Thursday, April 28, 2011

പുരുലിയ ആയുധവര്‍ഷം: കോണ്‍ഗ്രസിനും റോക്കും പങ്കെന്ന്


പുരുലിയ ആയുധവര്‍ഷം: കോണ്‍ഗ്രസിനും റോക്കും പങ്കെന്ന്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ ആയുധവര്‍ഷം നടത്തിയത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും ബ്രിട്ടന്റെയും അറിവോടെയാണെന്ന് വെളിപ്പെടുത്തല്‍. 1995 ഡിസംബര്‍ 17ന് അര്‍ധരാത്രിയാണ് ലാത്വിയയുടെ ആന്റനോവ് എ.എന്‍ 26 വിമാനം രഹസ്യമായി പുരുലിയയില്‍ ആയുധങ്ങളിറക്കിയത്. ഇതേ കുറിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കെയാണ് പദ്ധതിയുടെ സൂത്രധാരനും ഏഴാംപ്രതിയുമായ കിം ഡാവിയുടെ പുതിയ വെളിപ്പെടുത്തല്‍. ആഫ്രിക്കയിലും, ഇന്ത്യയിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണള ഡാവി.

അന്ന് കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിരുന്ന നരസിംഹ റാവു സര്‍ക്കാരിന്റെ അറിവോടെയാണ് ആയുധങ്ങള്‍ വ്യോമമാര്‍ഗ്ഗം പുരുലിയയില്‍ ഇറക്കിയതെന്ന് ഡാവി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കിരാത നരഹത്യകള്‍ക്ക് അറുതി വരുത്താനും ജനങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനുമാണ് ആയുധങ്ങള്‍ ഇറക്കിയത്. പല സുഹൃത്തുക്കളെ നിഷ്ഠൂരം വധിക്കുന്നത് കണ്ടതായും ഡാവി പറഞ്ഞു. 15 വര്‍ഷത്തോളം പശ്ചിമബംഗാളിലെ നിര്‍ധനരെ മെച്ചപ്പെട്ട ജീവിത രീതിയിലേക്ക് കൊണ്ടുവരാനുളള ശ്രമത്തിലായിരുന്നു. തുടര്‍ന്നും നിരവധി സുഹൃത്തുക്കള്‍ അതിക്രൂരമായി വധിക്കപ്പെട്ട സാഹചര്യത്തിലാണ് ആയുധം
ഇറക്കേണ്ടി വന്നതെന്നും ഡാവി പറഞ്ഞു.

കേന്ദ്രത്തിലെ ചില രാഷ്്വട്രീയക്കാര്‍ക്കും, എം.പിമാര്‍ക്കും പദ്ധതിയെ പറ്റി അറിവുണ്ടായിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ'റോ'ക്കും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി എം.ഐ 5 ഉം ഇതെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ബ്രിട്ടീഷ് മുന്‍ രഹസ്യാന്വേഷണ ഉദ്ദ്യോഗസ്ഥനും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തെ പറ്റിയും, അതില്‍ ഉണ്ടായിരുന്ന ആളുകളെ പറ്റിയും, ആയുധങ്ങളെ പറ്റിയും എവിടെയാണ് ആയുധങ്ങള്‍ നിക്ഷേപിക്കേണ്ടതെന്നും ഇന്ത്യന്‍ അധികൃതര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും ഡാവി വെളിപ്പെടുത്തി.

ചിലര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് ഇതൊരവസരമായി കണ്ടു. 1988ല്‍ കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയിലെ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കി കുഴപ്പമുണ്ടാക്കിയ ശേഷം അവിടെ പ്രസിഡന്റു ഭരണം കൊണ്ടു വന്നു. അതു പേലൊയാണ് 90 കളില്‍ പശ്ചിമ ബംഗാളിലും പ്രസിഡന്റു ഭരണം കൊണ്ടുവരാനുളള നീക്കങ്ങളുണ്ടായത്. ഇതിന്റെ മുന്നോടിയായാണ് സാധാരണ ജനങ്ങള്‍ക്കായി ആയുധങ്ങള്‍ ഇറക്കുക എന്ന രാഷ്ട്രീയ തന്ത്രം നടപ്പിലാക്കിയതെന്നും ഡാവി പറഞ്ഞു.

അതെ സമയം, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുളളതായി തനിക്കറിയില്ലെന്നും ഡാവി പറഞ്ഞു. ആയുധവര്‍ഷം നടത്തിയ സമയത്ത് വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. മുംബൈ വിമാനത്താവളത്തില്‍ നിന്നും ഒര് എം.പിയുടെ കാറിലാണ് നേപ്പാളിലേക്ക് പോയതതെന്നും ഡാവി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment