Monday, June 8, 2009

കെട്ട്യോളെ തല്ലാന്‍ എന്തു രസം!




കെട്ട്യോളെ തല്ലാത്തവര്‍ ചുരുക്കം. വളരെ വളരെ ചുരുക്കം. അതവരുടെ അവകാശമാണെന്ന അന്ധമായ,
ഉറച്ച വിശ്വാസത്തിലാണവര്‍. കേരളീയ സമൂഹത്തില്‍ വര്‍ഷങ്ങളായി വേരുറച്ച ഒരു വിശ്വാസം.
ഇതിനെ വേരോടെ പിഴുതെടുക്കുക എളുപ്പമല്ല. ചിലപ്പോള്‍ സാധ്യമേയല്ല. സാമ്പത്തിക ഭദ്രത ഉണ്ടായതുകൊണ്ടോ, നിയമങ്ങള്‍ കര്‍ശനമാക്കിയതു കൊണ്ടോ, വര്‍ഗപരമായ അസന്തുലിതാവസ്ഥ ഇല്ലാതായാലോ, വിദ്യാഭ്യസവും തൊഴിലും ഉണ്ടായതു കൊണ്ടോ ഈ പ്രശ്നം ഇല്ലാതാകില്ല.
ഭാര്യയെ ശാരീരികമായൊ, മാനസികമായൊ, സാമ്പത്തികമായൊ പീഡിപ്പിക്കുന്നത് കടുത്ത കുറ്റമായി പ്രഖ്യാപിച്ച ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമ്പോളാണ് ഇങ്ങിനെയൊക്കെ നമ്മുടെയിടയില്‍ നടക്കുന്നത്. സ്ത്രീകളില്‍ നിന്നു തന്നെയാണ് ഇതിനെതിരില്‍ കാര്യമായ ചെറുത്തു നില്‍പുകള്‍ ഉണ്ടാകേണ്ടത്. മാന്യതയുടെ പേരില്‍ എല്ലാ മര്‍ദനങ്ങളും സഹിച്ച് ആരെയുമറിയിക്കാതെ സമൂഹത്തിനു മുമ്പില്‍
ഭര്‍ത്താവിന്റെ മഹത്വം വിളമ്പുന്ന ഭാര്യമാര്‍ അതവസാനിപ്പിക്കുക തന്നെ വേണം.



