Sunday, May 1, 2011

രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി

കാസര്‍കോട്: ഉപാധികളോടെ നിരോധിച്ച എന്‍ഡോസള്‍ഫാനെതിരെയുള്ള രണ്ടാംഘട്ട സമരം ദേശീയ പ്രക്ഷോഭങ്ങളിലൂടെ ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ കണ്‍വെന്‍ഷനിലെ ആഹ്വാന പ്രകാരം സമരത്തിന് മുന്നിട്ടിറങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളെയും പ്രക്ഷോഭം ആഗോളതലത്തില്‍ എത്തിച്ച വാര്‍ത്താമാധ്യമങ്ങളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു.

ഉപാധികളൊഴിവാക്കി പൂര്‍ണമായും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ചികിത്സാ-പുനരധിവാസങ്ങള്‍ക്ക് വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ട്രൈബ്യൂണല്‍ സ്ഥാപിച്ച് നഷ്ടപരിഹാരം നല്‍കണം. സമാനമനസ്‌കരായ സംഘടനകളെ ഏകോപിപ്പിച്ച് രാസ കീടനാശിനികള്‍ക്കെതിരെ ദേശീയ ബോധവത്കരണം നടത്തുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, പ്രഫ. ടി.സി. മാധവപണിക്കര്‍, അംബികാസുതന്‍ മാങ്ങാട്, ശഫീഖ് നസ്‌റുല്ല, മാഹിന്‍ കേളോട്ട്, പ്രഫ. വി. ഗോപിനാഥ്, ഡോ. വൈ.എസ്. മോഹന്‍കുമാര്‍, കെ.ബി. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.


No comments:

Post a Comment