നായി പൊടിതട്ടി നമ്പര്‍ നോക്കി ക്രമത്തില്‍ അടുക്കിവെച്ചു. പൂച്ചയെ ചീത്ത പറഞ്ഞു. ആരും കാണാതെ ഒരു വടി ഒളിപ്പിച്ചു.
അവനറിയുമോ നമ്മുടെ കവികളുടെ വില?
അന്നുരാത്രി വടിയും ഒളിപ്പിച്ച് അയാളുറങ്ങാതെ കാത്തുകിടന്നു. വളരെ ചെറിയ ശബ്ദങ്ങള്‍ പോലും പിടിച്ചെടുക്കാന്‍ തയ്യാറായി. എലികള്‍ പാഞ്ഞുനടക്കുന്നതും കൂറകള്‍ പറക്കുന്നതും പല്ലികള്‍ കരയുന്നതും അയാള്‍ കേട്ടു. എന്നാല്‍ അവന്‍, ആ മാര്‍ജ്ജാരന്‍മാത്രം വരുന്നത് കേള്‍ക്കുന്നില്ല.
ആ കള്ളന്റെ ചുവടുകള്‍ക്കായി കാത്തിരുന്ന്, ഇടയ്ക്ക് ഒന്ന് മയങ്ങിയപ്പോഴാണ് ചടപടാ കുറെ പുസ്തകങ്ങള്‍ താഴെ വീണത്. ആദ്യം അയാളൊന്ന് ഞെട്ടിയെങ്കിലും പൂച്ചയെ ഒന്നു വീക്കാമല്ലോ എന്ന സന്തോഷത്തോടെ വടിയും പിടിച്ച് വാതില്‍ക്കല്‍ തയ്യാറായിനിന്നു. ലൈറ്റിട്ടു.
മണ്ണിലിതാ കിടക്കുന്നു ശിവ! ശിവ! മൂന്നാം തട്ടിലെ കുറെ നോവലുകളും പരിഭാഷകളും... അഭയാര്‍ത്ഥികള്‍, കയറ്, ഖസാക്ക്, സിദ്ധാര്‍ത്ഥ, ടെംപ്റ്റേഷന്‍, തടാകം,....
കുറെനേരം പുറത്തേക്ക് ചാടുന്ന പൂച്ചയ്ക്കായി കാത്തുനിന്നു. വടിയോങ്ങിപ്പിടിച്ച് കൈകുഴഞ്ഞു.
അവന്‍ ഒരു വിളഞ്ഞ വിത്തുതന്നെ. അലമാരയുടെ അടിയില്‍ പതുങ്ങിയിരിക്കുകയാവും. വടിയെടുത്ത് വളരെ പെട്ടെന്ന് വളരെ ശക്തിയില്‍ ഒരു കുത്ത്.
അലമാരയുടെ അടിയില്‍ ഒരു ബള്‍ബ് പൊട്ടുന്ന ശബ്ദം. പുറത്ത് തെറിച്ചുവന്ന ഒരു പഴയ ഷൂ.
അവന്‍ മാത്രം, ആ മാര്‍ജ്ജാരന്‍ മാത്രം പുറത്തുവന്നില്ല.
അമ്പട! അവന്‍ പറ്റിച്ചു കടന്നു കളഞ്ഞോ?
നിന്നെപ്പിന്നെ കണ്ടോളാം.
പുസ്തകങ്ങളെടുത്ത് പൊടിതട്ടി. അഭയാര്‍ത്ഥികളുടെയും ടെംപ്റ്റേഷന്റെയും പുറം ചട്ടകള്‍ ഏതാണ്ട് പറിഞ്ഞുപോയിരുന്നു. കയറിനും രണ്ടിടങ്ങഴിക്കും വലിയ പോറലില്ല. കുറേശെã ചതഞ്ഞിട്ടുണ്ട്. ഖസാക്കിന്റെ കടലാസുകളൊക്കെ ചിതറിപ്പോയിരുന്നു. തടാകം പൊടിയില്‍ മുങ്ങി.....
