
ന്യൂദല്‍ഹി: സൂനാമി ദുരന്തത്തിനും ആണവ റിയാക്ടറിന്റെ പൊട്ടിത്തെറിക്കും ശേഷം ജപ്പാനില്‍ നിന്നെത്തിയ തന്നെ അതിലേറെ ഞെട്ടിച്ചത് ഇന്ത്യയുടെ ആണവനിലയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.
ഭീതി പരന്ന ജപ്പാനില്‍നിന്ന് തിരിച്ചെത്തിയ ശേഷം 'മാധ്യമ'ത്തിന് ആദ്യമായി നല്കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് ജപ്പാന് ദുരന്തത്തിന് ശേഷവും ആണവനിലയങ്ങളുടെ അപകടാവസ്ഥയെ ലഘൂകരിച്ചുകണ്ട പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. ജപ്പാനെ നക്കിത്തുടച്ച സൂനാമിക്കും ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അണുവികിരണ ഭീതിക്കുമിടയില്നിന്ന് കഴിഞ്ഞ ദിവസമാണ് അരുന്ധതി ദല്‍ഹിയില്‍ തിരിച്ചെത്തിയത്.
ഇന്ത്യയിലെ ആണവനിലയങ്ങള്‍ ഉയര്‍ത്തുന്ന യഥാര്‍ഥ ഭീഷണി മറച്ചുവെക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് വ്യക്തമാക്കിയ അരുന്ധതി റോയ്, രാജ്യത്തെ കാത്തിരിക്കുന്ന ദുരന്തത്തെ ലഘൂകരിച്ച് കാണുകയാണ് മന്മോഹന് സിങ് ചെയ്തതെന്ന് കുറ്റപ്പെടുത്തി.ഞായറാഴ്ച രാവിലെ ടോക്യോ വിമാനത്താവളത്തിലെത്തുമ്പോള്‍ ആണവ ഭീതിയില്‍ ജപ്പാന് വിട്ടോടുന്ന മനുഷ്യരെക്കൊണ്ട് വിമാനത്താവളം നിറഞ്ഞിരുന്നുവെന്ന് അവര്‍ പറഞ്ഞു. രാവിലെ 11ന് എയര്‍ ഇന്ത്യ വിമാനം കയറിയ താന്‍ വൈകീട്ട് ആറരക്കാണ് ദല്‍ഹിയിലെത്തിയത്.
സൂനാമിക്ക് കാരണമായ ഭൂകമ്പത്തിന്റെ തുടര്‍ചലനത്തെ തുടര്‍ന്ന് ടോക്യോ ഇലക്ട്രിക് കമ്പനിയുടെ ആദ്യ ആണവ റിയാക്ടര്‍ പൊട്ടിത്തെറിക്കുമ്പോള്‍ താന്‍ ടോക്യോവിലായിരുന്നു. സൂനാമിയുടെ ഞെട്ടലില്‍നിന്ന് അണുവികിരണ ഭീതിയിലേക്ക് എടുത്തെറിയപ്പെട്ട ഒരു രാജ്യത്തിന്റെ നിസ്സഹായാവസ്ഥയാണ് താന്‍ അവിടെ കണ്ടതെന്ന് അരുന്ധതി പറഞ്ഞു.ശാസ്ത്ര സാങ്കേതികവിദ്യയെ അതിജയിച്ച ജപ്പാന്റെ ഭീതി ദീര്‍ഘദര്‍ശിത്വമില്ലാത്ത ഇന്ത്യയുടെ ആണവനിലയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭീതിദമായ മുന്നറിയിപ്പാണ്. വിവരണാതീതമാണ് ജപ്പാന്റെ ഇപ്പോഴത്തെ അവസ്ഥ. ആണവനിലയങ്ങള്‍ ഒരു രാജ്യത്തെ അകപ്പെടുത്തുന്ന അപകടാവസ്ഥയുടെ ആഴം വിളിച്ചോതുന്നതാണ് ജപ്പാനിലെ അനുഭവവികാസങ്ങള്. താന്‍ ജപ്പാന്റെ ഭീതിദമായ അവസ്ഥയെക്കുറിച്ചുള്ള വിശദമായ രചനയിലാണെന്ന് അരുന്ധതി വ്യക്തമാക്കി.