Saturday, March 5, 2011

നിലമ്പൂരിന്റെ മുഹമ്മദന്‍സ്; മനമാകെ ധനകാര്യം


യൂത്തന്‍മാര്‍ ആര്യാടനെതിരെ കേന്ദ്രത്തില്‍ പരാതിപ്പെട്ടാലും നിലമ്പൂരില്‍ ആര്യാടന്‍തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥി. പത്ത് വട്ടം മത്സരിക്കുകയും ഏഴുതവണ എം.എല്‍.എ ആവുകയും ചെയ്ത ആര്യാടനെ പോലുള്ളവരെ മാറ്റണമെന്ന യൂത്തന്‍ തിളപ്പൊന്നും നിലമ്പൂരില്‍ ആര്യാടന്റെ കാര്യത്തില്‍ നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാം. കുഞ്ഞാലിയോട് നിലമ്പൂരില്‍ 1965ലും 67ലും തോറ്റ ആര്യാടന്‍ 82ല്‍ ടി.കെ ഹംസയോടും തോറ്റു. ഇതൊഴിച്ചാല്‍ പിന്നെയൊരിക്കലും നിലമ്പൂരില്‍ തോറ്റിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ നിലമ്പൂരിന്റെ അജയ്യനായ ജനപ്രതിനിധി. ഇത്തവണയും ആര്യാടന് വേണ്ടി മറ്റൊരിടം ആരും ചിന്തിക്കുന്നില്ല. ഡി.സി.സി യുടെ ലിസ്റ്റിലും ആര്യാടന്‍ തന്നെ സ്ഥാനാര്‍ഥി. 65ല്‍ കുഞ്ഞാലി ആര്യാടനെ തോല്‍പിച്ചത് 7161 വോട്ട് ഭൂരിപക്ഷത്തിനാണ്. 67ല്‍ കുഞ്ഞാലി ഭൂരിപക്ഷം 9789ആയി ഉയര്‍ത്തി. 70 ല്‍ ഇവിടെ മത്സരിച്ച് ജയിച്ചത് എം.പി ഗംഗാധരനായിരുന്നു. ഭൂരിപക്ഷം 2811. 77ല്‍ ആര്യാടന്‍ സി.പി.എമ്മിലെ സെയ്താലിക്കുട്ടിയെ തോല്‍പിച്ചത് 7715 വോട്ടിന്. 80 ലെ ഉപതെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയെയാണ് ആര്യാടന്‍ തോല്‍പിച്ചത്.82 ല്‍ വീണ്ടും യു.ഡി.എഫിലെത്തിയ ആര്യാടന്‍ സി.പി.എമ്മിലെ ടി.കെ ഹംസയോട് 1566 വോട്ടിന് തോറ്റു. എന്നാല്‍ 87 ല്‍ 10333 വോട്ട് ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ച് പിടിച്ചു. പിന്നീട് 91ലും 96ലും 2001 ലും 2006ലും ജയം ആര്യാടന് തന്നെ. 2001 ല്‍ ലഭിച്ച 21620 ആയിരുന്നു ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 18070 ആയി കുറഞ്ഞു. വെട്ടിയും മുറിച്ചും മാറ്റിയെടുത്ത പുതിയ നിലമ്പൂരില്‍ കാര്യങ്ങള്‍ മുമ്പത്തെ പോലെ ലളിതമല്ല. യു.ഡി.എഫിന്റെ പെരും കോട്ടകളായ കാളികാവ്, ചോക്കാട്, ചാലിയാര്‍ പഞ്ചായത്തുകള്‍ ഇപ്പോള്‍ ഈ മണ്ഡലത്തിന് പുറത്താണ്. കാളികാവും ചോക്കാടും വണ്ടൂരിലേക്കും ചാലിയാര്‍ ഏറനാട്ടിലേക്കും ചേര്‍ത്തു. വഴിക്കടവ്, എടക്കര, മുത്തേടം, പോത്തുകല്ല്, ചുങ്കത്തറ, അമരമ്പലം, കരുളായി ഗ്രാമ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയുമാണ് ഇപ്പോള്‍ മണ്ഡലത്തിലുള്ളത്. എല്ലാം ഭരിക്കുന്നത് യു.ഡി.എഫ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വഴിക്കടവ്, മുത്തേടം ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ബന്ധം ഉലഞ്ഞു. അതിതുവരെ നേരെയായിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചു തരാം എന്ന ലീഗ് ഭീഷണി ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇതെല്ലാം കണ്ട് ഇടത് പക്ഷം നിലമ്പൂരിന്റെ കമ്യൂണിസ്റ്റ് പ്രതാപം തിരച്ചെടുക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നത്. 96ല്‍ ആര്യാടന്റെ ഭൂരിപക്ഷം ഏറ്റവും കുറച്ച എം. തോമസ് മാത്യുവിനെ ഇടത് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. ഇത് വിജയിച്ചാല്‍ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കുറെ അനുകൂലമാകുമെന്നാണവരുടെ കൂട്ടല്‍. ഇതൊക്കെ ചേരുമ്പോള്‍ ഒരട്ടിമറി തന്നെയാണ് ഇടതിന്റെ പ്രതീക്ഷ. എന്നാല്‍ ഇതൊന്നും നിലമ്പൂരില്‍ ആര്യാടനോട് നടക്കില്ലെന്നാണ് യു.ഡി.എഫ് വിശ്വാസം. കളത്തിലെന്തും ഒരുങ്ങട്ടെ, ഇക്കൊല്ലം മന്ത്രിസഭയിലെ രണ്ടാമനാകനുള്ള തയാറെടുപ്പിലാണ് ആര്യാടന്‍. ധനകാര്യം തന്നെയാണ് മനസിലിരിപ്പ്. ആ പൂതി മനസ്സില്‍ കൂടിയിട്ടിപ്പോള്‍ കുറേയായി.

Madhyamam Daily 06.03.11

No comments:

Post a Comment