Sunday, April 3, 2011

കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്


കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു. 24 സീറ്റില്‍ ഒതുങ്ങാന്‍ ലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രി സ്ഥാനം എന്ന വ്യവസ്ഥയോടെയാണ്. ലീഗ് നേതാക്കള്‍ സോണിയ ഗാന്ധിയെ കണ്ട് ഈ ഉറപ്പ് വാങ്ങിയത് നിഷേധിക്കാന്‍ കഴിയില്ല. പെണ്‍വാണിഭ കേസില്‍ ഇരകള്‍ തന്നെ ചൂണ്ടിക്കാണിച്ചതും പരാതിപ്പെട്ടതും അന്വേഷണ വിധേയനുമായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കില്ലെന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ എന്നും വി.എസ് ചോദിച്ചു.

ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കുമെന്ന് വയലാര്‍ രവി പരസ്യമായും ആന്റണി പരോക്ഷമായും പറഞ്ഞിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉണ്ടാവുമോ എന്നും ഉണ്ടായാല്‍ അത് കുഞ്ഞാലിക്കുട്ടി ആണോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയാന്‍ തയാറായിട്ടില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ കറുത്ത തുണി വീണതും അത് കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചതും ആന്റണി ഓര്‍ക്കുന്നുണ്ടാകും. റജീന ഉള്‍പ്പെടെയുള്ളവര്‍ മാത്രമാണ് അന്ന് ഈ വൃത്തികേടുകള്‍ വിളിച്ച് പറഞ്ഞതെങ്കില്‍ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. രണ്ട് പെണ്‍കുട്ടികളുടെ മരണത്തെ കുറിച്ച് കേസ് വന്നു. മാഫിയാ പ്രവര്‍ത്തനം വഴി പണം കുന്നുകൂട്ടുകയും അതുപയോഗിച്ച് കേസുകളില്‍ നിന്ന് ഊരിപ്പോവുകയും ചെയ്തിട്ടും സത്യം വീണ്ടും പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ആ സംഭവത്തെ കുറിച്ച് ആന്റണി വാ തുറക്കണം. യു.ഡി.എഫ് വന്നാല്‍ പെണ്‍വാണിഭക്കാരനും അഴിമതിക്കാരനുമായിരിക്കില്ല ഉപമുഖ്യമന്ത്രി എന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? കളങ്കിതരെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗ് കണ്ണുമിഴിച്ചപ്പോള്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കാമെന്നായി കോണ്‍ഗ്രസ്. സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളാണ് ധര്‍മടത്ത് മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി. അഴിമതിക്കാരെയെല്ലാം യു.ഡി.എഫ് എന്ന ലേബലില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരും ഇടതു മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതാണ്.

അഴിമതിക്കാരെയും കളങ്കിതരെയും വേണ്ട എന്ന നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. യു.ഡി.എഫ് വിട്ട് ജനതാദള്‍ വഴി ഇടതുമുന്നണിയിലെത്താന്‍ ശ്രമിച്ച ആളാണ് ബാലകൃഷ്ണ പിള്ള. നേരിട്ടും ഡി.ഐ.സി വഴിയും ഇടതുമുന്നണിയിലെത്താന്‍ ടി.എം. ജേക്കബും ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആളാണ് ജേക്കബ്. പാമോയില്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി, ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടി, കോതമംഗലം കേസില്‍ ഒത്താശ ചെയ്ത കെ.എം. മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി.എം. ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യു.ഡി.എഫില്‍ ആരാണ് രണ്ടാം കക്ഷി എന്നതില്‍ മാത്രമാണ് തര്‍ക്കം. അതില്‍ സഹപ്രവര്‍ത്തകരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി സമ്പാദിച്ച ഉറപ്പ് ജനങ്ങളോട് തുറന്നു പറയാന്‍ ആന്റണി തയാറാകണമെന്നും വി.എസ്. പറഞ്ഞു.

No comments:

Post a Comment