Thursday, April 7, 2011

25 മണ്ഡലങ്ങളില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ധാരണ

Published on Fri, 04/08/2011 - 07:10 ( 3 hours 16 min ago)

25 മണ്ഡലങ്ങളില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 20ല്‍പരം മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമായി രഹസ്യ ധാരണയുണ്ടെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിെല ഇതര ഘടകകക്ഷികള്‍ക്കും ബി.ജെ.പിയുടെ വോട്ടു ലഭിച്ചേക്കും. പകരം കോണ്‍ഗ്രസ് രണ്ടു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയെ സഹായിക്കും. നേമമാണ് ബി.ജെ.പി കോണ്‍ഗ്രസിന്റെ സഹായം തേടുന്ന പ്രധാന മണ്ഡലം. ഇതിനു പുറമേ പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഒരെണ്ണത്തിലെങ്കിലും ബി.ജെ.പി കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു.
1991 മോഡല്‍ ധാരണയാണ് ഇക്കുറിയും ഈ പാര്‍ട്ടികള്‍ തമ്മിലുള്ളത്. തങ്ങളുടെ സഹായമുള്ളപ്പോഴൊക്കെ കോണ്‍ഗ്രസ് അധികാരത്തിലേറിയതായി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇക്കുറി വോട്ടുകച്ചവടമല്ല, പരസ്‌പര സഹായമാണെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. മുമ്പിതുപോലെ പരസ്‌പരസഹായ സഖ്യം ഉണ്ടായത് 1991ലാണ്. അതിനുശേഷം വോട്ടുകച്ചവടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പരസ്‌പരസഹായ സഖ്യം സംഭവിച്ചിട്ടില്ല. 1991ല്‍ പരസ്‌പരസഹായ നീക്കം ബി.ജെ.പിക്ക് ഗുണം ചെയ്തില്ല. തങ്ങള്‍ക്ക് വോട്ടു നല്‍കാമെന്നു പറഞ്ഞ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ സഹായം ഉണ്ടായെങ്കിലും സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല.
ഇക്കുറി സഖ്യം പ്രയോജനം ചെയ്യുമെന്നുതന്നെയാണ് ബി.ജെ.പി നേതാക്കളുടെ വിശ്വാസം. വളരെ രഹസ്യമായാണ് അവര്‍ ഇതിനായി കരുക്കള്‍ നീക്കിയിട്ടുള്ളത്. വോട്ടു ചെയ്യുന്നതിെനാപ്പം യു.ഡി.എഫിന് അനുകൂലമായ വിധത്തില്‍ പ്രചാരണ പരിപാടികള്‍ ക്രമീകരിക്കാനും അവസാന ഘട്ടത്തില്‍ അവരില്‍നിന്ന് നീക്കമുണ്ടാകും. അതിനാല്‍ ഇടതുമുന്നണിക്കെതിരെയാകും പ്രധാനമായും ഇനി ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍.
കോണ്‍ഗ്രസിന് ബി.ജെ.പി വോട്ടുകള്‍ കിട്ടാനിടയുള്ള മണ്ഡലങ്ങള്‍ ഇവയാണ്: തൃക്കരിപ്പൂര്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍, പൊന്നാനി, ഒറ്റപ്പാലം, ചിറ്റൂര്‍, ചേലക്കര, ഒല്ലൂര്‍, ചാലക്കുടി, പീരുമേട്, ഉടുമ്പന്‍ചോല, കുന്നത്തൂര്‍, ചാത്തന്നൂര്‍, അമ്പലപ്പുഴ, ഹരിപ്പാട്, നെടുമങ്ങാട്, ചിറയിന്‍കീഴ്, തിരുവനന്തപുരം, പാറശാല.
ഇതിനു പുറമേ യു.ഡി.എഫിെല ചില ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി വോട്ട് ലഭിക്കും. ബി.ജെ.പിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കുന്നതുമൂലം വിഷമിക്കുന്ന ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വോട്ട് മറിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ തോല്‍ക്കുമെങ്കിലും പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ജയം ഉറപ്പാക്കാമെന്നതാണ് ധാരണയുടെ കാതല്‍.


1 comment:

  1. കൃത്യമായ നിരീക്ഷണം. പക്ഷെ ഇടതുമുന്നണി നിലവിളിച്ചാല്‍ ഒന്നും ഈ ധാരണ ഇത്തവണ പൊളിക്കാന്‍ കഴിയില്ല. ഈ 20 മണ്ഡലങ്ങള്‍ യു ഡി എഫിനെ അധികാരത്തില്‍ ഏത്തിക്കും.

    ReplyDelete