Wednesday, October 14, 2009

ആരായിരുന്നു ആ ചാവേര്‍?''മലപ്പുറം കൈംബ്രാഞ്ച് ഓഫീസില്‍നിന്ന് ബാലകൃഷ്ണനെയും മറ്റൊരു സഖാവിനെയും
കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോകും വഴി യൂനിവേഴ്സിറ്റിക്കടുത്ത് ചേളാരിയില്‍വെച്ച് ബീഡികത്തിക്കാനെന്ന് പറഞ്ഞ് ബാലകൃഷ്ണന്‍ തീപ്പെട്ടി ഉരക്കുകയും പെട്രോള്‍ ടിന്ന് മറിച്ചിട്ട് തീകൊടുക്കുകയും ചെയ്തു. മുന്‍സീറ്റിലിരുന്ന പൊലീസ് ഡിവൈ.എസ്.പിയെ ചുറ്റിപ്പിടിച്ച ബാലകൃഷ്ണന്‍ ആ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം വെന്തു മരിക്കുകയായിരുന്നു''
- കെ.വേണു ( പച്ചക്കുതിര, 2005, ജൂണ്‍)രിത്രം ചാവേര്‍ എന്ന വാക്കിനെ അടയാളപ്പെടുത്തുന്നത് വെറുമൊരു
ആത്മഹത്യക്കാരന്‍ എന്ന മേല്‍വിലാസത്തിലാണോ? അതോ ചരിത്രാവസാനത്തോളം
ഓര്‍ത്തുവെക്കേണ്ട പേരുകളില്‍ ഒന്ന് എന്ന നിലയിലോ?
ആത്മഹത്യ ചെയ്യുന്ന ഓരോ മനുഷ്യന്റെ മനസ്സിലും ലക്ഷ്യങ്ങളെല്ലാം
അവസാനിച്ചുപോയതിന്റെ നിരാശയായിരിക്കണം അവസാനമായി പതിഞ്ഞു കിടന്നിരിക്കുക.
പക്ഷേ, ഒരു ചാവേറിന്റെ മനസ്സ് അതല്ല. പൂര്‍ത്തിയാകാന്‍ നേരം
കാത്തുകിടക്കുന്ന ഏതോ ഒരു ലക്ഷ്യത്തിലേക്കുള്ള അയാളുടെ ഒടുവിലത്തെ
സംഭാവനയാണത്. സ്വന്തം ജീവന്‍കൊണ്ട് നടത്തുന്ന ഒടുവിലത്തെ സമരം.
മറ്റൊരര്‍ഥത്തില്‍ നിസ്സഹായനായ മനുഷ്യന്റെ ഏറ്റവും ഒടുവിലത്തെ സമരമുറ.
ചരിത്രത്തോളം പഴക്കമുണ്ട് ഈ ചാവേര്‍ പ്രയോഗത്തിന്. സാമൂതിരിയുടെ
നിലപാടുതറയില്‍ വള്ളുവക്കോനാതിരിക്കായി പിടഞ്ഞുവീണവരെയായിരിക്കണം
മലയാളത്തിന്റെ ഭാഷാപരിചയം ആദ്യമായി 'ചാവേര്‍' എന്ന് വിളിച്ചത്.
അധിനിവേശത്തിന്റെ കൂറ്റന്‍ യന്ത്രങ്ങള്‍ക്കുമുന്നില്‍ സ്വയം
പൊട്ടിത്തെറിക്കുന്ന ചാവേറുകള്‍ ഇന്ന് ലോകത്തിന്റെ ഭൂപടത്തില്‍ ഒരു
വാര്‍ത്തയേ അല്ലാതായിട്ടുണ്ട്. വിയറ്റ്നാമില്‍, ഇറാഖില്‍, അഫ്ഗാനില്‍
എല്ലാം ചാവേറുകള്‍ സമരത്തിന്റെ അടയാളങ്ങളായിട്ടുണ്ട്. ശത്രുവിനെ
അരിഞ്ഞുവീഴ്ത്താന്‍ വിമതഗ്രൂപ്പുകളും നിരന്തരം പ്രയോഗിച്ചുവരുന്നത്
ജീവന്‍കൊണ്ടുള്ള ഈ കളിയാണ്.
എന്നാല്‍, കൊടിയടയാളം നോക്കി എതിര്‍പാര്‍ട്ടിക്കാരനെ പതിയിരുന്ന്
വെട്ടിവീഴ്ത്തുന്ന രാഷ്ട്രീയ അഭ്യാസങ്ങളെയും മാതാപിതാക്കളുടെയും
മക്കളുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും മുന്നിലിട്ട്
വെട്ടിക്കൊല്ലുന്നതിനെയും വീറുറ്റ കഥകളായി ആചരിക്കുന്ന കേരളത്തിന്റെ
മണ്ണില്‍ ഒരു രാഷ്ട്രീയ ചാവേറിന്റെ ചരിത്രം ഓര്‍മിക്കപ്പെടാതെ
കിടക്കുന്നുണ്ട്. തിരുവായ്ക്ക് എതിര്‍വായില്ലാതിരുന്ന അടിയന്തരാവസ്ഥയുടെ
നാളുകളില്‍ ഭരണകൂടത്തിന്റെ ദംഷ്ട്രകള്‍ക്കു മുന്നില്‍ ഒരു തീഗോളമായി
ഒടുങ്ങിപ്പോയ ഒരു സമര ഭടന്റെ ഒടുവിലത്തെ സമരത്തെ വെറും ആത്മഹത്യയായി
ഒതുക്കി പറഞ്ഞതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം?
