Monday, April 4, 2011

മലപ്പുറം: മൂന്നിടത്ത് ഇഞ്ചോടിഞ്ച്

ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് മൂന്നു മണ്ഡലങ്ങളില്‍. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകളായ പെരിന്തല്‍മണ്ണ, പൊന്നാനി പുതിയ മണ്ഡലമായ തവനൂര്‍ എന്നിവിടങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങര ശ്രദ്ധേയ മണ്ഡലമെങ്കിലും ഏറക്കുറെ ഏകപക്ഷീയ മത്സരമാണിവിടെ. വിജയമുറപ്പിച്ച് യു.ഡി.എഫ് പ്രചാരണത്തില്‍ മുന്നേറി. ഇടതുപക്ഷം സജീവമാകാന്‍ സമയമെടുത്തു. ശക്തമായ മുന്നേറ്റം നടത്താനാവുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്ന നിലമ്പൂര്‍, വള്ളിക്കുന്ന്, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഇരുമുന്നണികളും മുഴുകിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുസ്‌ലിം ലീഗ് വോട്ടുകളെ കാര്യമായി സ്വാധീനിക്കാനിടയില്ല. ലീഗിതര മുസ്‌ലിംവോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും മുസ്‌ലിം വോട്ടുകള്‍ ലീഗിനനുകൂലമായി കേന്ദ്രീകരിച്ചിരുന്നു. ഈ കേന്ദ്രീകരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടമല്ല. എങ്കിലും കാന്തപുരം വിഭാഗം വോട്ടുകള്‍ പല മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായേക്കും. എസ്.ഡി.പി.ഐ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രാദേശികമായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഭിന്നത ഇനിയും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ ഇത് പ്രകടമാണ്. ഏറനാട് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് വേണ്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. ഇത് തൊട്ടടുത്ത നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രതികരണമുണ്ടാക്കുമോ എന്ന ഭയം യു.ഡി.എഫിനുണ്ട്.

പെരിന്തല്‍മണ്ണ
ഇടത്മുന്നണിയുടെ സിറ്റിങ് എം.എല്‍.എ വി. ശശികുമാറും ഇടത് ബന്ധമുപേക്ഷിച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന മഞ്ഞളാംകുഴി അലിയും തമ്മിലാണ് പെരിന്തല്‍മണ്ണയിലെ പോര്. ഏറക്കാലം മുസ്‌ലിം ലീഗ് കൈവശംവെച്ച പെരിന്തല്‍മണ്ണ 2006ലെ ഇടതനുകൂല തരംഗത്തിലാണ് വി. ശശികുമാര്‍ പിടിച്ചെടുത്തത്. 14,003 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2001ല്‍ മുസ്‌ലിം ലീഗിലെ നാലകത്ത് സൂപ്പി 5,906 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. എസ്.ഡി.പി.ഐ മണ്ഡലത്തില്‍ വേണ്ടത്ര സജീവമല്ല. എന്നാല്‍, ബി.ജെ.പി വളരെ സജീവമാണ്. അലിക്ക് കാന്തപുരം വിഭാഗം സുന്നി വോട്ടുകള്‍ ലഭിക്കാനിടയുണ്ട്.

തവനൂര്‍
പുതിയ മണ്ഡലമായ തവനൂരില്‍ ഇടത്‌സ്വതന്ത്രന്‍ ഡോ. കെ.ടി. ജലീല്‍ വിജയപ്രതീക്ഷയിലാണ്. എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ വോട്ടുകളുടെ കണക്കനുസരിച്ച് യു.ഡി.എഫ് തന്നെ വിജയിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.വി. പ്രകാശ് ഉറച്ചുവിശ്വസിക്കുന്നു. ജലീലിന്റെ വിജയത്തിന് ഇടതുപക്ഷം കച്ചമുറുക്കി കഴിഞ്ഞു. തവനൂരിലെ വിജയം അഭിമാന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്. പ്രകാശിന് വേണ്ടി യൂത്ത്‌കോണ്‍ഗ്രസുകാരേക്കാള്‍ യൂത്ത്‌ലീഗ്പ്രവര്‍ത്തകരാണ് ഏറെ സജീവം.