ഇത്ര വലിയൊരാക്രമണം പൂച്ച പുസ്തകങ്ങളോട് നടത്തിയിട്ടും അറിയാതെ ഉറങ്ങിപ്പോയതിന് അയാള്‍ സ്വയം ശപിച്ചു.
അവനൊരു പഠിച്ച കള്ളനാണ്. അവനെ തോല്‍പ്പിക്കാന്‍ അത്ര പെട്ടെന്ന് കഴിയില്ല.
പിറ്റേന്ന് മുറി ഭദ്രമായടച്ച് പൂച്ചയ്ക്ക് കടക്കാനുള്ള എല്ലാ പഴുതുകളും അടച്ച് വാതിലിനു പുറത്ത് വടിയുമായി പതുങ്ങിനിന്നു. ഉറക്കം വരാതിരിക്കാന്‍ ആന്റി സ്ലീപ്പിംഗ് ഗുളികകള്‍ കഴിച്ച് ഒരു നായയുടെ ഘ്രാണശക്തി സ്വരൂപിച്ച് ക്ഷമയോടെ അയാള്‍ കാത്തുനിന്നു.
നേരം ഒരുപാടായിട്ടും മാര്‍ജ്ജാരന്‍ വന്നു നോക്കുകപോലുമുണ്ടായില്ല. അതിന്റെ പാടവത്തില്‍ അയാള്‍ക്കു മതിപ്പുതോന്നി. അവനെ കാത്തൊരു വടി ഓങ്ങി നില്‍ക്കുന്ന വിവരം അവനറിഞ്ഞുകാണും.
പൂച്ചയ്ക്കും അതീന്ദ്രിയമായ കഴിവുകളുണ്ടാകുമോ? അതോ, പൂച്ച ഒ.വി വിജയന്റേതാകുമോ?
അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെയാണ് അകത്ത് എന്തെല്ലാമോ തകിടം മറിഞ്ഞുവീഴുന്നത് അയാള്‍ കേട്ടത്. മനുഷ്യന്റെ ബുദ്ധിയെയും സാമര്‍ത്ഥ്യത്തെയും വെല്ലുവിളിച്ചിരിക്കയാണവന്‍. ഇത്രയധികം മുന്‍കരുതലുകളുണ്ടായിട്ടും ഒരു കമേര്‍സ്യല്‍ സിനിമയിലെ നായകനെപ്പോലെ അവനെങ്ങനെ അകത്തു കടന്നു? ആ കള്ള റാസ്ക്കല്‍.
വാതില്‍ തുറന്നു നോക്കിയപ്പോള്‍ നെഞ്ചത്ത് കൈവച്ചുപോയി. ആരെല്ലാമാണ് താഴെ- മാര്‍ക്സ്, ലെനിന്‍, മാവോ, ചെഗുവേര, ലൂക്കാച്ച്, ഇല്ലിച്ച്, ഫ്രോയിഡ്, യുങ്,.... മുറിനിറയെ തടിച്ച പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. മുറി ഒരു യുദ്ധക്കളംപോലെയായി മാറിയിരിക്കുന്നു. പുസ്തകങ്ങള്‍ കുത്തനെ നിന്ന് പരസ്പരം ആക്രമിക്കുന്നു. ചിലത് മറിഞ്ഞുവീഴുന്നു. പേജുകള്‍ പറിച്ചുകീറുന്നു.
ഒരു പ്രേതഭൂമിയിലെത്തിയ പോലെ അയാളമ്പരന്നു. പുസ്തകങ്ങള്‍ക്കും പിശാചുബാധയോ? മുറിയില്‍ അദൃശ്യനായ ഏതോ പിശാച് കടന്നുകൂടിയിട്ടുണ്ടാകുമെന്ന് അയാളൂഹിച്ചു. ഏതു പിശാചാണ് പുസ്തക വിരോധിയായിട്ടുള്ളത്?
ഒരു നിലവിളിയോടെ അയാള്‍ ലൈറ്റിട്ടു. പെട്ടന്നെല്ലാ പുസ്തകങ്ങളും തലയടിച്ചു വീണു. ശാന്തം പാപം. യുദ്ധക്കളം ശാന്തമായി. വെടിനിര്‍ത്തല്‍.
