Thursday, July 18, 2013

പുള്ളിമാന്‍റെ ശലഭജന്മങ്ങൾ

                         

                                                                                           ഷെരീഫിന്റെ വര                                           


ഇരുള്‍ വിഴുങ്ങിയ മരത്തില്‍ നക്ഷത്രങ്ങളായി പാറിനടക്കുന്നത് മിന്നാമ്മിന്നികളുടെ ആണ്‍വര്‍ഗം.

പെണ്‍വര്‍ഗം ഞങ്ങളെപ്പോലെ മണ്ണിലും വേലിപ്പടര്‍പ്പിലും പുഴുക്കളായി ഇഴഞ്ഞിഴഞ്ഞ്... ഇണയെ വിളിക്കാന്‍ 

മിന്നിമിന്നി...

അറിയ്വോ? പെണ്ണുങ്ങള്‍ക്ക് ചിറകുമുളക്കില്ല^ പാറിപ്പറക്കാന്‍. അവക്കെന്നും പുഴുജന്മം. ആര്‍ക്കും 

ചവുട്ടിയരക്കാം.

കൊടുങ്കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ഗസ്റ്റ്ഹൌസിന്റെ ടെറസില്‍ നിലാവും മഞ്ഞുകാറ്റും സഹിച്ച്, തണുത്തുവിറച്ച്, 

അവള്‍ 'ഴ' എന്ന എന്റെ കൂട്ടുകാരി, പറഞ്ഞുകൊണ്ടിരുന്നു. (അവള്‍ക്ക് 'പ' എന്നോ 'മ' എന്നോ എന്തു പേരുമിടാം. 

പക്ഷേ, അവള്‍ 'ഴ'യാണ്. എന്റെ നാവിന് ഒരിക്കലും വഴങ്ങാത്തവള്‍).

വീണുകിട്ടുന്ന സൌഹൃദയാത്രകളാണ് ഞങ്ങളുടെ ജീവിതം. അതുകഴിഞ്ഞാല്‍ അവരവരുടെ ജീവിതം.

നഗരത്തിന്റെ ആര്‍ത്തിവേഗങ്ങളില്‍നിന്ന് വീണ്ടും വീണ്ടും അഭയാര്‍ഥിയെപ്പോലെ എന്റെ പലായനം. രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രം. വീണ്ടും ദിവസങ്ങളുടെ നഗരബലി.^നഗരം തരുന്ന തീരാമുറിവുകളാണ് എന്നെ വീണ്ടും വീണ്ടും ഏതെങ്കിലും കാട്ടിലേക്കോ ഗ്രാമത്തിലേക്കോ ഓടിക്കുന്നത്.

എന്റെ ഉള്ളിന്റെ നോവുകളുടെ ശരി, പക്ഷേ, 'ഴ' അംഗീകരിച്ചില്ല.

നഗരമോ പുറംലോകമോ തരുന്നതല്ല, ആത്മാവില്‍ സ്വയം ഏറ്റുവാങ്ങുന്ന മുറിവുകളാണത്. 

എത്ര ഓടിയാലും അതില്‍നിന്ന് രക്ഷയില്ല.

വെറുമൊരു വയല്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഇന്നും അതിനകത്തുതന്നെ ജീവിക്കുന്നവള്‍ക്ക് നഗരത്തിന്റെ മുറിവുകളേറ്റുവാങ്ങേണ്ടിവരില്ല.എന്നിട്ടും എന്നെപ്പോലെ അഭയാര്‍ഥിയായി ഇടക്കിടെ അവളും ഒളിച്ചോടുന്നു.

ഈ യാത്രയും അങ്ങനെത്തന്നെ.

ഓരോ യാത്രയും ഞങ്ങള്‍ക്ക് വീണുകിട്ടുന്ന ശലഭജന്മങ്ങള്‍.
ഞങ്ങളുടെ സൌഹൃദ നിമിഷങ്ങള്‍ മാത്രമല്ല ഭാഷയും ഇപ്പോള്‍ ശലഭമയം^ശലഭ ജീവിതം, ശലഭരാത്രി, ശലഭ പൌര്‍ണമി...