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ എന്ന
നക്സലൈറ്റ് ഒരു തീപ്പന്തമായി എരിഞ്ഞു തീരുമ്പോള്‍ അയാള്‍ നിരാശാഭരിതനായി
ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്നു വിശ്വസിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.
ആ വഴികളിലൂടെ, ചരിത്രം ചകിതമായി നിന്ന നാളുകളിലൂടെ നടന്നുപോകുമ്പോള്‍ ഒരു
രാഷ്ട്രീയ ചാവേറിന്റെ ചിത്രം തെളിഞ്ഞുവരുന്നുണ്ട്. കേരള രാഷ്ട്രീയം
ഇപ്പോള്‍ ഗൃഹാതുരത്വമായി ആചരിക്കുന്ന അടിയന്തരാവസ്ഥയില്‍ ഒരു മനുഷ്യന്‍
നടത്തിയ ഒറ്റയാന്‍ സമരം.
'ആത്മാഹുതി 'എന്നതിനെക്കാള്‍ ഒരു ചാവേറിന്റെ മരണം എന്ന് ബാലകൃഷ്ണന്റെ
മരണത്തെക്കുറിച്ച് പറയുന്നതാകും കൂടുതല്‍ ശരി. ആത്മാഹുതിയില്‍ ആത്മനാശം
മാത്രമേയുള്ളൂ. ഒരു ചാവേര്‍ സ്വന്തം ജീവിതം തകര്‍ക്കുക മാത്രമല്ല,
ശത്രുവിന്റെ നാശം ഉറപ്പുവരുത്തുകകൂടി ചെയ്യുന്നു. ഈ അര്‍ഥത്തില്‍
ബാലകൃഷ്ണന്റെ മരണം അടിയന്തരാവസ്ഥയിലെ ഒരു ചാവേറിന്റെ
മരണംതന്നെയായിരുന്നു. അടിയന്തരാവസ്ഥയില്‍ കണ്ട അപൂര്‍വവും ധീരവുമായ
ചെറുത്തുനില്‍പും ചാവേര്‍ ആക്രമണവുമായിരുന്നു അതെന്ന് പറയാം.
ആ 'ഭീതിയുടെ നാളുകളില്‍' എന്തിനും അധികാരവും ശക്തിയുമുണ്ടായിരുന്ന ഉന്നത
പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഇരുകൈകളിലും ആമംവെച്ച് പൊലീസ് ജീപ്പിനകത്ത്
തടവുപുള്ളിയായിരിക്കുന്ന അവസരത്തില്‍ ഇങ്ങനെ ഒരാക്രമണം അപ്രതീക്ഷിതം.
അതും നക്സല്‍ വേട്ടക്കു വേണ്ടി രൂപവത്കരിച്ച ക്രൈംബ്രാഞ്ച് സ്പെഷല്‍
സ്ക്വാഡിന്റെ തടവിലിരിക്കുമ്പോള്‍! അന്ന് അടിയന്തരാവസ്ഥയില്‍
ഞെട്ടിത്തരിച്ചത് പൊലീസ് സേനയും ഭരണകൂടവുമായിരുന്നു. ഇത്രയും സുരക്ഷിതമായ
ഒരിടത്ത് ഇത്ര മാരകമായ ആക്രമണം സംഭവിക്കാമെങ്കില്‍ പിന്നെ എവിടെയാണ്
സുരക്ഷിതം? ആ ചോദ്യം പൊലീസ് ഉന്നതരുടെയും ഭരണത്തിലെ ഉന്നതരുടെയും
ഉറക്കംകെടുത്തിയിരുന്നു. ഇമേജ് രക്ഷിക്കാന്‍ പുറത്തുനിന്നുള്ള
നക്സലൈറ്റുകള്‍ പൊലീസ് ജീപ്പ് ആക്രമിച്ചു എന്നായിരുന്നു പൊലീസ്
പ്രചാരണം. അന്ന് പത്രങ്ങള്‍ അതുസംബന്ധിച്ച് കാര്യമായ വാര്‍ത്തകളൊന്നും
പ്രസിദ്ധീകരിച്ചില്ല. നക്സലൈറ്റുകള്‍ പരസ്പരം പറഞ്ഞും മറ്റു ചില വിപ്ലവ
പ്രസിദ്ധീകരണങ്ങളിലൂടെയുമാണ് സംഭവം പുറംലോകം അറിഞ്ഞത്.
