Wednesday, June 3, 2009

മാധവിക്കുട്ടിയുടെ ഖബറടക്കവും യുക്തിവാദികളും



'മാധവിക്കുട്ടി സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണ്. അവരെ ഒരുമതവിഭാഗത്തിന്റെ മതില്‍കെട്ടിനുള്ളില്‍ സംസ്കരിക്കുന്നത് ശരിയല്ല.' ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുല്‍ അലിയുടെതാണ് പ്രസ്താവന. കൊല്ലത്തു നിന്നുള്ള പ്രസ്താവന 'ദേശാഭിമാനി' ജനറല്‍പേജില്‍ തന്നെ നല്‍കുകയും ചെയ്തു (മെയ് 2). മാധവിക്കുട്ടി പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമിക്ക് സംഭാവന നല്‍കിയ സ്ഥലത്ത് അവരുടെ വിശ്വാസ ആചാര പ്രകാരം സംസ്കരിക്കണം. പള്ളിയില്‍ സംസ്കരിച്ചാല്‍ അവര്‍ക്ക് ഒരു സ്മാരകമുണ്ടാക്കാനൊ, അവരുടെ കുടീരം സന്ദര്‍ശിക്കാനൊ കഴിയാതെ വരും. അതിനാല്‍ അവരുടെ മക്കള്‍ പ്രസ്തുത തീരുമാനം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. മാധവിക്കുട്ടിയെന്നും കമലാദാസ് എന്നും അവസാനകാലത്ത് കമല സുറയ്യ എന്നുമുള്ള പേരുകളില്‍ ലോകം അറിഞ്ഞ എഴുത്തുകാരിയും സ്നേഹത്തിന്റെയും നന്മയുടെയും മഹാമരവുമായിരുന്ന ഒരാളെ കുറിച്ച് യുക്തിവാദി സംഘടനക്ക് എന്തും പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അവരുടെ ഭൌതിക ശരീരം സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണെന്ന് പറയാന്‍ എന്താണധികാരം? അവരുടെ കൃതികളെ കുറിച്ച് സാഹിത്യ പ്രേമികള്‍ക്കൊ ആസ്വാദകര്‍ക്കൊ യുക്തിവാദികള്‍ക്കൊ എന്തും പറയാം. മരണശേഷം അവരുടെ ഭൌതിക ശരീരത്തിന് അവകാശമുന്നയിക്കാന്‍ യുക്തി വാദികള്‍ക്കെന്നല്ല ആര്‍ക്കും അവകാശമുണ്ടെന്ന് തോന്നുന്നില്ല. തോന്നുന്നുവെങ്കില്‍ അത് കേവല യുക്തിയുടെ അജ്ഞത കൊണ്ടു മാത്രമാകണം. സാഹിത്യത്തെ അംഗീകരിക്കുന്നതിനു പകരം വ്യക്തികളെ ആഘോഷപൂവം അവതരിപ്പിക്കുകയും തലയലലേറ്റി നടക്കുകയും ചെയ്യുന്ന 'വര്‍ത്തമാന രോഗാതുരാവസ്ഥക്ക് യുക്തിവാദികളും തലവെച്ചു കൊടുക്കുന്നു എന്നു വേണം കരുതാന്‍.