ഇതുപോലൊരു കാട്ടുരാത്രിയില്‍ 'ഴ'യാണ് ശലഭങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.
മനുഷ്യായുസ്സ് വെച്ചുനോക്കുമ്പോള്‍ ശലഭങ്ങളുടെ ജീവിതം എത്രനിസ്സാരം! പച്ചിലകളരച്ച് വെറുമൊരു പുഴുവായി ജന്മം. ഒരു നാള്‍ ബോധത്തിന്റെ വല്മീകം തീര്‍ത്ത് അത് തപസ്സു തുടങ്ങുന്നു. പിന്നെ പ്യൂപ്പ.

ആത്മാവിന്റെ പശക്കൂട് പൊട്ടിച്ച് പുറത്തുവരുന്നത് പുഴുവല്ല. ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യങ്ങളുമാവാഹിച്ച് ഒരു പൂമ്പാറ്റ. അപൂര്‍വ നിറങ്ങളില്‍ വലിയ ചിറകുകള്‍. നിറയെ കണ്ണുകള്‍.നേരിയ രണ്ട് തേന്‍കുഴലുകള്‍.

അവക്ക് പറക്കാന്‍ പൂക്കളും പൂങ്കാവനങ്ങളും. കുടിക്കാന്‍ പൂന്തേന്‍. ഭാഗ്യം ചെയ്ത ജന്മം.
മിന്നാമ്മിന്നികളെപ്പോലെ അവയെ ആണും പെണ്ണുമായി വേര്‍തിരിച്ചറിയില്ല. നിയന്ത്രണങ്ങളില്ലാതെ പാറിപ്പറക്കാം. കാണാത്ത ലോകങ്ങള്‍ കാണാം.

പറഞ്ഞ് പറഞ്ഞ് കാടുകയറുന്നതിനിടെ അവള്‍ ചോദിച്ചു:
പൂമ്പാറ്റകളുടെ ദേശാടനം നീ കണ്ടിട്ടുണ്ടോ?എനിക്ക് ആ അറിവും പുതിയൊരു ശലഭവിസ്മയം.
പക്ഷികളുടെ ദേശാടനം പക്ഷെ അറിയാം. കണ്ടിട്ടുമുണ്ട്.

പക്ഷെ , ശലഭങ്ങള്‍...

.ഒരു കുഴപ്പോണ്ട്.... ഒന്നോ രണ്ടോ ആഴ്ച മാത്രമാണ് പരമാവധി ശലഭായുസ്സ്. എന്നാലെന്താ? എത്ര ധന്യമായിരിക്കും ശലഭ ജീവിതം!

പൊതുവെ, മൌനിയായവള്‍ കാട്ടില്‍ വാചാലയാകുന്നു. വാചാലത നഗരത്തിന്റെ രീതിയാണ്. കാട്ടില്‍ എന്റെ ശരി മൌനവും.

പക്ഷേ, 'ഴ' അത് അംഗീകരിച്ചു തരില്ല.

ആത്മാവിന്റെ ഭാഷ പരസ്പരം കേള്‍ക്കാനാണ് ശലഭയാത്രകളെന്ന് അവളുടെ ന്യായം.

അവള്‍ തുടര്‍ന്നു: സൈലന്റ്വാലിയുടെ ഉള്‍ക്കാട്ടില്‍വെച്ചാണ് ഞാന്‍ ശലഭദേശാടനം കണ്ടത്. കാട്ടിനുള്ളില്‍ അധികം ഉയരമില്ലാത്ത ഒരു മരത്തിന് ചുറ്റും ആയിരക്കണക്കിന് മഞ്ഞപ്പൂമ്പാറ്റകള്‍.

വാന്‍ഗോഗ് ചിത്രങ്ങളില്‍ മഞ്ഞപോലെ.
കാട്ടുപച്ചക്കും ഇരുളിനുമിടയില്‍ തിളങ്ങുന്ന മഞ്ഞയുടെ ശലഭലോകം. ചിറകില്‍ കണ്ണുകളില്ലാത്ത മഞ്ഞപ്പൂമ്പാറ്റകള്‍.