നക്സലൈറ്റുകളെ അടിച്ചമര്‍ത്താനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
മുട്ടുവിറച്ചത് ഈ സംഭവത്തോടെയായിരുന്നു. കക്കയം പൊലീസ് ക്യാമ്പ് പോലും
ഒട്ടും സുരക്ഷിതമല്ലെന്നും നക്സലൈറ്റ് ആക്രമണം അവിടെയും ഉണ്ടാകാന്‍
സാധ്യതയുണ്ടെന്നും വിലയിരുത്തിയതിനാലാണ് ഉടനെ കക്കയം ക്യാമ്പില്‍നിന്ന്
ക്രൈംബ്രാഞ്ച് ഉരുട്ടല്‍ കേന്ദ്രം മാലൂര്‍ക്കുന്നിലേക്ക് മാറ്റിയത്.
ക്യാമ്പുകളില്‍ നക്സലൈറ്റുകള്‍ക്കെതിരായ കടുത്ത പീഡനങ്ങള്‍ കുറഞ്ഞത്
അതിനു ശേഷമായിരുന്നു. എത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുണ്ടായാലും പൊലീസ്
ഓഫീസര്‍മാര്‍ സ്വന്തം വീട്ടിലും നാട്ടിലും സുരക്ഷിതരല്ലെന്ന ബോധം
പൊലീസില്‍ വളരാനും ഇതു കാരണമായി.
വെള്ളം കടക്കാത്ത അറയിലാണെങ്കിലും തങ്ങളും കുടുംബവും സുരക്ഷിതരല്ലെന്ന
ബോധം പൊലീസ് വകുപ്പില്‍ വളര്‍ന്നത് ഈ സംഭവത്തോടെയാണ്. അത്
സത്യവുമായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം മര്‍ദകരായ പൊലീസ് ഓഫീസര്‍മാരെ
കൈകാര്യം ചെയ്യാന്‍ നക്സലൈറ്റുകാര്‍ പലതവണ തീരുമാനിച്ചിരുന്നു. ഒന്നോ
രണ്ടോ തവണ ഇവരില്‍ ചിലര്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.
അധികാരഗര്‍വില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയൂം കൊലചെയ്യപ്പെടുകയും
മനുഷ്യത്വരഹിതമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നിടങ്ങളില്‍ ഇത്തരം
ചാവേറുകള്‍ ഉയര്‍ന്നുവരുമെന്ന് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും വര്‍ത്തമാന
യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുന്നു. സ്വയം ചാവേറാകാന്‍ തീരുമാനിച്ച
ഒരാള്‍ക്കു മുന്നില്‍ ഒന്നും തടസ്സമാകുന്നില്ല. ഒരു ചാവേറിന്റെ
മനസ്സിനകത്തെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം കണ്ടെത്തുംവരെ
ചാവേറുകള്‍ എല്ലാ സൈനിക സന്നാഹങ്ങള്‍ക്കും ഭീഷണിയായി തുടരും. ലോകത്തെ
മാറ്റിമറിക്കാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുള്ള ഒരാദര്‍ശത്തിനു
വേണ്ടി ( അത് മറ്റുള്ളവര്‍ക്ക് തെറ്റായാലും ശരിയായാലും) സ്വയം
ചാവേറാകാന്‍ ഒരാള്‍ തയാറായാല്‍ ലോകത്തിലെ ഏറ്റവും അപകടകാരി
അയാളായിരിക്കും. ഫ്രഞ്ചു വിപ്ലവം ലോകത്തിനു മുന്നില്‍ തുറന്നു വെച്ച ഈ
ആശയം ലോകം മുഴുവന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ആശയം ഏറ്റവും ശക്തവും
വിദഗ്ധവുമായി ആവിഷ്കരിക്കപ്പെടുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലാണ്. അധികാരം
തലക്കു പിടിച്ചവരുടെ അഹങ്കാരവും മര്‍ദനമുറകളും കൂട്ടക്കൊലകളും വളരെയേറെ
വര്‍ധിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.
ങ്ങാടിപ്പുറം ബാലകൃഷ്ണന്‍ എന്ന നക്സലൈറ്റിന്റെ ജീവിതവും മരണവും ഈ
യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ വേണം വിലയിരുത്താന്‍. എന്നാല്‍ അത്
ഇതുവരെ ഉണ്ടായിട്ടില്ല. നക്സലൈറ്റ് നേതാവായിരുന്ന കെ. വേണു പോലും
ബാലകൃഷ്ണന്റെ മരണം കേവലമൊരു ആത്മാഹുതിയായി വിലയിരുത്തുന്നതിലെ അപാകതയും
അതുതന്നെ. വേണുമാത്രമല്ല, മറ്റുള്ളവരും ഇങ്ങനെതന്നെയാണ് വിലയിരുത്തിയത്.
അടിയന്തരാവസ്ഥയിലെ പ്രത്യേക സാഹചര്യവും നക്സലൈറ്റ് വേട്ടയടക്കമുള്ള
കാര്യങ്ങളും ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വര്‍ഗീസിനെയും
പി.രാജനെയും രക്തസാക്ഷികളായി അംഗീകരിച്ചവര്‍പോലും ബാലകൃഷ്ണനെ
രക്തസാക്ഷിയായി അംഗീകരിച്ചിട്ടില്ല.