കെട്ട്യോളെ തല്ലാന്‍ എന്തു രസം? ആരും ചോദിക്കില്ല. പറയുകയുമില്ല. കെട്ട്യോള്‍ പോലും.
അയല്‍ക്കാരാരെങ്കിലും ബഹളം കേട്ട് വന്നു ചോദിച്ചാല്‍ ' എന്റെ കേട്ട്യോളെ ഞാന്‍ തല്ലും.
നീയാരാ ചോദിക്കാന്‍' എന്നാകും കെട്ട്യോന്റെ പ്രതികരണം. ചിലപ്പോള്‍ കെട്ട്യോളുടെയും.
അയല്‍ക്കാരന്‍ വീണ്ടും മുന്നോട്ടു വെച്ചാല്‍ അടുത്ത ചോദ്യം കെട്ട്യോളോടാകും. നിന്റെ ആരാണ്‍ടീ അവന്‍? അവനുമായി നിനക്കെന്താ ബന്ധം? അതുകൂടി കേട്ടാല്‍ അയല്‍ക്കാരന്‍ താനേ ഇറങ്ങി പോകും.
ഇത് അത്രയൊന്നും അപൂര്‍വമല്ലാത്ത കേരള കാഴ്ച.
കെട്ട്യോളെ തല്ലുന്നതിന് ആണുങ്ങള്‍ക്ക് അവരുടെതായ രീതികളുണ്ട്.
തലമുടിയില്‍ പിടിച്ച് സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു വലി സര്‍വ സാധാരണം. തല ചുമരിലൊ,
കട്ടിലിലൊ, ഷെല്‍ഫിലൊ ചെന്നിടിക്കും. മിക്കവാറും ഗുരുതരമാകും പരിക്ക്. ചോരയൊലിക്കും വിധം
ഒരു മുറിവിന് സാധ്യത വളരെ കൂടുതല്‍. അതിനാല്‍ സാധാരണ ഗതിയില്‍ ഭര്‍ത്താവിന്റെ അന്നത്തെ
വീരപരാക്രമം അവിടെ അവസാനിക്കും. മുറിവൊന്നും പറ്റിയില്ലെങ്കില്‍ എഴുന്നേറ്റു വരുന്നവള്‍ക്ക്
നീണ്ടു നിവര്‍ന്നൊരു തൊഴിക്ക് സാധ്യതയുണ്ട്. മിക്കവാറും അതവളുടെ അടിവയറ്റില്‍ തന്നെ കൊള്ളും. ശ്വാസംമുട്ടി നിലത്തിരുന്നു പോകും. തോറ്റു തോപ്പിയിട്ട് ഒരു നിലവിളിയില്‍ തുടങ്ങി ഏറെ നേരത്തെ മോങ്ങലിലേക്ക് രംഗം പതുക്കെ ശാന്തമാകും. അത്രയൊന്നുമായില്ലെങ്കില്‍ മുഖമടച്ചൊരടി.
കവിളിലൊ, കണ്ണും കാതും ചേര്‍ത്തോ. അവളുടെ 'ഞാന്‍' എന്ന വികാരം പൂര്‍ണമായും
പപ്പടം പൊടിക്കുകയാണ് ആവന്റെ ലക്ഷ്യം. കലാപരിപാടിയുടെ തുടര്‍ച്ച അവളുടെ പ്രതികരണമനുസരിച്ചിരിക്കും. കണ്ണീരിന്റെ ടാപ്പ് തുറന്നിട്ട് വിതുമ്പലും തേങ്ങലുമായി മുറി
വിട്ടു പോകയൊ, നിലത്തിരുന്നോ കിടന്നോ മനം മുറിഞ്ഞ് കരയുകയൊ ചെയ്താല്‍ മിക്കവാറും
കെട്ട്യോന്റെ കലിയടങ്ങും. അപൂര്‍വത്തില്‍ അപൂര്‍വം ചില തലതെറിച്ച പെണ്ണുങ്ങള്‍ കെട്ട്യോനെ ചോദ്യം ചെയ്തെന്നു വരും. ചോദ്യം ചെയ്താല്‍ അനുഭവം കടുത്തതാകും. സഹികെട്ടപ്പോള്‍ കെട്ട്യോനെ
തിരിച്ചു തല്ലിയ ഒരു കൂട്ടുകാരിയെ എനിക്കറിയാം. ആളൊരു അധ്യാപിക. ഭര്‍ത്താവ് അധ്യാപകനും.
രണ്ടു പേരും പുരോഗമന ചിന്താഗതിക്കാര്‍. പുരോഗമന പ്രസ്ഥാന പ്രവര്‍ത്തകര്‍. പറഞ്ഞിട്ടെന്താ?
കെട്ട്യോന് കലിവന്നാല്‍ പിന്നെ പുരോഗമനമൊന്നുമില്ല. തലമുടി പിടിച്ചു വലിച്ചപ്പോള്‍ ടീച്ചറുടെ
തലയും മുഖവും ചെന്നിടിച്ചത് കട്ടിലിന്റെ കോണില്‍. കുറച്ചു നേരം ഒന്നും ഓര്‍മയില്ലാത്ത
അവസ്ഥയിലായി. പിന്നെ എഴുന്നേറ്റു വന്നപ്പോള്‍ ആണ്‍സിങ്കം തെറിവാക്കുകളുമായി കൈവീശി
അടുത്തു വന്നു. സര്‍വ ശക്തിയുമെടുത്ത് തിരിച്ചൊന്നു കൊടുത്തു. മുഖമടക്കിത്തന്നെ. ആണായവന്‍
പക്ഷെ കറങ്ങി വീണു പോയി. എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുന്നതിനിടയില്‍ പെട്ടെന്ന്
പുരുഷത്തം ചാടിയെണീറ്റു. നിന്ന നില്‍പിന് കാലു വീശിയൊന്നു കൊടുത്തു. കെട്ട്യോളുടെ
അടിവയറ്റില്‍ തന്നെ കൃത്യമായി കൊണ്ടു. അവള്‍ ചുരുണ്ട് വീണ് താഴെ കിടന്നു.
അന്നത് അങ്ങിനെ അവസാനിച്ചു. കുറെ ദിവസം ചീര്‍ത്ത മുഖവുമായാണ് ടീച്ചര്‍ സ്കൂളില്‍ പോയത്. ചോദിക്കുന്നവരോടെല്ലാം മറ്റെന്തോ കാരണം പറഞ്ഞു.
അടിപിടി തെരുവിലും ജോലി സ്ഥലത്തും വിപുലീകരിച്ച ചിലരുണ്ട്. ഭാര്യയും ഭര്‍ത്താവും
ഒരേ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കാര്‍. കവികള്‍. വിപ്ളവകാരികള്‍.
മദ്യപിച്ച് എന്നും അടിപിടി തുടര്‍ന്നപ്പോള്‍ ഭാര്യ മക്കളെയും വിളിച്ച് വീട് വിട്ടിറങ്ങി.
ഒരുവാടക വീട്ടിലായി താമസം. ഭര്‍ത്താവ് സ്വന്തം വീട്ടില്‍ ഒറ്റയ്ക്കും.
ഇരുവരും ചേര്‍ന്ന് ലക്ഷങ്ങള്‍ ലോണെടുത്താണ് പുതിയ വീട് പണിതത്.
പക്ഷെ ലോണിന്റെ തിരിച്ചടവിന്റെ ഉത്തരവാദിത്തം ഭാര്യക്കുമാത്രം.
എന്നിട്ടും വീട് ഭര്‍ത്താവിനെ ഏല്‍പിച്ച് ഭാര്യ വാടക വീട്ടിലേക്കു മാറുകയായിരുന്നു.
മദ്യം തലക്കു പിടിച്ചാല്‍ അയാള്‍ വാടക വീട്ടിലെത്തി ബഹളം വെക്കും.
വാതില്‍ തുറന്ന് പുറത്തു വന്നാല്‍ കൊടുക്കാനുള്ളതെല്ലാം ഒന്നിച്ചു കൊടുക്കും.
അതിനാല്‍ എന്തു സംഭവിച്ചാലും ഭാര്യ വാതില്‍ തുറക്കില്ല.
അപ്പോള്‍ കെട്ട്യോന്റെ പൌരുഷത്തിന് ശക്തി കൂടും.
ബഹളവും വാതിലില്‍ തൊഴിയും പാതിരാവരെ തുടരും.
എപ്പോഴോ ബോധം കെട്ട് വാതിലിനു പുറത്തു തന്നെ ഉറങ്ങിപ്പോകും.
രാവിലെ ഒന്നും പറയാതെ എണീറ്റു പോകും. വീട്ടില്‍നിന്നുള്ള തല്ല് അസാധ്യമായതോടെ
അങ്ങേര്‍ തെരുവിലോ ഓഫീസിലോ ആണ് ഭാര്യയെ തല്ലാന്‍ സൌകര്യം കണ്ടെത്തുക.
ഉച്ച ഭക്ഷണം കഴിഞ്ഞ് ഓഫീസിലിരിക്കുമ്പോഴോ മക്കളെയും കൂട്ടി ഓട്ടോയില്‍ വീട്ടിലേക്കു
പോകുമ്പോഴോ ആയിരിക്കും ഭര്‍ത്താവിന്റെ മുമ്പില്‍ പെടുക.
അപ്പോള്‍ തന്നെ കിട്ടും മുഖത്ത് ആഞ്ഞൊരടി. ഒന്നും പറയാതെ ഒന്നും സംഭവിക്കാത്ത പോലെ
കെട്ട്യോന്‍ തിരിച്ചു നടന്നു പോകും. ഇതും എന്റെ കൂട്ടുകാര്‍ തന്നെ!

