Saturday, March 26, 2011

പഠന റിപ്പോര്‍ട്ടിനെതിരെ വൈദ്യലോകം

Published on Sun, 03/27/2011 - 00:02 ( 7 hours 7 min ago)

പഠന റിപ്പോര്‍ട്ടിനെതിരെ വൈദ്യലോകം
എച്ച്.ഐ.വി ബാധിതര്‍ക്ക് മുസ്‌ലി പവര്‍ ചികിത്സ

കൊച്ചി: എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്ര നല്ലതാണെന്ന പഠന റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാര്‍. കച്ചവടക്കാരനും പുരോഹിതനും ഒത്തുചേര്‍ന്ന് എച്ച്.ഐ.വി ബാധിതരെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യലോകത്ത് ചര്‍ച്ച തുടരുകയാണ്.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ളതെന്ന് അവകാശപ്പെടുന്ന കോട്ടയത്തെ 'ആത്മതാ' കേന്ദ്രത്തിലാണ് അധാര്‍മികമായ മരുന്നുപരീക്ഷണം നടന്നത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിനുവേണ്ടി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് ആത്മതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുസ്‌ലി പവര്‍ ഊര്‍ജദായകമാണെന്നും വളരെ നല്ലതാണെന്നും സാക്ഷ്യപ്പെടുത്തുന്ന എച്ച്.ഐ.വി ബാധിതരുടെ ദൃശ്യചിത്രങ്ങളും ഇവിടെയുണ്ട്. ദേശാഭിമാനി പത്രത്തിലെ മുന്‍ ബിസിനസ് കറസ്‌പോണ്ടന്റ്, കേരള കൗമുദിയുടെ മുന്‍ റീജനല്‍ മാനേജര്‍ എന്നിങ്ങനെ അവകാശപ്പെട്ട സി.വി. വിനായകനാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ആത്മത കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചിലേച്ചംകാലം ആണ് പഠനത്തിന്റെ മേല്‍നോട്ടക്കാരന്‍. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെയോ ആരോഗ്യ ഏജന്‍സികളുടെയോ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതല്ലെന്ന് പഠന റപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. 2010 ഡിസംബര്‍ ഒന്നിനാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ. തോമസ് വിളിച്ചുചേര്‍ച്ച വാര്‍ത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ മരുന്നിന് അനുകൂലമായി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. രോഗബാധിതരുടെ രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഉതകുന്ന ആയുര്‍വേദ മരുന്നാണിതെന്നാണ് ഈ ദൃശ്യങ്ങളിലൂടെ ഫാ. തോമസ് അവകാശപ്പെടുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മരുന്നാണെന്നും ഇക്കാര്യം ശാസ്ത്രീയ പഠനത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആലപ്പുഴ കൈതവനയിലെ കൃപാഭവനിലാണ് പരിശോധന നടന്നത്. 2010 മേയില്‍ ആരംഭിച്ച് 2010 നവംബര്‍ 23നാണ് പഠനം അവസാനിച്ചത്. ആത്മത കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത 618 പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 55 സ്ത്രീകളിലും 18 പുരുഷന്മാരിലുമായിരുന്നു പരീക്ഷണം. ഇവരില്‍നിന്ന് 23 സ്ത്രീകളും നാല് പുരുഷന്മാരും അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവരിലാണ് ശ്വേതരക്താണുക്കള്‍ വര്‍ധിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍, മരുന്ന് പരീക്ഷണത്തിന് ആവശ്യമുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെയും മെഡിക്കല്‍ കേന്ദ്രങ്ങളുടെയും അനുമതിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഈ മരുന്ന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഇവ ഉപയോഗിക്കരുതെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. പി.വി. വേലായുധന്‍ വ്യക്തമാക്കി.
ആത്മതയുമായി സൊസൈറ്റിക്ക് നിയമപരമായി ബന്ധമില്ല. മറ്റ് നിരവധി സംഘടനകളുമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിച്ചതുപോലെ ആത്മതയുമായി സഹകരിച്ചിട്ടുണ്ടാകാം. എന്നാല്‍, സൊസൈറ്റിയുടെ അംഗീകൃത കൗണ്‍സലിങ് സെന്ററല്ല ആത്മതയെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
എച്ച്.ഐ.വി ബാധിതര്‍ സര്‍ക്കാറിന്റെ ഉഷസ് കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന മരുന്നുകള്‍ മാത്രമെ ഉപയോഗിക്കാവൂ. വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ആത്മതക്കെതിരെ നിയമനടപടികളെടുക്കേണ്ടത് സൊസൈറ്റിയല്ല. സര്‍ക്കാറിന് വേണമെങ്കില്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഫേസ്ബുക്കിലും മറ്റ് ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലുമിട്ട് ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. കെ.പി. അരവിന്ദന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അഞ്ചു ദിവസം മുമ്പ് നല്‍കിയ പരാതിയില്‍ ഉടന്‍ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക് ചര്‍ച്ചയില്‍ ഇതേ കൃപാഭവനിലാണ് ശ്രേയ ബെന്നിയെന്ന 12കാരിയെ കുളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന വാര്‍ത്തകളും ചേര്‍ത്തിട്ടുണ്ട്. ഇത്തരമൊരു വിവാദ സ്ഥാപനത്തില്‍ ധാര്‍മികമായ മരുന്നുപരീക്ഷണം നടക്കുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ മുസ്‌ലി പവറിനെതിരെ റിപ്പോര്‍ട്ട് വന്നിരുന്നു.


madhyamamdaily 27.03.11

No comments:

Post a Comment