എന്നിട്ടും മുറിയില്‍ കിടന്നുറങ്ങാന്‍ അയാള്‍ക്ക് ധൈര്യം വന്നില്ല. ലൈറ്റ് ഓഫാക്കി മുറിയടച്ച് പുറത്ത് പേടിച്ചു വിറച്ചു കിടന്നു.
വീണ്ടും പുസ്തകങ്ങള്‍ തകിടം മറിഞ്ഞുവീഴുന്ന ശബ്ദം.
നേരം വെളുത്ത ഉടന്‍ അയാള്‍ അകത്തു കടന്നു നോക്കി. മുറിയില്‍ നിറയെ മാര്‍ക്സിയന്‍ ഗ്രന്ഥങ്ങള്‍ ചിതറിക്കിടക്കുന്നു. ഫിലോസഫിയും സൈക്കോളജിയും ആന്ത്രോപ്പോളജിയും ചിതറിക്കിടക്കുന്നു. പറിഞ്ഞ പേജുകള്‍ മുറിയിലാകെ പാറിക്കിടക്കുന്നു.
നെഞ്ചുപൊട്ടി മരിച്ചുപോകുമോ എന്നുവരെ അയാള്‍ ശങ്കിച്ചു.
എത്ര കഷ്ടപ്പെട്ടും പട്ടിണി കിടന്നുമാണ് ഈ പുസ്തകങ്ങള്‍ സ്വന്തമാക്കിയത്!
പുസ്തകങ്ങള്‍ക്കു പിറകില്‍ ഏതോ അദൃശ്യശക്തികള്‍ ചരടുവലി നടത്തുന്നതായി അയാള്‍ക്കു തോന്നി.
ഏതെങ്കിലും പുസ്തകപ്രസാദകരായിരിക്കുമോ?
പാവം പൂച്ചയെ ശപിച്ച ഞാനാണ് പടുവിഡ്ഢി. അയാള്‍ സ്വയം കുറ്റപ്പെടുത്തി.
എന്നിട്ടും ആ മുറിയിലെ കലാപത്തെക്കുറിച്ച് യുക്തിക്കുനിരക്കുന്ന ഒരുത്തരവും അയാള്‍ക്ക് കണ്ടെത്താനായില്ല. രഹസ്യം ഏതെങ്കിലും വിധത്തില്‍ അറിയുകതന്നെ.
അന്നുരാത്രി മുറിയടച്ച് ലൈറ്റ് ഓഫ് ചെയ്തു. തലയണക്കടിയില്‍ ഒരു വലിയ കൊടുവാള്‍ ഒളിപ്പിച്ച് അലമാരയിലേക്കു തന്നെ നോക്കിക്കിടന്നു.
ഏറെ കഴിഞ്ഞില്ല. അലമാരയിലാകെ ഒരു ചലനം. ക്രമേണ ആ ചലനം ഒരു കലാപത്തിന്റെ രൂപത്തിലേക്കുമാറി. അലമാരയില്‍നിന്നും പുസ്തകങ്ങള്‍ താഴേക്ക് തെറിച്ചുവീണു. പറിഞ്ഞുപോയ പേജുകള്‍ കൊടുങ്കാറ്റിലെന്നപോലെ മുറി നിറയെ പാറി.
ആദ്യം വീണത് ബൈബിളാണ്. പിന്നാലെ ലാസ്റ് ടെംപ്റ്റേഷന്‍..... ഫ്രോയിഡ്.... പിന്നെ എവിടുന്നെല്ലാമോ പുസ്തകങ്ങള്‍ തെറിച്ചുവീണു.
പെട്ടെന്നാണ് ഒരു കുറുക്കനെപ്പോലെ ആ ആശയം അയാളുടെ തലമണ്ടയ്ക്കകത്ത് കടന്നത്.
അലമാരയിലെ പുസ്തകങ്ങള്‍ സ്വയം അടിപിടികൂടുകയാണ്. എത്രയോ കാലമായി ഉള്ളില്‍ സൂക്ഷിച്ച, വളര്‍ന്നുകൊണ്ടേയിരുന്ന അമര്‍ഷവും പകയും വൈരാഗ്യവും ആശയ സംഘട്ടനങ്ങളും പെട്ടെന്ന് ഒരു കലാപമായി മാറുകയാണുണ്ടായത്.
