
ചെന്നൈ: 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2ജി സ്‌പെക്ട്രം അഴിമതിപ്പണം ഉപയോഗിച്ചതായി സി.ബി.ഐ കണ്ടെത്തി. കലൈജ്ഞര്‍ ടി.വിക്ക് 200 കോടി രൂപ നല്‍കിയ ഷാഹിദ് ഉസ്മാന്‍ ബാല്‍വയുടെ ഡി.ബി റിയാല്‍റ്റി തന്നെയാണ് ഈ ഇടപാടിലും പ്രതിസ്ഥാനത്ത്. 2009 മേയ് 13ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയത്തിനുവേണ്ടി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ 92 കോടിയോളം രൂപ ഡി.ബി റിയാല്‍റ്റി മുഖേന കൈമാറിയെന്നാണ് സി.ബി.ഐയുടെ നിഗമനം. ഇതിന് ആധാരമായി ചെന്നൈയിലെ ഒരു കാര്‍ ഡ്രൈവറുടെയും സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെയും ബന്ധപ്പെട്ട മറ്റു ചിലരുടെയും മൊഴികള്‍ സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതൊക്കെ വഴികളിലൂടെ 2ജി സ്‌പെക്ട്രം അഴിമതിപ്പണം എത്തിയെന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത കുറ്റപത്രത്തില്‍ ഉണ്ടാവുമെന്നറിയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ്, 2009 മേയ് 10ന് ചെന്നൈ മൗണ്ട് റോഡിലെ പ്രമുഖ കെട്ടിടത്തില്‍നിന്ന് 27 പെട്ടികളിലായി പണം ചെന്നൈ കില്‍പോക്കിലെ മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയെന്ന് സി.ബി.ഐയുടെ രണ്ടാമത്തെ കുറ്റപത്രത്തോടനുബന്ധിച്ച സാക്ഷിമൊഴികളില്‍ പറയുന്നു. മൗണ്ട് റോഡിലെ കെട്ടിടം അണ്ണാ അറിവാലയമാണെന്നും സൂചനയുണ്ട്. വാടകക്കെടുത്ത ടവേറ കാറില്‍ നാലു ട്രിപ്പുകളായാണ് പണം കടത്തിയത്. ഡി.ബി റിയാല്‍റ്റിയിലെ ഉദ്യോഗസ്ഥനായ അഷ്‌റഫും മുംബൈയില്‍നിന്നെത്തിയ മറ്റു ചിലരുമാണ് കാറിലുണ്ടായിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച, രാജയുടെ കൂട്ടാളി സാദിഖ് ബാഷ മാനേജിങ് ഡയറക്ടറായ ഗ്രീന്‍ഹൗസ് പ്രമോട്ടേഴ്‌സ് ജീവനക്കാരന്‍ കെവിന്‍ അമൃതരാജാണ് ഇവര്‍ക്കുവേണ്ടി വാടക കാര്‍ ഏര്‍പ്പാട് ചെയ്തത്.
നാലു ട്രിപ്പുകളിലായാണ് 27 പെട്ടികള്‍ കൊണ്ടുപോയതെന്ന് കാര്‍ ഡ്രൈവര്‍ എം. കൃഷ്ണമൂര്‍ത്തി സി.ബി.ഐക്ക് മൊഴി നല്‍കി. അവസാന ട്രിപ്പില്‍ നാലു പെട്ടികളാണ് കൊണ്ടുപോയത്. ഇതില്‍ മൂന്നു പെട്ടികള്‍ ഓരോന്നായി കെട്ടിടത്തിനകത്ത് കൊണ്ടുവെച്ച് തിരിച്ചെത്തിയപ്പോള്‍ നാലാമത്തെ പെട്ടി സഹിതം കാര്‍ കാണാതായെന്നാണ് ഡ്രൈവറുടെ മൊഴി.
