Friday, June 12, 2009

കേരളത്തില്‍ ആരാണ് പ്രതിപക്ഷം? പിണറായിയൊ? വി.എസ്സൊ?











സി.പി.എം സംസ്ഥാന സമിതി തയാറാക്കി, കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ സി.പി.എം പോളിറ്റ്ബ്യൂറൊ അംഗവും കേരള മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനങ്ങളാണുള്ളത്. അതില്‍ ചിലത് ഇങ്ങിനെ:
*കഴിഞ്ഞ മാര്‍ച്ച് 23 ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പി.ഡി.പി ബന്ധം സംബന്ധിച്ചെടുത്ത നിലപാടിനെതിരെ വി.എസ് 25ം തിയ്യതി പത്രസമ്മേളനത്തില്‍ ആദ്യ വെടിപൊട്ടിച്ചു. മാത്രവുമല്ല ഭീകരവിരുദ്ധ സ്ക്വാഡ് തലവനെ വിളിച്ച് അബ്ദുന്നാസിര്‍ മഅദനിയെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കി.
*മാര്‍ച്ച് 29ന് ലാവ്ലിന്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ശിക്ഷിക്കപ്പെടുമെന്ന ധ്വനി ജനങ്ങളിലുണ്ടാക്കാനും പാര്‍ട്ടി സെക്രട്ടറി അഴിമതി കേസില്‍ പ്രതിയാണെന്ന് വരുത്തി തീര്‍ക്കാനും ബോധപൂര്‍വം ശ്രമിച്ചു.
* വോട്ടിംഗ് ദിവസം മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
* കാബിനറ്റ് ബ്രീഫിംഗില്‍ എന്തെങ്കിലും വിവാദപരമായ പ്രസ്താവനക്ക് മുഖ്യമന്ത്രി എങ്ങിനെയെങ്കിലും വഴിയുണ്ടാക്കും. കാബിനറ്റ് എടുത്ത തീരുമാനങ്ങളെല്ലാം അപ്രസക്തമാക്കാനും വിവാദങ്ങള്‍ മാത്രം ഉയര്‍ത്താനും ഇത്തരം നടപടികള്‍ കാരണമായി. ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍കൂട്ടി മീഡിയ സിന്റിക്കേറ്റുകാരെ ചട്ടം കെട്ടിയാണ് പത്രസമ്മേളനങ്ങള്‍ നടത്തുന്നത്. കഴിവുകെട്ട ഭരണമെന്ന് ജനങ്ങള്‍ക്കുള്ളില്‍ അവമതിയുണ്ടാകാന്‍ ഇത് കാരണമായി.
* മന്രതിമാരെ പോലും അധിക്ഷേപിക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പരാമര്‍ശങ്ങളുണ്ടായി.
* വന്‍കിട തൊഴില്‍ സാധ്യത സൃഷ്ടിക്കുമായിരുന്ന അഞ്ചിലേറെ പദ്ധതികള്‍ക്ക് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ തടയിടുന്ന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ശോഭഹൈടെക് സിറ്റിയുടെ പദ്ധതിയും ഇതില്‍ പെടും. വിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പു പരാജയത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
* വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം കൃസ്ത്യാനികളെയും പാര്‍ട്ടിക്കെതിരാക്കി.
*തദ്ദേശസ്വയം ഭരണ വകുപ്പ് 30 വര്‍ഷത്തിനു ശേഷം ആദ്യമായി വന്‍ തോതില്‍ വീട്ടു നികുതി വര്‍ധിപ്പിച്ചത് ജനങ്ങളെ ശത്രുക്കളാക്കി. 1000 ച. അടിക്കു മുകളിലുള്ള വീടുകള്‍ക്ക് മഴവെള്ളസംഭരണി നിര്‍ബന്ധമാക്കിയ നടപടിയും ജനങ്ങളുടെ അനിഷ്ടത്തിനു കാരണമായി. ഇത്തരം വിമര്‍ശന വിലയിരുത്തലുകള്‍ക്കു ശേഷം കേരളത്തില്‍ ഇടതുമുന്നണിക്ക് കാര്യമായ വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന ന്യായീകരണവുമുണ്ട്. 9,12,208 വോട്ടുകളാണ് ഇക്കുറി ഐക്യമുന്നണിക്ക് അധികമായി കിട്ടിയത് എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അതേസമയം ബി.ജെ.പിക്ക് 7.5 ലക്ഷം വോട്ട് കുറഞ്ഞുവെന്നും ഇത് യു.ഡി.എഫിനാണ് കിട്ടിയതെന്നും പറയുന്നതില്‍ സംസ്ഥാന കമ്മിറ്റിക്ക് ഒരു സംശയവുമില്ല. ബാക്കിയുള്ള രണ്ട് ലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ് ഇക്കുറി ഇടതുമുന്നണിക്ക് കുറഞ്ഞതെന്ന് സമര്‍ഥിക്കയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ബുദ്ധിജീവികള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു ചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട് റിപ്പോര്‍ട്ടില്‍.
* ജനങ്ങളില്‍ നിന്ന് ഇത്രവലിയ തിരിച്ചടി ഉണ്ടാകുമെന്ന് പാര്‍ട്ടിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.
* തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ഘടകങ്ങള്‍ തയാറാക്കിയ പോസ്റ്റ് പോള്‍ കണക്കുകളും തെറ്റി. ഇത് ഗൌരവമായി പരിശോധിക്കണം. * സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പലെടത്തും പാളിച്ച പറ്റി.
* മന്ത്രിമാരുടെ മക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി.
* പാര്‍ട്ടിയുടെ മീഡിയ മാനേജ്മെന്റ് പരാജയപ്പെട്ടു.
* കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളിലെ പരാജയങ്ങളെ കുറിച്ച് പ്രത്യേക പരിശോധന നടത്തണം.
ഇത്രയും വായിച്ചു കഴിഞ്ഞ ശേഷം നിങ്ങള്‍ പറയുക.
*സി.പി.എം എന്ന പാര്‍ട്ടിയില്‍ തന്നെയാണൊ പി.ബി അംഗമായ വി.എസ് അച്യുതാനദന്‍?
*സി.പി.എം സംസ്ഥാന കമ്മിറ്റി എന്നാല്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ ശത്രുപക്ഷത്താണൊ?
* കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷം ആരാണ്?
സി.പി.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ലെ?
അല്ലെന്നു പറയാന്‍ ആര്‍ക്ക് എങ്ങിനെ കഴിയും!

2 comments:

  1. *സി.പി.എം എന്ന പാര്‍ട്ടിയില്‍ തന്നെയാണൊ പി.ബി അംഗമായ വി.എസ് അച്യുതാനദന്‍?
    *സി.പി.എം സംസ്ഥാന കമ്മിറ്റി എന്നാല്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ ശത്രുപക്ഷത്താണൊ?
    * കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷം ആരാണ്?
    സി.പി.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ലെ?

    അല്ലെന്നു പറയാന്‍ ആര്‍ക്ക് എങ്ങിനെ കഴിയും!

    മൊയ്തു അത് പറഞ്ഞിരിക്കുന്നു.നന്നായി.

    ReplyDelete
  2. ഭരിക്കുന്ന കുറച്ചുപേരൊഴിച്ച് മറ്റുള്ളവരെല്ലാം എന്നും പ്രതിപക്ഷത്തുതന്നെ !
    പാര്‍ട്ടിയിലായാലും,ഗവണ്മെന്റിലായാലും.

    ReplyDelete