ബൈബിളും കസാന്‍ദ്സാക്കീസും ഫ്രോയിഡും ഫ്രോമും.... മാര്‍ക്സും ലുക്കാച്ചും... ശിഖയും മല്‍ബറിയും കറന്റും പെലിക്കണും പെന്‍ഗ്വിനും....
സംഭവമോര്‍ത്തോര്‍ത്ത് ആ രാത്രി മുഴുവനുമയാള്‍ ചിരിച്ചു. എന്താണിനിയൊരു പരിഹാരം?
അങ്ങനെ ആലോചിച്ചിരിക്കവേയാണ് എല്ലാ പുസ്തകങ്ങള്‍ക്കും പൊതിയിടാനുള്ള അതിവിദഗ്ധമായ ആശയം അയാളിലുദിച്ചത്.
പരസ്പരം കാണാതിരുന്നാല്‍ മതിയല്ലോ. തിരിച്ചറിയാതിരുന്നാല്‍ മതിയല്ലോ.
നേരം പുലരുമ്പോഴേക്കും എല്ലാ പുസ്തകങ്ങളും പൊതിയിട്ടു കഴിഞ്ഞിരുന്നു. അവ അലമാരയില്‍ അടുക്കി വച്ചു. അന്നു പകല്‍ അയാള്‍ സുഖമായുറങ്ങി. വിശേഷങ്ങളൊന്നുമില്ലാതെ. അലമാരയില്‍ നേരിയ ഒരു ചലനം പോലുമുണ്ടായില്ല.
പക്ഷെ അന്നുരാത്രി അത് സംഭവിച്ചു. ഏറ്റവും ദാരുണമായ സംഭവം.
പൊതികള്‍ക്കുള്ളിലിരുന്ന് പുസ്തകങ്ങളുടെ രോഷം വളര്‍ന്നു. അമര്‍ഷം വല്ലാതെ പുകഞ്ഞു. അങ്ങനെയൊരു നിമിഷം യാതൊരു മുന്നറിയിപ്പും കൂടാതെ എല്ലാ പുസ്തകങ്ങളും ഒരവസാന യുദ്ധത്തിന് തയ്യാറെടുത്തു.
ഇതൊന്നുമറിയാതെ അയാള്‍, പാവം വായനക്കാരന്‍ ഉറങ്ങുകയായിരുന്നു.

6 comments:

  1. അനുഗ്രഹീതമായ തൂലിക പിന്തുടര്‍ന്ന് ദാ ഞാന്‍ ഇവിടെയുമത്തി. യുദ്ധം പുസ്തകങ്ങള്‍ തമ്മിലോ അതൊ വായനക്കാരന്റെ ചിന്തകള്‍ തമ്മിലോ? ഇപ്പോ ഇതു വായിച്ച് ആകെ കണ്‍ഫ്യൂസ്ഡ് ആയിരിക്കുന്നത് ഒരു പാവം വായാക്കാരിയാണ്

    ReplyDelete
  2. ഒരു പക്ഷെ തങ്ങളെ കേവലം പ്രദര്‍ശനവസ്തു മാത്രമാക്കിവച്ച ഉടമസ്ഥനോടുള്ള അവയുടെ അമര്ഷമാകാം !
    ഞാനും കണ്ഫ്യുസ്ട് ആണ് !

    ReplyDelete
  3. എന്നാലും ഭയങ്കരന്മാര്‍ തന്നെ ഈ എഴുത്തുകാര്‍!.പാവം വായനക്കാരനെ സുഖമായുറങ്ങാന്‍ പോലും സമ്മതിക്കില്ല!

    ReplyDelete
  4. പുസ്തകങ്ങല്‍ക്കുള്ളിലെ ആശയങ്ങളും ആദര്‍ശങ്ങളും തമ്മിലടിയ്ക്കുംപോള്‍ വായനക്കാരന് എങ്ങനെ ഉറങ്ങാന്‍ കഴിയും?
    കഥ നന്നായിട്ടുണ്ട് .

    ReplyDelete