Tuesday, May 17, 2011

റഹ്മത്തുല്ല സി.പി.ഐ വിട്ടത് ഏറനാട് പ്രശ്നത്തില്‍ നടപടി ഉറപ്പായപ്പോള്‍



മലപ്പുറം: സി.പി.ഐ നേതാവ് അഡ്വ. എം. റഹ്മത്തുല്ലയുടെ പാര്‍ട്ടി വിടല്‍ ഏറനാട് പ്രശ്നത്തില്‍ സംഘടന നടപടി ഉറപ്പായപ്പോള്‍. ഏതെങ്കിലും വിധത്തില്‍ നടപടി ഉണ്ടായാല്‍ ലീഗില്‍ ചേക്കാറാന്‍ അദേഹം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ്തന്നെ ഒരുക്കം കൂട്ടിയിരുന്നുവെന്നാണ് സൂചന. ഏറനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും വോട്ടുചോര്‍ച്ചയിലും റഹ്മത്തുല്ല ഉത്തരവാദിയാണെന്ന് തിങ്കളാഴ്ച്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി വിലയിരുത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ റഹ്മത്തുല്ല അപകടം മണത്തു. രാവിലെ ഏക്സിക്യൂട്ടീവില്‍ പങ്കെടുത്ത റഹ്മത്തുല്ല, ഭവന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനായി ഉച്ചയോടെ പുറത്തുപോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. ഏറനാട് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ ആശയകുഴപ്പത്തിന് പ്രധാന കാരണക്കാരനായത് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന റഹ്മത്തുല്ലയാണെന്നാണ് പാര്‍ട്ടി കരുതുന്നത്. സംസ്ഥാന എക്സിക്യൂട്ടീവും സെക്രട്ടേറിയറ്റും ഒരു തവണ തള്ളിയ പി.വി. അന്‍വറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചത് റഹ്മത്തുല്ലയാണത്രെ. ജില്ലാ സെക്രട്ടറി ഇദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവത്തിച്ചു. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വരും മുമ്പ് അന്‍വറിനോട് പ്രചാരണത്തിനിറങ്ങാനും നിര്‍ദേശിച്ചു. ഇതാണ് ഏറനാട്ടില്‍ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കോടീശ്വരനായ അന്‍വറിനെ ഏറനാട്ടില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ചില പ്രമുഖ സി.പി.എം നേതാക്കള്‍ക്കൊപ്പം റഹമത്തുല്ലയടക്കം സി.പി.ഐ നേതാക്കളും ഒത്തുകളിച്ചുവെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. മുന്‍ മന്ത്രിയും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവുമായ മുതിര്‍ന്ന നേതാവും സംഭവത്തില്‍ സംശയത്തിന്റെ നിഴലിലാണ്. അദേഹത്തിനെതിരെയുള്ള പരാതി സെക്രട്ടേറിയറ്റ് യോഗത്തിന്റെ മുമ്പില്‍ എത്തിയെങ്കിലും കൂടുതല്‍ നടപടിയിലേക്ക് നീങ്ങിയിട്ടില്ല. ഏറനാട് പ്രശ്നത്തില്‍ റഹ്മത്തുല്ലക്കെതിരെ ഉണ്ടാകുമായിരുന്ന പാര്‍ട്ടി നടപടി സസ്പെന്‍ഷനോ തരംതാഴ്ത്തലോ ആയിരുന്നു. ജില്ലാ കൌണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെട്ടാന്‍ പിന്നീടൊരു ഉയര്‍ച്ച വളരെ പ്രയാസമായിരിക്കും. എ.ഐ.എസ്.എഫിലുടെ വളര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതൃനിരയിലെത്തിയ റഹ്മത്തുല്ല മൂന്ന് തവണ പാര്‍ലമെന്റിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മല്‍സരിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. 10 വര്‍ഷത്തോളം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി ഇരുന്ന റഹ്മത്തുല്ലക്ക് പാര്‍ട്ടി ജില്ലാ ഘടകത്തില്‍ കാര്യമായ സ്വധീനമുണ്ടായിരുന്നു. മികച്ച സംഘാടകന്‍, പ്രാസംഗീകന്‍ എന്നിവയും ന്യൂനപക്ഷ സമുദായാംഗം എന്നതും അദേഹത്തിന്റെ വളര്‍ച്ചക്ക് ഗുണം ചെയ്തു. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നാണ് റഹ്മത്തുല്ല പാര്‍ട്ടി വിട്ടതിന് പറയുന്ന പ്രധാന കാരണം. ജയസാധ്യതയുള്ള പാര്‍ട്ടി സീറ്റുകളായ മണ്ണാര്‍ക്കാട്, പട്ടാമ്പി, നാദാപുരം എന്നിവയിലൊന്നില്‍ ഇക്കുറി മല്‍സരിക്കണമെന്ന് റഹ്മത്തുല്ലക്ക് താല്‍പര്യമുണ്ടായിരുന്നുവത്രെ. ഒഴിവുവന്ന പി.എസ്്.സി മെമ്പര്‍ സ്ഥാനത്തേക്ക് ഭാര്യയെ പരിഗണിക്കാതിരുന്നും അകല്‍ച്ചക്ക് നിമിത്തമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ എടുത്ത കര്‍ക്കശ നിലപാട് റഹ്മത്തുല്ലക്കെതിരെ നടപടി ഉറപ്പാക്കി. ഇതാണ് അദേഹം പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. ഏറനാട് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച്ച മലപ്പുറത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കൌണ്‍സില്‍, സെക്രട്ടേറിയറ്റ്, ഏറനാട് മണ്ഡലം കമ്മിറ്റി എന്നിവയുടെ യോഗം ചേരും. ഇതിലെ ചര്‍ച്ചകളുടെ വെളിച്ചത്തിലാവും കുറ്റക്കാരായ മറ്റു നേതാക്കള്‍ക്കെതിരെ നടപടി.

കെ.പി. യാസിര്‍

No comments:

Post a Comment