Friday, April 8, 2011

മുഖ്യമന്ത്രിക്ക് അബൂജഹലിന്റെ വേഷം


മുഖ്യമന്ത്രിക്ക് അബൂജഹലിന്റെ വേഷം

മലപ്പുറം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഖുറൈഷി ഗോത്ര നേതാവ് അബൂജഹലിന്റെ വേഷം കെട്ടിയാടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ പീഡനം എന്ന വാക്ക് ഉച്ചരിക്കാന്‍ തന്നെ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ല. സ്ത്രീ പീഡനത്തിനെതിരെ രംഗത്ത് വന്ന വി.എസ് എതിര്‍സ്ഥാനാര്‍ഥിയായ ലതികാ സുഭാഷിനെതിരെ മോശം പരാമര്‍ശം നടത്തി മാനസിക പീഡനം നടത്തിയിരിക്കയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി കിടന്നുരുളുകയാണ്.

പി.ശശിയെ വെച്ചുവാഴിക്കുന്ന പാര്‍ട്ടിയാണ് കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുമെന്ന് പറയുന്നത്. ചെകുത്താന്‍ വേദമോതുന്നതു പോലെയാണിത്. യു.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വേണ്ടി സ്ത്രീ പീഡനവും അഴിമതിയും പ്രചാരണ വിഷയമാക്കിയ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തന്നെ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കയാണ്.

വികസന ശത്രുവായിട്ടായിരിക്കും അച്യുതാനന്ദനെ ചരിത്രം രേഖപ്പെടുത്തുക. സിന്ധുജോയിക്കെതിരെ നടത്തിയ ഒരുത്തി പ്രയോഗത്തിനെതിരെ കേരളം പ്രതിഷേധിച്ചതാണ്. ലതികാ സുഭാഷിനെതിരായ പരമാമര്‍ശത്തില്‍ ബി.ജെ.പി നേതാവായ സുഷമ സ്വരാജ് പ്രതിഷേധിച്ചിട്ടും വൃന്ദ കാരാട്ട് പ്രതികരിച്ചിട്ടില്ല. സ്ത്രീ പ്രശ്‌നങ്ങളില്‍ വൃന്ദക്കുള്ള താല്‍പര്യം വ്യക്താമിരിക്കുന്നു.

കോടതികളെല്ലാം കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട കേസും അഖിലേന്ത്യാ സെക്രട്ടറി സ്ത്രീ പീഡനമെന്ന് പറഞ്ഞ കേസും താരതമ്യം ചെയ്യരുത്. ശശിക്കെതിരെ സ്ത്രീ പീഡന പരാതിയാണ് ലഭിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിട്ടും നടപടിയില്ല. അഴിമതിക്കാരുടെ രാസാത്തി എന്നാണ് പിണറായി സോണിയയയെ വിശേഷിപ്പിച്ചത്. സോണിയക്കെതിരെ ഒരു അഴിമതി ആരോപണം പോലുമില്ല. ലാവലിന്‍ കേസില്‍ ഏഴാം പ്രതിയായ പിണറായിയെ അഴിമതി രാസ എന്ന് വിശേഷിപ്പിക്കാം.

അക്രമ രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുകയും നിയമവാഴ്ച തകര്‍ക്കുകയും ചെയ്ത ഇടതുമുന്നണിക്ക് ഭരണ തുടര്‍ച്ചക്ക് വോട്ട് ചോദിക്കാന്‍ ധാര്‍മികാവകാശമില്ല. ആരാച്ചാരുടെ അഹിംസാ പ്രസംഗമാണ് അഴിമതിക്കാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്നതെന്നും ഹസന്‍ പറഞ്ഞു.


No comments:

Post a Comment