Sunday, November 13, 2011

ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ മറന്ന് മദ്യമുതലാളിയെ സഹായിക്കാന്‍ ഭരണകൂടം





കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ സഹായിക്കാന്‍ എല്ലാ വഴികളും തേടുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. വിദര്‍ഭയിലെയോ വയനാട്ടിലെയോ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഒരുവാക്കും പറയാത്ത മന്‍മോഹനും വയലാര്‍ രവിയുമെല്ലാം ഇന്ത്യയിലെ ഏറ്റവും വലിയ മദ്യമുതലാളിയെ സഹായിക്കാന്‍ എല്ലാം മറന്നൊന്നാകുന്ന സാഹചര്യം.
കിങ്ഫിഷറിനെ സഹായിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടാന്‍ ഇന്ത്യയിലെത്തിയ ഉടനെ വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി ചര്‍ച്ച നടത്തുമെന്ന് മാലദ്വീപില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ വെച്ച് മന്‍മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു എന്നാണ് വാര്‍ത്ത.
ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് എന്ന പേരില്‍ ലോകരാജ്യങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും ഇത്തരം ഭരണ താല്‍പര്യങ്ങള്‍ക്കെതിരാണ്. 99 ശതമാനം വരുന്ന സാധാരണ ജനതക്കുമേല്‍ കനത്ത നികുതി അടിച്ചേല്‍പിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സര്‍ക്കാരുകള്‍ ഒരുശതമാനം മാത്രം വരുന്ന കുത്തക കോര്‍പറേറ്റ് മുതലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ മടിക്കുന്നില്ല എന്നതാണ് ഇവരുടെ മുദ്രാവക്യം. ഇന്ത്യയിലും ഇതുതന്നെയാണ് പരസ്യമായും രഹസ്യമായും നടന്നു വരുന്നത്. ടുജി അഴിമതികേസിലും മറ്റും മറനീക്കി പുറത്തുവന്നിരിക്കുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്. മഹാഭൂരിപക്ഷത്തെ പിഴിഞ്ഞ് വളരെ ചെറിയ ഒരു ഭൂരിപക്ഷത്തിന് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള അവസരമുണ്ടാക്കും വിധം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം ചൂഷണം ചെയ്യുന്നു എന്നതാണ് ഇന്ത്യയിലും നാം കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ. ഇത് മറികടക്കാനായില്ലെങ്കില്‍ ഭാവിയില്‍ പിടിച്ചടക്കല്‍ സമരങ്ങള്‍ ഇന്ത്യയിലും വികസിച്ചു വരുമെന്നു കരുതണം.

No comments:

Post a Comment