ഞാനൊരു ശലഭമരമായിനിന്ന് അവയെല്ലാം എന്നെ പൊതിയുന്നത് സങ്കല്‍പിച്ചുനോക്കി.
പിങ്ക്സാരിയില്‍ മഞ്ഞപ്പൂമ്പാറ്റകളുടെ കാട്. തലമുടിയിലും കഴുത്തിലും കണ്ണുകളിലും...

നാളെ ഇവിടെ വന്നാല്‍ നിറയെ മഞ്ഞച്ചിറക് പെറുക്കാമെന്ന് ഗൈഡ് പറഞ്ഞു.

മരിച്ചശേഷം എന്റെ ചിറകുകള്‍ ആരെടുത്താല്‍ എനിക്കെന്താ?

കുറച്ചു നേരത്തെ ശലഭമൌനത്തിനുശേഷം 'ഴ' വീണ്ടും^

^ഞാനും നീയുമൊക്കെ ഒരു നൂറുവയസ്സുവരെ ജീവിക്കുന്നു എന്ന് കരുതുക. അതെത്ര അസഹനീയം! മടുത്തു മടുത്ത് ഛര്‍ദിക്കാനേ നേരണ്ടാവൂ. സ്വയം നിന്ദിച്ച്, സ്വയം വെറുത്ത്, അരുതായ്കകളുടെ ചിലന്തിവലയില്‍ കുടുങ്ങി...

ആത്മാവിന്റെ ഇഷ്ടങ്ങളാണ് ആര്‍ക്കും വേണ്ടാത്തത്.

പൂമ്പാറ്റകള്‍ക്ക് ശൈശവവും ബാല്യവുമില്ല. പ്യൂപ്പപൊട്ടിച്ച് പുറത്തുകടന്നാല്‍ കിട്ടുന്നത് ഒരു പൂര്‍ണ ജന്മം.

പഠിക്കാന്‍ പോകണ്ട. ജോലി നോക്കണ്ട. കല്യാണം കഴിക്കണ്ട. കുട്ടികളെ പോറ്റണ്ട. ഭാര്യയായി, അമ്മയായി, വീട്ടമ്മയും അമ്മൂമ്മയുമായി എത്ര കൊല്ലാണ് മിന്നാമ്മിന്നി പുഴുവെ പോലെ ഇഴയുക?

പത്തെഴുപതുകൊല്ലം നീളുന്ന നമ്മുടെയൊക്കെ പുഴുജീവിതത്തെക്കാള്‍ എത്ര മനോഹരമായിരിക്കും ശലഭജന്മം!

നമുക്കും ചെറിയ ചെറിയ ശലഭജന്മങ്ങള്‍ മതിയായിരുന്നു.
ഒന്നോ രണ്ടോ ദിവസം ജീവിക്കുക. പിന്നെ മരിക്കുക. പിന്നെയും പിന്നെയും ശലഭജന്മങ്ങള്‍. വീണ്ടും വീണ്ടും കാത്തിരിപ്പ്. അങ്ങനെ കുറെ ശലഭജന്മങ്ങളുടെ തുടര്‍ച്ചയായിരുന്നു ജീവിതമെങ്കില്‍!

'ഴ' തണുത്തു വിറക്കുന്നുണ്ട്. കരിമ്പടമെടുത്ത് മൂടിയിട്ടും മഞ്ഞു കാറ്റില്‍ പുളയുന്നുണ്ട്.
'ഴ' എന്നെ ചേര്‍ന്നിരുന്നു. അവള്‍ പുതച്ച കരിമ്പടം തുറന്ന് എന്നെക്കൂടി അകത്താക്കി.
ഏതു തണുപ്പിലും നിനക്കു നല്ല ചൂട്!

ഇന്ന് ശലഭപൌര്‍ണമി.