ബാലകൃഷ്ണന്‍ തീകൊടുത്ത പൊലീസ് ജീപ്പില്‍ (KLV 9104) സഹതടവുകാരനായി
ഉണ്ടായിരുന്ന അങ്ങാടിപ്പുറത്തെ പ്രഭാകരന്‍ മാസ്റ്ററും ഇതൊന്നും
അംഗീകരിക്കുന്നില്ല ( അഭിമുഖം കാണുക). മാഷ് ഏറെക്കാലം ബാലകൃഷ്ണന്റെ കൂടെ
സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചയാളും അങ്ങാടിപ്പുറത്ത് സി.പി. എം
നേതാക്കളുടെ പ്രതിഷേധം വകവെക്കാതെ ഒന്നിച്ച് ബീഡി സഹകരണ സംഘം നടത്തിവന്ന
ആളുമാണ്. എന്നിട്ടും ബാലകൃഷ്ണന്റെ ചാവേര്‍ മനസ്സ് അദ്ദേഹത്തിന്
കണ്ടെത്താനായിട്ടില്ല. അദ്ദേഹം അത് അംഗീകരിക്കുന്നുമില്ല. എന്നാല്‍, അതേ
ജീപ്പില്‍ ബാലകൃഷ്ണന്റെ അടുത്തിരുന്ന ക്രൈംബ്രാഞ്ച് സ്പെഷല്‍ സ്ക്വാഡ്
കോണ്‍സ്റ്റബിള്‍ നാരായണന്‍ ഭാഗികമായെങ്കിലും ജീപ്പിന് തീകൊളുത്തിയത്
ബാലകൃഷ്ണന്‍ തന്നെയാകാമെന്ന് സമ്മതിക്കുന്നുണ്ട്. മാഷെ
സംബന്ധിച്ചിടത്തോളം ബാലകൃഷ്ണന്‍ ജീപ്പിന് തീകൊളുത്തി എന്നത് തികച്ചും
'ഇല്ലോജിക്' ആയ ഒരു പ്രസ്താവനയാണ്. അത് പിന്നീട് ആരോ ഉണ്ടാക്കിയ വെറും കഥ
മാത്രമാണ് അദ്ദേഹത്തിന്.

പ്രഭാകരന്‍ മാഷ് പറയുന്ന ന്യായം
1976 മാര്‍ച്ച് എട്ടിന് കാലത്ത് എട്ട് മണിക്ക് മലപ്പുറം ക്രൈംബ്രാഞ്ച്
ഓഫീസില്‍ നിന്ന് പ്രഭാകരന്‍ മാഷെയും ബാലകൃഷ്ണനെയും ജീപ്പില്‍
കയറ്റുമ്പോള്‍ ഇരുവര്‍ക്കും കക്കയം ക്യാമ്പിലേക്കാണ്
പോകുന്നതെന്നറിയില്ലായിരുന്നു. പൊലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍
പൂര്‍ണമായും ദേഹപരിശോധന നടത്തിയ ശേഷമാണ് ജീപ്പില്‍ കയറ്റിയത്. അതിനാല്‍
ബാലകൃഷ്ണന്‍ തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയെന്ന് കരുതാനാവില്ല.
ബാലകൃഷ്ണന്‍ അപ്പോള്‍ തീരെ അവശനും നേരെ നില്‍ക്കാന്‍പോലും കഴിയാത്ത
അവസ്ഥയിലുമായിരുന്നു. ജീപ്പില്‍ വഴിക്കുവെച്ച് പെട്രോള്‍ അടിക്കുമെന്നോ,
കാനില്‍ പെട്രോള്‍ നിറച്ച് ജീപ്പില്‍ സൂക്ഷിക്കുമെന്നോ ആര്‍ക്കും
മുന്‍കൂട്ടി കാണാനാവില്ല. അതുകൊണ്ടുതന്നെ ജീപ്പ് കത്തിക്കാന്‍
ബാലകൃഷ്ണന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു എന്നു കരുതാനാവില്ല. ഇത് വെറും
കഥയാണ്. ഈ കഥ തികഞ്ഞ 'ഇല്ലോജിക്കും'.

കോണ്‍സ്റ്റബിള്‍ നാരായണന്‍ പറഞ്ഞത്
തീപിടിച്ച അതേ ജീപ്പില്‍ ബാലകൃഷ്ണന്റെ അടുത്തിരുന്ന കോണ്‍സ്റ്റബിള്‍
നാരായണന്‍ സംഭവം നടന്നത് ഒരുമാസം കഴിഞ്ഞാണെന്ന് വാദിക്കുന്നു. അതായത്
1976 ഏപ്രില്‍ എട്ടിനാണത്രെ സംഭവം നടന്നത് (ഇത് തെറ്റാണെന്ന് കൂടുതല്‍
അന്വേഷണത്തില്‍ വ്യക്തമായി. അന്ന് കൊല്ലപ്പെട്ട ഡിവൈ.എസ്.പി
സുബ്രഹ്മണ്യത്തിന്റെ മകന്‍, ഇന്നത്തെ തൃശൂര്‍ പൊലീസ് സൂപ്രണ്ട് ദിനേശ്
പറയുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ മരണം 1976 മാര്‍ച്ച് 13 ന്
ആയിരുന്നു എന്നാണ്. അതനുസരിച്ച് മാര്‍ച്ച് എട്ടിന് പൊള്ളലേല്‍ക്കുകയും
അഞ്ച് ദിവസം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് മരണപ്പെടുകയും
ചെയ്തു എന്ന് വ്യക്തം).