കാര്‍ കാണാതായതോടെ ഒപ്പം വന്ന അഷ്‌റഫ് മൗണ്ട് റോഡിലെ ഓഫിസിലേക്കും ഗ്രീന്‍ഹൗസ് പ്രമോട്ടേഴ്‌സ് ഓഫിസിലേക്കും വിവരം അറിയിച്ചു. മുംബൈയിലെ ഡി.ബി റിയാല്‍റ്റി ഓഫിസിലെ മേലധികാരിയായ രാജീവ് അഗര്‍വാളിനെയും (ഇയാള്‍ 2ജി സ്‌പെക്ട്രം കേസില്‍ ഇപ്പോള്‍ ജയിലിലാണ്) വിവരമറിയിച്ചു. പെട്ടിയില്‍ നാലു കോടി രൂപയുണ്ടെന്നാണ് ഇവര്‍ തമ്മില്‍ സംസാരിച്ചതെന്ന് ഡ്രൈവര്‍ പറയുന്നു. കാര്‍ ഡ്രൈവറെ ഗ്രീന്‍ഹൗസ് പ്രമോട്ടേഴ്‌സ് ഓഫിസില്‍ കൊണ്ടുപോയി ഏതാനും ദിവസം പീഡനമുറകളിലൂടെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാര്‍ കാണാതായതായി ഡ്രൈവറെ കൊണ്ടുതന്നെ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. കാണാതായ പണം സംബന്ധിച്ച് പൊലീസുകാരും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
മുംബൈയില്‍നിന്ന് എത്തിയ രാജീവ് അഗര്‍വാള്‍ ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം വെറുതെ വിട്ടു. തുടര്‍ന്ന് ഇയാളെ പിന്തുടരാന്‍ ചെന്നൈ വിരുഗംപാക്കത്തെ ശ്രീ ഡിറ്റക്ടീവ് ഏജന്‍സിയെ ഏര്‍പ്പാടാക്കി. 25 ദിവസത്തിനുശേഷം, കാണാതായ ടവേറ വാഹനം ചെന്നൈ മൂലക്കട ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിറ്റക്ടീവ് ഏജന്‍സിയുടെ അന്വേഷണത്തില്‍ കാര്‍ ഡ്രൈവറുടെ സഹോദരന്‍ പെട്ടെന്ന് സാമ്പത്തികവളര്‍ച്ച നേടിയതായും പുതുതായി നാലു കാറുകള്‍ വാങ്ങിയതായും കണ്ടെത്തി. ഡ്രൈവറുടെ സഹായത്തോടെ സഹോദരന്‍ പണപ്പെട്ടി തട്ടിയെടുക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിയത്.
പണമിടപാട് സംബന്ധിച്ച് കാര്‍ ഡ്രൈവര്‍ നാരായണമൂര്‍ത്തി, ഡിറ്റക്ടീവ് ഏജന്‍സി നടത്തിപ്പുകാരന്‍ വരദരാജ്, ഡി.ബി റിയാല്‍റ്റിയിലെ അഷ്‌റഫ്, ഗ്രീന്‍ഹൗസ് പ്രമോട്ടേഴ്‌സിലെ കെവിന്‍ അമൃതരാജ് എന്നിവരുടെ മൊഴികളാണ് സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാണാതായ ഒരു പെട്ടിയില്‍ നാലു കോടി രൂപ ഉള്ളതിനാല്‍ 23 പെട്ടികളിലായി 92 കോടിയെങ്കിലും ഉണ്ടാവുമെന്നാണ് സി.ബി.ഐയുടെ കണക്ക്. 2008 ഡിസംബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെയുള്ള കലൈജ്ഞര്‍ ടി.വി-ഡി.ബി റിയാല്‍റ്റി പണമിടപാട് ബാങ്ക് മുഖേനയായതിനാല്‍ ഇത് വേറിട്ട ഇടപാടാണെന്നാണ് സി.ബി.ഐ കരുതുന്നത്.
No comments:
Post a Comment