കാട്ടിലെ നിലാവെളിച്ചത്തില്‍ മാന്‍കൂട്ടം മേയുന്നതും നോക്കിയിരിപ്പാണ് ഞാന്‍. മാന്‍കൂട്ടം അടുത്തടുത്തുവരുന്നത് ബൈനോക്കുലറിലൂടെ നോക്കിയിരിപ്പാണവള്‍.
കൂട്ടത്തില്‍ തലവനായി വലിയൊരു കൊമ്പന്‍.

അതെന്നെത്തന്നെ നോക്കിനില്‍പാണെന്ന് പറഞ്ഞിട്ടും 'ഴ' ചിരിച്ചില്ല.

സത്യമായും അതെന്റെ കണ്ണുകളില്‍ തന്നെ നോക്കിനില്‍പാണ്^ കരുണയോടെ. ഇടക്കത് 

തലതിരിച്ച് ചുറ്റും ചെവി വട്ടംപിടിക്കും. മണം പിടിക്കും. ആപത്തൊന്നുമില്ലെന്നുറപ്പിച്ച് വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കിനില്‍ക്കും. മഞ്ഞുകാറ്റിന് പിന്നെയും ശക്തികൂടുന്നു. എന്റെ നെഞ്ഞില്‍ തലചായ്ച്ച് 'ഴ' ചാരിയിരുന്നു.

നിന്റെ ഹൃദയമെന്താ ഇങ്ങനെ പടപടാന്ന്... കുഴപ്പം വല്ലതുംണ്ടോ?

ഞാന്‍ പുള്ളിമാന്റെ കണ്ണുകളിലൂടെ എന്റെ ബാല്യത്തിന്റെ പുളപ്പുകളിലേക്ക് യാത്രതുടങ്ങിയിരുന്നു.

ഉമ്മാമ്മയോടൊപ്പം കടവത്തൂരിലേക്ക് നടന്നുപോകുമ്പോള്‍ നാദാപുരത്തങ്ങാടിയില്‍ റോഡിലൂടെ അലഞ്ഞുനടന്ന ആ വലിയ പുള്ളിമാന്‍. മരങ്ങളുടെ ഉയരത്തില്‍ കൊമ്പുകള്‍.

ഞാന്‍ കാര്യായിട്ടു ചോദിച്ചതാ... എന്നെങ്കിലും ചെക്കപ്പ് നടത്തീട്ടുണ്ടോ?

ഇല്ല.

ഒന്ന് നടത്തണം. മനുഷ്യ ഹൃദയം ഇങ്ങനെയല്ല മിടിക്കേണ്ടത്.

അത് പുതിയൊരറിവാണ്

.തമാശയാക്കണ്ട
.
ചെക്കപ്പ് നടത്തി വല്ല കുഴപ്പോം കണ്ടെത്തിയാല്‍ പിന്നെ ജീവിതം എന്തിന് കൊള്ളും?

അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. നെഞ്ഞിലെ ചൂട് സഹിക്കാഞ്ഞിട്ടാവണം കരിമ്പടം എന്നെ പുതപ്പിച്ച് 'ഴ' പുറത്തുകടന്ന് മാറി ഇരുന്നു.

ഞാന്‍ പുള്ളിമാന്‍ കണ്ണുകളിലൂടെ എന്റെ ഉള്ളിലേക്ക് പടവുകളിറങ്ങി.
നാദാപുരത്തങ്ങാടിയില്‍ ഉമ്മാമ്മയുടെ കോന്തലയും പിടിച്ച് നടന്ന എട്ടു വയസ്സുകാരനായി ഞാന്‍.കടയില്‍നിന്ന് വാങ്ങിയ ചെറുപഴങ്ങള്‍ നീട്ടുമ്പോള്‍ തലതാഴ്ത്തി, കൊമ്പുകള്‍കൊണ്ട് ഉമ്മാമ്മയെ തൊട്ടുരുമ്മി പുള്ളിമാന്‍ അത് ചവച്ചരച്ചു തിന്നുന്നത് ദൂരെ ഞാന്‍ നോക്കിനിന്നു. അതിന്റെ കൊമ്പില്‍ ഒന്ന് തൊടണമെന്ന് വല്യ പൂതിയുണ്ടായിരുന്നു.