മാധവിക്കുട്ടി യുക്തിവാദിയായിരുന്നു എങ്കില്‍ ഈ പറയുന്നതിന് ചെറിയ ഒരു ന്യായീകരണമെങ്കിലുമുണ്ടെന്ന് പറയാനാകും. എന്നാല്‍ അവര്‍ ഒരിക്കലും യുക്തി വാദിയായിരുന്നില്ല എന്നതിന് അവരുടെ കൃതികള്‍ തന്നെ തെളിവ്. സ്നേഹത്തെയും ബന്ധങ്ങളെയും മാത്രമല്ല ജീവിതത്തെയും വളരെ വൈകാരികമായി കാണുകയും വൈകാരികമായി തന്നെ അവയോട് പ്രതികരിക്കുകയും ചെയ്ത ഒരാളായിരുന്നു മാധവിക്കുട്ടി. അവരുടെ കൃതികളോടൊപ്പം ജീവിതവും മതം മാറ്റവുമെല്ലാം ഇതിനു തെളിവാണ്. എന്നിട്ടും യുക്തിവാദികള്‍ അവകാശവാദമുന്നയിക്കുന്നത് ശരിയുടെ ഏതു തലത്തില്‍ നിന്നാണെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പൊതു സ്ഥലത്ത് അവരെ സംസ്കരിക്കണമെന്നും അവര്‍ക്ക് സ്മാരകമുണ്ടാക്കണമെന്നും യുക്തിവാദികള്‍ക്ക് തോന്നാം. അത് അവരുടെ മൃതദേഹം കിടക്കുന്ന ഭൂമിയില്‍ തന്നെ വേണമെന്ന് ഒരു യുക്തിവാദി ആവശ്യപ്പെട്ടുകൂടാത്തതാണ്. അവര്‍ക്ക് എവിടെ വേണമെങ്കിലും മാധവിക്കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ യഥേഷ്ടം ഒരു സ്മാരകം പണിയാവുന്നതാണ്. അല്ലെങ്കില്‍ ശവക്കുഴികളും ശവക്കല്ലറകളും ആരാധന കേന്ദ്രമാക്കുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ മാനസികാവസ്ഥതന്നെ യുക്തിവാദികള്‍ക്കും എന്നു കരുതേണ്ടി വരും. അവരുടെ ശവകുടീരം സന്ദര്‍ശിക്കാണമെന്ന് യുക്തി വാദികള്‍ക്ക് തോന്നുന്നതിലെ യുക്തി രാഹിത്യം ആര്‍ക്കെങ്കിലും മനസിലാകുമെന്നും തോന്നുന്നില്ല. ഖബറിടങ്ങളും, ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നതും അതിലൂടെ മനസമാധാനം തേടുന്നതും എന്നുമുതലാണ് യുക്തിവാദികളുടെ ദിനചര്യയായത്?

അമ്മയെ ഹിന്ദുവോ ഇസ്ലാമൊ എന്നു നോക്കാതെ അവരുടെ ആഗ്രഹത്തിനൊത്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരാനും തിരുവനന്തപുരത്തെ പാളയം പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കാനും വിശാല മനസ്കത കാട്ടിയ അവരുടെ മക്കളുടെ മഹത്വത്തെ അംഗീകരിക്കാന്‍ യുക്തി വാദികള്‍എന്നാണ് വളരുക. ഇന്ത്യയിലെ ഹിന്ദുത്വ വാദ സംഘടനകള്‍ പോലും ആവശ്യപ്പെടാന്‍ തയാറാകാത്ത ഒരാവശ്യം യുക്തിവാദികള്‍ ദേശാഭിമാനി പോലൊരു പത്രത്തിലൂടെ മുന്നോട്ടു വെച്ചതില്‍ നിന്ന് യുക്തിവാദിയുടെ ഉള്ളിന്റെയുള്ളില്‍ 'കുടികൊള്ളുന്ന' വര്‍ഗീയതയാണ് പുറത്തു ചാടിയതെന്ന് ആക്ഷേപിക്കുന്നവരെ കുറ്റം പറയാനാകുമൊ?

മാതാവിന്റെ മയ്യിത്ത് നമസ്കാരത്തിന് മുസ്ലിം പള്ളിയില്‍ മതപുരോഹിതരോടും സാധാരണ മുസ്ലിം വിശ്വാസികളോടുമൊപ്പം മുന്‍നിരയില്‍ നിന്ന അവരുടെ ഇസ്ലാം അല്ലാത്ത മക്കളെയും അവര്‍ക്ക് അതിന് അനുമതി നല്‍കിയ പള്ളിഭാരവാഹികളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ അഭിനന്ദിക്കുകയായിരുന്നില്ലേ മതേതരവിശ്വാസികളായ യുക്തിവാദികള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റൊരു സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കില്‍ ഇത് ഇങ്ങിനെയൊക്കെ തന്നെ ആകുമായിരുന്നോ? എന്നു കൂടി ആലോചിക്കാവുന്നതാണ്. അമുസ്ലിങ്ങള്‍ കയറിയാല്‍ പള്ളി അശുദ്ധമാകുമെന്ന് കരുതുന്ന നിരവധി വിശ്വാസികളുള്ള നാട്ടിലാണ് നാം ജീവിക്കുന്നതെന്നും ഓര്‍ക്കുക.