തീകൊടുത്തത് ബാലകൃഷ്ണനാകാം. എന്നാല്‍, അയാള്‍ തീകൊടുക്കുന്നത്
കണ്ടിട്ടില്ല. പെട്ടെന്ന് തീ 'ഭും' എന്ന ശബ്ദത്തോടെ
കത്തിയുയരുകയായിരുന്നു. തീപ്പെട്ടിയോ തീപ്പെട്ടിക്കൊള്ളിയോ ഒളിച്ചു
കടത്തിയതാകാം. നിയമവിരുദ്ധമായി ജീപ്പിനകത്ത് പെട്രോള്‍
സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് അതൊരു സാധാരണ സംഭവം
മാത്രമാണെന്നായിരുന്നു മറുപടി. ഉള്‍പ്രദേശങ്ങളില്‍ റെയ്ഡിനു പോകുമ്പോള്‍
ഇങ്ങനെ കാനില്‍ പെട്രോള്‍ കരുതാറുണ്ട്. അന്ന് പെട്രോള്‍ ബങ്കുകള്‍ തീരെ
കുറവായിരുന്നു. എല്ലാ ബങ്കില്‍നിന്നും പൊലീസിന് പെട്രോള്‍
കിട്ടുമായിരുന്നില്ല. അതിനാലാണ് കാനില്‍ സൂക്ഷിച്ചത്. കോഴിക്കോട്ടേക്ക്
പോകുമ്പോള്‍ ആവശ്യത്തിന് ബങ്കുകളുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന്
മറുപടി അവ്യക്തം.

യുക്തിരഹിത കാലത്തെ യുക്തികള്‍
അടിയന്തരാവസ്ഥയില്‍ മനുഷ്യരുടെ യുക്തിക്കോ നീതിബോധത്തിനോ എന്ത് പ്രസക്തി
എന്ന ചോദ്യം പ്രഭാകരന്‍ മാഷോട് ചോദിച്ചിട്ടു കാര്യമില്ല. നക്സലൈറ്റ്
അല്ലാത്ത തന്നെ നക്സലൈറ്റായി മുദ്രകുത്തി അടിയന്തരാവസ്ഥയില്‍ അറസ്റ്റ്
ചെയ്യുകയും എട്ടു മാസത്തോളം അറസ്റ്റു രേഖപ്പെടുത്താതെ കേരളം, തമിഴ്നാട്,
കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും
ജയിലുകളിലും തടഞ്ഞുവെക്കുകയും ചെയ്തതിന്റെ യുക്തി അദ്ദേഹത്തിനുപോലും
മനസ്സിലാകില്ല എന്നിരിക്കെ ബാലകൃഷ്ണന്റെ പ്രവൃത്തിയില്‍ യുക്തി തേടുന്നത്
എന്തിനെന്ന് വ്യക്തമല്ല. 1976 മാര്‍ച്ച് ഏഴിന് രാവിലെ ഒമ്പതുമണിക്ക്
പ്രഭാകരന്‍ മാഷെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുദിവസം മലപ്പുറം
ക്രൈംബ്രാഞ്ച് ഓഫീസില്‍ താമസിപ്പിച്ച് അടുത്ത ദിവസം കാലത്ത്
കക്കയത്തേക്ക് പുറപ്പെട്ടു. അപ്പോഴാണ് സംഭവം. അതിനും ഏതാണ്ട് ഒരാഴ്ച
മുമ്പെ പിടിയിലായ ബാലകൃഷ്ണന്‍ തടവില്‍ അനുഭവിക്കേണ്ടി വന്ന
പീഡനങ്ങളെക്കുറിച്ച് മാഷ്ക്ക് അറിയില്ല. പൊലീസ് ജീപ്പില്‍ കയറുമ്പോള്‍
മാത്രമാണ് സഹപ്രവര്‍ത്തകരായ ഇരുവരും നേരില്‍ കാണുന്നത്. സംസാരിക്കാന്‍
പോയിട്ട് നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു
ബാലകൃഷ്ണന്‍. ജീപ്പിന്റെ പിറകില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെ
ഇരുന്ന മാഷ് ഏറെ വൈകാതെ മയങ്ങിപ്പോകുകയും ചെയ്തു. അതിനാല്‍ ജീപ്പില്‍
ബാലകൃഷണന്‍ എന്തു ചെയ്തു എന്ന് അദ്ദേഹം കണ്ടിട്ടില്ല. ജീപ്പില്‍ തീ
പൊങ്ങിയപ്പോഴാണ് മാഷ് ഉണരുന്നത്. അപ്പോള്‍ തന്നെ പുറത്തേക്ക് ചാടി.