നാദാപുരം പള്ളിയിലെ വിശുദ്ധനായ തങ്ങളുപ്പാപ്പയുടെ ഖബറു കാണാനാണ് പുള്ളിമാന്‍ ഒരു നാള്‍ കാടിറങ്ങിവന്നത്. പിന്നെ തിരിച്ചുപോയില്ല. അങ്ങാടിയാടിനെപ്പോലെ, 

നേര്‍ച്ചക്കൊറ്റനെപ്പോലെ, അതും അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞ് ജീവിച്ചു.
പള്ളിക്കുള്ളിലെ പട്ടുകൊണ്ടു മൂടിയ വിശുദ്ധ ഖബറുകാണാന്‍ അതിനൊരിക്കലും ഭാഗ്യമുണ്ടായില്ല.

ആരും അതിനെ ഉപദ്രവിച്ചില്ല. സ്നേഹത്തോടെ പഴങ്ങളും പുല്ലും, കുടിക്കാന്‍ കല്‍ത്തൊട്ടിയില്‍ വെള്ളവും നല്‍കി അങ്ങാടി അതിനെ പോറ്റി.

നാടിറങ്ങിയ പുള്ളിമാന്റെ ശലഭജന്മം.

ഇന്നാണെങ്കില്‍ നാട്ടിലൊരിടത്തും ഒരു പുള്ളിമാനും അലഞ്ഞുനടക്കില്ല. പൊരിച്ച മാനിറച്ചിയുടെ മണം ആരൊക്കെ എത്രനാള്‍ സഹിച്ചിരിക്കും!

ഇപ്പോള്‍ നിലാവില്‍ മേയുന്ന മാന്‍കൂട്ടമില്ല. അവര്‍ക്ക് കാവല്‍നിന്ന് എന്റെ കണ്ണുകളിലേക്ക് കരുണയോടെ നോക്കിനിന്ന കൊമ്പനുമില്ല.

നിലാവെളിച്ചത്തില്‍ ഇരുട്ട് പടര്‍ത്തി ഒരു വലിയ മേഘക്കൂട്ടം നീങ്ങിപ്പോകുന്നു
.'ഴ'യെ ടെറസിലെങ്ങും കാണാനില്ല. മഞ്ഞുകാറ്റ് സഹിക്കാനാകാതെ മുറിയിലേക്ക് തിരിച്ചുകാണും.

മേഘങ്ങളില്‍നിന്ന് വിടുതി നേടുന്ന നിലാവിനെ കാത്ത് ഞാനവിടെത്തന്നെയിരുന്നു. ഓര്‍മയില്‍ മായാതെ, മറയാതെ പുള്ളിമാന്റെ കരുണയുള്ള കണ്ണുകള്‍.

അന്ന് ലൈലത്തുല്‍ ഖദ്ര്‍. ആയിരം രാവുകളെക്കാള്‍ പുണ്യം നിറഞ്ഞ ദിനം. ഇബ്ലീസിനെയും ജിന്നുകളെയും ചങ്ങലക്കിടുന്ന ദിവസം.

നോമ്പുതുറന്ന ക്ഷീണവുമായി ഉറങ്ങുകയായിരുന്നു ഞാന്‍. ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്ത് കാന്തവിളക്കും നാട്ടുകാരും. ഒച്ചയും ബഹളവും

.ഉറക്കച്ചടവുമായി എഴുന്നേറ്റുചെന്നപ്പോള്‍ വരാന്തയിലുണ്ട് ആ വലിയ പുള്ളിമാന്‍!
അതിന്റെ വലിയ കൊമ്പുകള്‍ മോന്തായത്തില്‍ തട്ടി ഓടുകള്‍ നുറുങ്ങി വീണിരുന്നു. കൊമ്പുകള്‍ കഴുക്കോലുകള്‍ക്കിടയില്‍ കുരുങ്ങി ഇളകാനാകാതെ നില്‍പാണവന്‍. കണ്ണുകളില്‍ കരുണക്കു പകരം പേടിയുടെ ഇരുള്.