പൊന്നാനി
സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിനിറങ്ങിയ പൊന്നാനിയില്‍ ആശയക്കുഴപ്പങ്ങള്‍ മാറ്റിയെടുക്കാന്‍ പാലോളിതന്നെ രംഗത്തിറങ്ങി. ഇടത് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. താമസവും പൊന്നാനിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് പൊന്നാനിയില്‍. പി.ടി. അജയമോഹന്‍ ഇന്നാട്ടുകാരന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍. ശ്രീരാമകൃഷ്ണനില്ലാത്ത ഈ അനുകൂല ഘടകം വോട്ടായി മാറുമെന്നാണ് അജയന്റെ പ്രതീക്ഷ.

നിലമ്പൂര്‍
ഏഴുതവണ ജയിച്ച മണ്ഡലത്തില്‍ തനിക്കൊട്ടും ഭീഷണിയില്ലെന്നാണ് നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ നിലപാട്. എന്നാല്‍, ആര്യാടന്റെ ലീഡ് അയ്യായിരം വരെ കുറച്ച തോമസ്മാത്യു ഇക്കുറി ചരിത്രം തിരുത്തുമെന്ന ആത്മവിശ്വാസം ഇടത് പ്രവര്‍ത്തകരിലുണ്ട്. മാര്‍ത്തോമ സഭക്കാരന്‍ കൂടിയായ തോമസ് മാത്യു ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലമാക്കുമെന്നും വഴിക്കടവ് തുടങ്ങിയ പഞ്ചായത്തുകളിലെ ലീഗ്-കോണ്‍ഗ്രസ് സ്വരച്ചേര്‍ച്ചയില്ലായ്മ ആര്യാടന് വിനയാകുമെന്നും ഇവര്‍ കരുതുന്നു. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലുമുണ്ടാകാറുണ്ടെന്നും അതൊന്നും യു.ഡി.എഫ് വോട്ടുകളെ ബാധിക്കാറില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ആര്യാടന് എന്നും വലിയ ലീഡ് സമ്മാനിക്കാറുള്ള രണ്ട് പഞ്ചായത്തുകള്‍ ഇത്തവണ നിലമ്പൂരിലില്ല.

വള്ളിക്കുന്ന്
വള്ളിക്കുന്നില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. കെ.എന്‍.എ ഖാദറിനെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ കെ.വി. ശങ്കരനാരായണന്‍ പഴയ കോണ്‍ഗ്രസ്് നേതാവാണ്. കണക്കുകള്‍ യു.ഡി.എഫിന് അനുകൂലമാകുമ്പോഴും ശങ്കരനാരായണന്റെ കോണ്‍ഗ്രസ് ബന്ധം നേടിത്തരുന്ന വോട്ടിലാണ് വള്ളിക്കുന്നിലെ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. തിരൂര്‍ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണെങ്കിലും ഇവിടെ യു.ഡി.എഫ് പ്രചാരണത്തില്‍ മുന്നിലാണ്. മുസ്‌ലിം ലീഗിലെ സി. മമ്മൂട്ടിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ ആദ്യമുണ്ടായ പ്രതിഷേധങ്ങള്‍ പെട്ടെന്നുതന്നെ ഇല്ലാതാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. സിറ്റിങ് എം.എല്‍.എ പി.പി. അബ്ദുല്ലക്കുട്ടിയാണ് ഇടത് സ്ഥാനാര്‍ഥി. താനൂരില്‍ മുസ്‌ലിം ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണിയും സി.പി.എമ്മിലെ ഇ. ജയനും തമ്മിലാണ് മുഖ്യമത്സരം. അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണിത്. മലപ്പുറം, മങ്കട, കൊണ്ടോട്ടി, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ വളരെ മുന്നിലാണ്.

No comments:

Post a Comment