Wednesday, December 7, 2011

മുല്ലപ്പെരിയാര്‍- അരിയും തിന്ന് ആശാരിയെയും കടിച്ച്





മുല്ലപ്പെരിയാറില്‍ ഈ കേരള രാഷ്ട്രീയക്കാര്‍ക്ക് എന്താണ് ഇത്രയും കാലമില്ലാത്ത താല്‍പര്യം. ആയിരത്തിലധികം ദിവസമായി അവിടെ ഒരു സമരം തുടരുന്നു. മുല്ലപ്പെരിയാര്‍ തകരാന്‍ പോകുന്നു എന്നവര്‍ നിലവിളിക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ പലതു കഴിഞ്ഞു. ആര്യാടന്റെയും മറ്റും ഭാഷയില്‍ പറഞ്ഞാല്‍ വികസന വിരോധികള്‍. അണക്കെട്ട് പൊളിക്കാന്‍ പറയുന്നവര്‍. അന്നൊന്നും തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാര്‍ക്ക് പെട്ടെന്നെന്താണ് മുല്ലപ്പെരിയാറില്‍ അമിത താല്‍പര്യമുദിച്ചത്? പിറവം തെരഞ്ഞെടുപ്പു മാത്രമല്ല കാരണം എന്നുറപ്പ്. ഭൂകമ്പമാണെങ്കില്‍ അതും തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. പിന്നെന്ത്? അവസാനത്തെ ഭൂകമ്പ പ്രവചനവും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപനവും കഴിഞ്ഞതോടെ ഉറക്കമില്ലാതായ നാട്ടുകാര്‍ അടുത്ത ദിവസം ഭുകമ്പമുണ്ടായതോടെ ജീവിക്കാനും ആത്മഹത്യ ചെയ്യാനുമാവാതെ തെരുവിലിറങ്ങി. അവരുടെ പ്രതികരണമാണ് മന്ത്രി ജോസഫിലൂടെ നാം കേട്ടത്. മാണിക്കും നില്‍ക്കക്കള്ളിയില്ലാതായി. ഇരുവരും സമരരംഗത്തിറങ്ങിയപ്പോള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും നില്‍ക്കക്കള്ളിയില്ലാതായി. അവരും രംഗത്തിറങ്ങി. സമരത്തിന്സമരം. നിരാഹാരത്തിന് നിരാഹാരം. പ്രഖ്യാപനങ്ങള്‍. പ്രസ്താവനകള്‍. കോടതി. കേസ്. ദല്‍ഹിയാത്ര. ഒറ്റക്കും കൂട്ടായും പ്രധാനമന്ത്രി മുതലുള്ളവരുടെ കാലുകഴുകല്‍. എല്ലാം കഴിഞ്ഞ് എന്തു നേടിയെന്നു പറയാന്‍ ആര്‍ക്കും ഒന്നുമില്ല.
ഈ സമരം എങ്ങിനെ  പൊളിക്കാമെന്നാണോ ഇപ്പോള്‍ ഇവരുടെ ആലോചന? അങ്ങിനെ തോന്നിപ്പോവുക സ്വാഭാവികം. ഡാം കയ്യേറി സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സമരം കണ്ടപ്പോള്‍ തന്നെ ആ സംശയം ഉയര്‍ന്നിരുന്നിരുന്നു. എ.ജി പ്രശ്നം കൈകാര്യം ചെയ്തതു കൂടി കണ്ടു കഴിഞ്ഞ നാം ഇനി എന്തു കരുതണം. എന്തു വിശ്വസിക്കണം.
ഒരുനാട്ടില്‍ വാളുപോലെ മരണം തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ നമുക്ക് അവരോട് ഒപ്പം നില്‍ക്കാന്‍ ഒപ്പം മരിക്കാന്‍ എന്തു ചെയ്യാനാകും..

No comments:

Post a Comment