കെട്ട്യോളെ പാഠം പഠിപ്പിക്കാന്‍ ചട്ടുകം പഴുപ്പിച്ച് അവളുടെ ശരീരത്തില്‍ പൊള്ളിക്കുന്ന
ഭര്‍ത്താക്കന്മാരുമുണ്ട്. പുറം ലോകം അറിയാതിരിക്കാന്‍ പുറത്തുകാണാത്ത ശരീരഭാഗങ്ങളിലാണ് പൊള്ളിക്കുക. ഇങ്ങനെ നിരവധി തവണ പൊള്ളലേറ്റെന്ന് പറയുന്ന ഒരു സ്ത്രീ സുഹൃത്തിനെ
എനിക്കറിയാം. എന്തുകൊണ്ടാണ് ഞാന്‍ പരിചയപ്പെടുന്ന സ്ത്രീകളിലധികവും
ഇങ്ങിനെ പീഡനം സഹിച്ചവരോ സഹിക്കുന്നവരോ ആകുന്നതെന്ന് എനിക്കറിയില്ല.
ഒരുപക്ഷെ ഒരുപാടു സ്ത്രീകള്‍ ഇത്തരം അനുഭവങ്ങള്‍ മനസില്‍ സഹിച്ച്
സമൂഹത്തിനു മുമ്പില്‍ മാന്യത നടിക്കുന്നുണ്ടാകണം.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറൊയുടെ ചില കണക്കുകള്‍ ഇങ്ങിനെ:

* ഭര്‍ത്താവും ബന്ധുക്കളും ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചതിന് കഴിഞ്ഞ കൊല്ലം 63128 കേസെടുത്തു.
* ലൈംഗിക പീഡനത്തിന് 9966 കേസുകളെടുത്തു.



2 comments:

  1. സ്ത്രീകളില്‍ നിന്നു തന്നെയാണ് ഇതിനെതിരില്‍ കാര്യമായ ചെറുത്തു നില്‍പുകള്‍ ഉണ്ടാകേണ്ടത്. മാന്യതയുടെ പേരില്‍ എല്ലാ മര്‍ദനങ്ങളും സഹിച്ച് ആരെയുമറിയിക്കാതെ സമൂഹത്തിനു മുമ്പില്‍
    ഭര്‍ത്താവിന്റെ മഹത്വം വിളമ്പുന്ന ഭാര്യമാര്‍ അതവസാനിപ്പിക്കുക തന്നെ വേണം.

    ReplyDelete
  2. itharatthil perumaarunna kettyonmaarokke madyapaanikalalle?

    ReplyDelete