
മലപ്പുറം: ജനപ്രതിനിധിയായിരിക്കെ കൊല്ലപ്പെട്ട സി.പി.എം നേതാവ് സഖാവ് കുഞ്ഞാലിയുടെ ഘാതകരെ അനാവരണം ചെയ്യുന്ന സിനിമ തെരഞ്ഞെടുപ്പ് ചൂടിനിടെ മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തുന്നു. 'ഏറനാടിന്‍ പോരാളി' എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ കുഞ്ഞാലിയുടെ ജീവചരിത്രമാണ് പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമ പുറത്തിറങ്ങുന്നതോടെ കുഞ്ഞാലിയുടെ ഘാതകര്‍ ആരെന്ന് പകല്‍ പോലെ വ്യക്തമാകും. നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ സംഭവിച്ചതുപോലെ പുനരന്വേഷണത്തിനുള്ള വഴിയും സിനിമ തുറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കുഞ്ഞാലി ഉദ്ഘാടനം ചെയ്ത കാളികാവ് വയലില്‍ തിയറ്ററിലാണ് 30ന് സിനിമയുടെ പ്രദര്‍ശനോദ്ഘാടനം. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, എ. വിജയരാഘവന്‍, ടി.കെ. ഹംസ, കെ. ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. മന്‍സൂര്‍ വെട്ടത്തൂര്‍, നന്ദകുമാര്‍ കാവില്‍ എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്ത സിനിമ സി.പി.എം. റഫീഖ് കീഴുപറമ്പ് ആണ് നിര്‍മിച്ചിരിക്കുന്നത്.
സിനിമയില്‍ കുഞ്ഞാലിയായി വേഷമിട്ടിരിക്കുന്നത് കമല്‍ ഷാ ആണ്. മാതാവായി നിലമ്പൂര്‍ ആയിശയും. കുഞ്ഞാലിയുടെ ബന്ധുകൂടിയായ നാടകാചാര്യന്‍ കെ.ടി. മുഹമ്മദ്, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയവരെയും സിനിമയില്‍ പുനരവതരിപ്പിക്കുന്നുണ്ട്. ഉബൈദ്, സിജി, ജോസ് കാന, വിജയന്‍ കാരന്തോട് തുടങ്ങിയവരും അഭിനയിക്കുന്നു. നൂറ്റമ്പതോളം പേര്‍ സിനിമയില്‍ അഭിനേതാക്കളായി രംഗത്ത് വരുന്നുണ്ട്.
കുഞ്ഞാലി നേതൃത്വം നല്‍കിയ മിച്ചഭൂമി സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍, തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ തുടങ്ങിയവയും സിനിമയില്‍ കടന്നുവരുന്നു. മുരുകന്‍ കാട്ടാക്കടയുടെ രക്തസാക്ഷികള്‍ എന്ന കവിത ടൈറ്റില്‍ സോങ് ആയി ഉപയോഗിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പട്ടാമ്പി, പള്ളിപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ രാഷ്ട്രീയ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന സിനിമ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. 26 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
No comments:
Post a Comment