ബാലകൃഷ്ണനെ രക്ഷപ്പെടുത്താനൊന്നും ശ്രമിച്ചില്ല.
മാഷും ബാലകൃഷ്ണനും തമ്മില്‍ മാനസികാവസ്ഥകളുടെ കാര്യത്തിലും നിലപാട്
കാര്യത്തിലും വലിയ അന്തരമുണ്ടായിരുന്നു. താന്‍ അടിയന്തരാവസ്ഥയില്‍
അറസ്റ്റിലാകുമെന്നോ ഇത്രകാലം തടവില്‍ കഴിയേണ്ടി വരുമെന്നോ മാഷ്
കരുതിയിരുന്നില്ല. ബാലകൃഷ്ണനാകട്ടെ ഏതു നേരവും താന്‍ അറസ്റ്റ്
ചെയ്യപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു. നിരവധി ദിവസം ഒളിവില്‍ കഴിഞ്ഞശേഷം
അപകടം അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കാന്‍ തയാറായ ആളാണ് ബാലകൃഷ്ണന്‍.
ഒളിവില്‍ പോകാമെന്ന് തീരുമാനിച്ചാണ് താനും ബാലകൃഷ്ണനും പിരിഞ്ഞതെന്നും
പിന്നീട് ബാലകൃഷ്ണന്‍ നിലപാട് മാറ്റി വീട്ടിലേക്ക് തിരിച്ചു
വരുകയായിരുന്നുവെന്നും കെ.വേണു പറഞ്ഞിട്ടുണ്ട്. ''ഈ ഒളിവു ജീവിതം
തുടരാനാവില്ലെ''ന്ന് അച്ഛന്‍ പറഞ്ഞതായി മകന്‍ മുരളീധരനും പറഞ്ഞിട്ടുണ്ട്.
അറസ്റ്റും പീഡനവും സ്വീകരിക്കാന്‍ തയാറായി തന്നെയാണ് ബാലകൃഷ്ണന്‍ ഒളിവു
ജീവിതം മതിയാക്കി പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലെത്തിയത്. അന്നാണ്
അറസ്റ്റിലായതും. വയനാട്ടിലെ സഖാവ് വര്‍ഗീസിനെ പൊലീസ് വെടിവെച്ചു
കൊന്നതായിരുന്നു എന്ന് ബാലകൃഷ്ണന് അറിവുണ്ടായിരുന്നു. അടിയന്തരാവസ്ഥ
പ്രഖ്യാപനം കഴിഞ്ഞ് അപ്പോള്‍ ഏതാണ്ട് ഒമ്പത് മാസം കഴിഞ്ഞിരുന്നു.
തുടര്‍ന്നുണ്ടായ പൊലീസിന്റെ നക്സല്‍ വേട്ടയെക്കുറിച്ചും
ബാലകൃഷ്ണനറിയാമായിരുന്നു. മലപ്പുറത്തും തിരുവനന്തപുരത്തും കെ.വേണുവിനെ
പൊലീസ് വേട്ടയാടുകയാണെന്ന് അറിയാമായിരുന്ന അദ്ദേഹം വേണുവിനെ അന്ന്
തിരുച്ചിറപ്പള്ളിയിലുണ്ടായിരുന്
ന യു.പി. ജയരാജിന്റെ അടുത്ത്
എത്തിച്ചയാളാണ്. മാര്‍ച്ച് ഒന്നിന് പിടിയിലായ ആര്‍.ഇ.സിയിലെ പി.രാജനും
അഞ്ചിന് പിടിയിലായ വിജയനും പൊലീസ് പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട
വിവരവും ചോര്‍ന്ന് കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ബാലകൃഷ്ണനും
അക്കാര്യം അറിയേണ്ടതാണ്. എന്നിട്ടും ഒളിവുവാസം മതിയാക്കി പൊലീസിനു
മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതില്‍ അടിയന്തരാവസ്ഥാ വിരുദ്ധമായ
മനസ്സും തീരുമാനവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. പ്രഭാകരന്‍ മാസ്റ്ററുടെ
ധാരണ അനുസരിച്ച് ബാലകൃഷ്ണന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ
സഹപ്രവര്‍ത്തകന്‍ മാത്രം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെ
എതിര്‍ത്തിരുന്നു അയാള്‍ എന്നു മാത്രം. മലപ്പുറം ക്രൈംബ്രാഞ്ചിന്റെ
ഒരാഴ്ചത്തെ ചോദ്യംചെയ്യലും പീഡനവും കഴിഞ്ഞാണ് ബാലകൃഷ്ണന്‍ കക്കയത്തേക്ക്
പുറപ്പെടുന്നത്. അതിനു മുമ്പ് മൂന്നു തവണയെങ്കിലും പൊലീസ് റെയ്ഡില്‍
നക്സലൈറ്റുകളെ കാണിച്ചു കൊടുക്കാന്‍ ബാലകൃഷ്ണനെ കൂടെ
കൊണ്ടുപോയിരുന്നതായും റെയ്ഡിനിടയില്‍ വണ്ടിയില്‍ കാന്‍ നിറയെ പെട്രോള്‍
സൂക്ഷിച്ചിരുന്നതായും കോണ്‍സ്റ്റബിള്‍ നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കക്കയം യാത്രയിലും സ്വാഭാവികമായും വണ്ടിയില്‍ പെട്രോള്‍ കരുതാനുള്ള
സാധ്യത ബാലകൃഷ്ണന്‍ മനസ്സില്‍ കണ്ടിട്ടുണ്ടാകാം. അതനുസരിച്ചുള്ള
തയാറെടുപ്പുകളും മാനസികമായി നടത്തിയിരിക്കാം. തീപ്പെട്ടിയോ
തീപ്പെട്ടിക്കൊള്ളിയോ അയാള്‍ ഒളിച്ചു കടത്തിയിരിക്കാം. സ്വയം ചാവേറാകാന്‍
പോകുന്ന ഒരാള്‍ക്ക് എന്താണ് സാധ്യമല്ലാത്തത്? അതിന്റെ യുക്തി മാഷ്ക്ക്
മനസ്സിലാവണമെന്നില്ല.