6 comments:

  1. ഇന്ത്യയിലെ ഹിന്ദുത്വ വാദ സംഘടനകള്‍ പോലും ആവശ്യപ്പെടാന്‍ തയാറാകാത്ത ഒരാവശ്യം യുക്തിവാദികള്‍ ദേശാഭിമാനി പോലൊരു പത്രത്തിലൂടെ മുന്നോട്ടു വെച്ചതില്‍ നിന്ന് യുക്തിവാദിയുടെ ഉള്ളിന്റെയുള്ളില്‍ 'കുടികൊള്ളുന്ന' വര്‍ഗീയതയാണ് പുറത്തു ചാടിയതെന്ന് ആക്ഷേപിക്കുന്നവരെ കുറ്റം പറയാനാകുമൊ?

    ReplyDelete
  2. മാധ്യമത്തില്‍ രാവിലെ വായിച്ചിരുന്നു. നല്ല നിരീക്ഷണം...

    ReplyDelete
  3. മൊയ്‌തു ഉണര്‍വ്വിലേക്ക്‌ വരുന്നതില്‍ വലിയ സന്തോഷം. നിങ്ങളുടെ നിരീക്ഷണം കൂടുതല്‍ പേരിലേക്ക്‌ വ്യാപിക്കട്ടെ. ഇത്തരം ഇടപെടലുകള്‍ സജീവമാകേണ്ടതുണ്ട്‌. കുറച്ചുകാലമായി ഇടപെടലുകള്‍ ആവശ്യമില്ലെന്ന്‌ ശഠിച്ചുകൊണ്ടിരിക്കുന്ന ചിന്താ മലിനീകരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അത്‌ തകര്‍ക്കാന്‍ മാധവിക്കുട്ടിക്ക്‌- കമലാ സുറയ്യയുടെ മരണത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ മുന്നേറ്റം ഏറ്റെടുക്കേണ്ടതുണ്ട്‌.

    ReplyDelete
  4. നല്ല നിരീക്ഷണം. യുക്തിവാദികളില്‍ നിന്ന് മണ്ടത്തരങ്ങള്‍ കേള്‍ക്കുന്നത് അല്‍ഭുതപ്പെടേണ്ട കാര്യമല്ലെങ്കിലും ഇതിന്‌ മണ്ടത്തരത്തിലപ്പുറം മാനങ്ങളുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു താങ്കള്‍

    -ശിഹാബ് മൊഗ്രാല്‍-

    ReplyDelete
  5. മാധവിക്കുട്ടി മരിച്ചതാണോ മയ്യത്തായതാണോ എന്നു ശങ്കിക്കുന്നവരുടെ കൂടെ തീർച്ചയായും ഞാനില്ല. മരിച്ച ദേഹത്തിന്റെ
    യുക്തി അതിനു ജീവനില്ല എന്നതു മാത്രം. അതിനെ വേണമെങ്കിൽ
    ചക്കിലിട്ടു ആട്ടാം എന്നു പണ്ട് ശ്രീനാരായനണ ഗുരു പറഞ്ഞിട്ടുണ്ട്.
    സംസ്കരിച്ചില്ലെങ്കിൽ നാറുന്ന ഒന്നിനെക്കുറിച്ച് ഇതിലും വലിയ യുക്തിവാദം വേറെയില്ലല്ലോ.
    നമുക്ക് മാധവിക്കുട്ടിയെക്കുറിച്ച് സംസാരിക്കാം. അവരുടെ
    ശവത്തെ വെറുതെ വിടാം.

    ReplyDelete