Sunday, January 29, 2012

മരുന്ന്പരീക്ഷണത്തിനെതിരെ ഗ്രാമീണര്‍


മരുന്ന്പരീക്ഷണത്തിനെതിരെ ഗ്രാമീണര്‍


ഗിനി പന്നികളെ പോലെ മനുഷ്യരെ മരുന്നു പരീക്ഷണത്തിന് വിധേയമാക്കുന്നത് തുടരുകയാണ്. അറിവില്ലായ്മയും പട്ടിണയും ചൂഷണം ചെയ്ത് പരീക്ഷണങ്ങള്‍ക്ക് ഇരകളെ പിടിച്ച് നല്‍കാന്‍ ഏജന്‍റുമാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ വലയിലാക്കുകയും ചെയ്തിട്ടുണ്ട്. വിശപ്പ് മാറ്റാന്‍ ശരീരത്തെ വിട്ട് കൊടുത്ത് വിശപ്പ് മാറും മുമ്പ് തന്നെ പരലോകം പൂകൂന്നവര്‍ ഏറെയാണ്.
 തങ്ങളെ മരുന്ന് പരീക്ഷണത്തിനിരയാക്കിയവര്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കയാണ് വാറങ്കലിലെ ഗ്രാമീണര്‍. മരുന്ന് പരീക്ഷണത്തന് വിധേയയായ 55കാരി മരിച്ചതാണ് ഗ്രാമീണരെ പ്രേരിപ്പിച്ചത്. മരിച്ചയാളുടെ മൃതദേഹവുമായാണ് അവര്‍ സമരം ചെയ്യുന്നത്.
പാവപ്പെട്ടവരും അന്തിപട്ടിണിക്കാരുമായ ഗ്രാമീണരെ ദീര്‍ഘകാലമായി മരുന്നു പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ആക്സിസ് ക്ളിനിക്കല്‍ ലാബ് എന്ന സ്ഥാപനമാണ് സംഭവത്തിലെ പ്രതി. ചിലുക്കമ്മയെന്ന സ്ത്രീ മരിച്ചതോടെയാണ് ഗ്രാമീണര്‍ വസ്തുത തിരിച്ചറിഞ്ഞത്. പ്രസവ സംബന്ധമായ മരുന്ന് പരീക്ഷണമാണ് ഇവരില്‍ നടത്തിയിരുന്നത്.
2010 ജൂണില്‍ ചിലുക്കമ്മ ഉള്‍പെടെ 10 പേരില്‍  ആദ്യ ഘട്ട മരുന്നു പരീക്ഷണം നടത്തി. 10 ദിവസത്തോളം ലാബ് അധികൃതര്‍ ഒരുക്കിയ സ്ഥലങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിത്. ഈ ദിവസങ്ങളില്‍ വിവിധ മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിന് ശേഷം  ഇവരെ അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു.
ചിലുക്കമ്മയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഫാര്‍മസി ബോര്‍ഡ് അവരെ പരിശോധിക്കാനെത്തിയിരുന്നു. ആക്സിസ് ലാബ് അവരില്‍ നടത്തിയ പരിക്ഷണങ്ങളെ കുറിച്ച് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പരീക്ഷണത്തിന് വിധേയരായ രങ്കമ്മ, രത്നമ്മ എന്നിവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. 8500 രൂപയാണ് ലാബ്് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സംഖ്യ ഇവര്‍ക്ക് ഇതു വരെ ലഭിച്ചിട്ടില്ല.
നേരത്തേയും ആക്സിസ് ലാബിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെര്‍വിക്കല്‍ കാന്‍സറിനുള്ള എച്ച്.പി.വി വാക്സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ മരിച്ചിരുന്നു

madhyamam daily 30.01.12

No comments:

Post a Comment