മുന്‍കൂട്ടി തയാറെടുപ്പില്ലാത്ത ഒരാള്‍ തീപിടിത്തമുണ്ടായാല്‍
അതില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കുക സ്വാഭാവികം. ഇവിടെ ബാലകൃഷ്ണന്‍ സ്വയം
രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല, മലപ്പുറത്തെ പീഡനങ്ങള്‍ക്ക്
നേതൃത്വം വഹിച്ചിരുന്ന ഡിവൈ.എസ്.പിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ
കഴുത്തില്‍ ആമത്തില്‍ ബന്ധിപ്പിച്ച കൈകള്‍കൊണ്ട് കുരുക്കിടുകയും അയാളെ
ആവുന്നിടത്തോളം പൊള്ളിക്കുകയും ചെയ്തു എന്നതില്‍ എന്ത്
യുക്തിരാഹിത്യമാണുള്ളത്? പൊലീസ് പരിശോധനക്കിടയില്‍ ഒന്നും
ഒളിപ്പിക്കാനാവില്ലെന്ന മാഷുടെ സ്വാഭാവിക വിശ്വാസം തകര്‍ക്കുന്ന ഒരനുഭവം
മാലൂര്‍ക്കുന്ന് ക്യാമ്പില്‍ ഉണ്ടായിരുന്ന നക്സലൈറ്റ് തടവുകാരന്‍
ആര്‍ട്ടിസ്റ്റ് മോഹനന്‍ പറയുകയുണ്ടായി. തടവറയില്‍ കഴിയുന്ന നേരത്ത്
മുറിയില്‍ ഉണ്ടായിരുന്ന വീതി കുറഞ്ഞതും മൂര്‍ച്ചയേറിയതുമായ ഒരു ഉളി കുറെ
നാള്‍ തന്റെ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്നുവത്രെ.
അത്തരം അവസ്ഥകളില്‍ പല്ലും നഖവും ആയുധമാകുമെന്ന് പറഞ്ഞാല്‍ മതി.
അതിനപ്പുറം അതിന്റെ ലോജിക്ക് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. തീകൊളുത്തിയ
ശേഷം വസ്ത്രങ്ങള്‍ കത്തുമ്പോഴും അയാള്‍ ഡിവൈ.എസ്.പിയെ പിറകില്‍ നിന്ന്
കഴുത്തിന് പിടിച്ച് രക്ഷപ്പെടുന്നത് തടഞ്ഞു എന്നു വ്യക്തം. സി.ഐയും
ഡ്രൈവറും ഓടുന്ന ജീപ്പില്‍നിന്ന് രക്ഷപ്പെട്ടിട്ടും ഡിവൈ.എസ്.പിക്ക്
രക്ഷപ്പെടാന്‍ ശരീരം മുഴുവന്‍ പൊള്ളുന്നതുവരെ കാത്തിരിക്കേണ്ടി വന്നു
എന്നത് ഇതിനു തെളിവാണ്. പ്രഭാകരന്‍ മാഷ് ഇക്കാര്യം ഇപ്പോള്‍
നിഷേധിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പച്ചക്കുതിര
എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: ''
പെട്ടെന്ന് ഡിവൈ.എസ്.പി ഒറ്റ നിലവിളിയാണ്^അയ്യോ! തീ! എന്ന്. ഞാന്‍ കണ്ണ്
തുറന്നപ്പോള്‍ ബാലകൃഷ്ണനും ഡിവൈ.എസ്.പിയും ജീപ്പിനകത്തെ ആളിക്കത്തുന്ന
തീയില്‍ മല്‍പ്പിടിത്തം നടത്തുന്നതാണ് കണ്ടത്. ''
ജീപ്പിനകത്തെ പെട്രോള്‍ കാന്‍ തട്ടിമറിച്ചിട്ട് തീകൊളുത്തി താനടക്കം
എല്ലാവരും മരിക്കണമെന്നതാകാം ബാലകൃഷ്ണന്‍ കരുതിയത്. പി.രാജന്‍
കൊല്ലപ്പെട്ടതിന് നക്സലൈറ്റുകള്‍ പകരം വീട്ടുമെന്ന് പൊലീസിന്
അറിവുണ്ടായിരുന്നു. അതിനാലാണ് പുറത്തുനിന്നുള്ള നക്സലൈറ്റുകള്‍ ജീപ്പ്
ആക്രമിച്ചതാണെന്ന് പൊലീസ് പ്രചരിപ്പിച്ചത്. നിന്നു കത്തുമ്പോഴും
ബാലകൃഷ്ണന്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതായി പ്രഭാകരന്‍ മാഷും
കോണ്‍സ്റ്റബിള്‍ നാരായണനും പറയുന്നുണ്ട്. തീപ്പൊള്ളി
മരിക്കുമെന്നറിഞ്ഞിട്ടും പുറത്തിറങ്ങാതെ വണ്ടിയില്‍ വെച്ച് മുദ്രാവാക്യം
വിളിച്ച് സമയം കളഞ്ഞത് യുക്തിയുടെ ഭാഷയില്‍ ചിന്തിച്ചാല്‍ മണ്ടത്തരമോ
വിവരക്കേടോ ആണ്. ബാലകൃഷ്ണന്‍ നക്സലൈറ്റ് മുദ്രാവാക്യമൊന്നും
വിളിച്ചിട്ടില്ല എന്നും പൊതുവായ മാര്‍ക്സിസ്റ്റ് മുദ്രാവാക്യം മാത്രമാണ്
വിളിച്ചിരുന്നതെന്നുമുള്ള മാഷുടെ വാക്കുകളും അങ്ങനെതന്നെ
അംഗീകരിക്കാനാകില്ല. നക്സല്‍ബാരിക്കും ചാരുമജൂംദാറിനും മുദ്രാവാക്യം
വിളിച്ചിരുന്നതായാണ് നാരായണന്‍ പറഞ്ഞത്. പൊലീസുകാരും മാഷും ബാലകൃഷ്ണനെ
അവിടെതന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് അതുവഴി വന്ന ഒരു ബസിലെ
ആളുകളാണ് അയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അവിടെയും മുദ്രാവാക്യം
വിളി തുടര്‍ന്നു. മരിക്കുന്നതുവരെ ഇതു തുടര്‍ന്നതായും മാഷും നാരായണനും
പറഞ്ഞിട്ടുണ്ട്.
അന്ന് കോണ്‍സ്റ്റബിളായിരുന്ന നാരായണന്‍ മുഴുവന്‍ കാര്യങ്ങളും പറയാത്തത്
മനസ്സിലാക്കാം. തൊട്ടടുത്തിരുന്ന തടവുകാരന്‍ തീപ്പെട്ടിയുരച്ച് പെട്രോള്‍
കാനിന് തീവെക്കുന്നത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അയാള്‍ക്ക് പൊലീസില്‍
തുടരാനാവുമായിരുന്നില്ല. മുന്‍സീറ്റിലെ ഡിവൈ.എസ്.പിയെ രക്ഷിക്കാതെ
സ്വന്തം ജീവന്‍ രക്ഷിച്ചു എന്ന് പറയാന്‍ ഒരു കോണ്‍സ്റ്റബിളിനെങ്ങനെ
കഴിയും!

2 comments:

  1. സാര്‍,
    അടിയന്താരവസ്ഥയുടെ മറവില്‍ നടന്ന കൂട്ടക്കൊലകള്‍ അനവധി, എന്നാല്‍ ഇന്നും നമ്മുടെ കണ്‍ മുന്നില്‍ വെടിയേറ്റു മരിക്കുന്ന എത്രപേര്‍.അവര്‍ക്കും ചാവേര്‍ എന്നോ ജിഹാദി എന്ന പേരോ ചാര്‍ത്തി കൊടുക്കും നമ്മള്‍. ഭരണ കൂടത്തിന്റെ ചാവേറുകളായി പോലീസും പട്ടാളവും എന്നും ഭീകരര്‍ക്ക് കൂട്ടായുണ്ട്. കൂട്ടിന്‌ എരിവുള്ള നുണകളും.

    ReplyDelete
  2. കഥകള്‍ എന്തോ ആകട്ടെ. അധികമൊന്നും രേഖപ്പെടാതെ പോയ ആ രക്തസാക്ഷികളെ ഇടക്കെങ്കിലും ഇങ്ങനെയൊക്കെ ഓര്‍ക്കുന്നുണ്ടല്ലോ. അവരുടെ പ്രസക്തിയും അതു തന്നെയാണ്. അതിലേറെ മറ്റെന്തു വേണം.

    അഭിവാദ്യങ്ങളോടെ

    ReplyDelete