അതിന്റെ തലയറുത്തില്ലെങ്കില്‍ മോന്തായം പൊളിഞ്ഞുവീഴുമെന്ന് ഒണക്കച്ചന്‍ ഉറപ്പുപറഞ്ഞു.
ഇബ്ലീസും ജിന്നുകളുമില്ലാത്ത രാവില്‍ ഇതേതോ പുണ്യാത്മാവെന്ന് കുഞ്ഞാലി മുസ്ലിയാര്‍
.നാദാപുരത്തങ്ങാടിയില്‍ ഖബറുകാണാന്‍ വന്നവന്‍ തന്നെ ഇവനെന്ന് ഉമ്മാമ്മ.
ഒന്നും ചെയ്യാതിരുന്നാല്‍ താനേ കൊമ്പുകളൂരി ഇറങ്ങിപ്പോകുമെന്ന് കുഞ്ഞ്യേറ്റിക്കാക്ക
.ചിരുത എവിടന്നോ ഒരു പടല മൈസൂര്‍പഴവുമായി മാനിനടുത്തെത്തി. പഴം വായിലേക്കു നീട്ടിയെങ്കിലും വായ തുറക്കാനാകാത്ത വെപ്രാളത്തിലായിരുന്നു മാന്‍.

പിറ്റെന്നാള്‍ ഉണര്‍ന്നെണീറ്റുവന്ന് വീടും തൊടിയും മുഴുവന്‍ തെരഞ്ഞിട്ടും പുള്ളിമാനിനെ കണ്ടില്ല. അതിന്റെ കൊമ്പു തട്ടി വീണുടഞ്ഞ ഓടുകള്‍ മുറ്റമടിക്കുമ്പോള്‍ ഉമ്മ പെറുക്കിക്കൂട്ടിയത് കാണാനുണ്ട്. ഓടിളകിയ മോന്തായത്തിലൂടെ ആകാശക്കഷണങ്ങളും കാണാം

.ഉമ്മയോടും ഉപ്പയോടും മാറിമാറി ചോദിച്ചിട്ടും അവരൊന്നും പറഞ്ഞില്ല.
എന്തുമാന്‍? ഏതു മാന്‍ എന്ന് ഇത്താത്ത.

ഇപ്പോള്‍ ടെറസിലും പുറത്തും നിലാവെളിച്ചം. മഞ്ഞുകാറ്റ് ശമിച്ചിട്ടുണ്ട്. പുകമഞ്ഞുമാത്രം കാടുകള്‍ക്ക് മേലെ...

തണുപ്പ് ഒട്ടും സഹിക്കാനാവാത്തവളാണ് 'ഴ'. തണുത്തുവിറച്ച് 'ഭ' എന്നെഴുതിയപോലെ അവള്‍ ചുരുണ്ടുകിടന്നുറങ്ങിക്കാണും.

ചാരിവെച്ച വാതില്‍ തുറന്ന് മുറിയിലെത്തിയിട്ടും, പക്ഷേ, അവളെ കണ്ടില്ല. ബാത്ത്റൂമില്‍നിന്ന് ഷവറിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്.

ദൈവമേ, കാലത്ത് ചൂടുവെള്ളത്തില്‍ പോലും കുളിക്കാന്‍ ധൈര്യമില്ലാത്തവള്‍ അര്‍ധരാത്രി, 

തണുത്തു വിറക്കുമ്പോള്‍, ഐസുവെള്ളത്തില്‍ കുളിക്കുന്നതെങ്ങനെ?
എന്താണവള്‍ക്ക് സംഭവിച്ചിരിക്കുക?

ബാത്ത്റൂമിന്റെ വാതിലില്‍ കുറേനേരം മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തള്ളിയപ്പോള്‍ വാതില്‍ വെറുതെ തുറന്നുപോയി. സാരിയഴിക്കാതെ ഷവറില്‍നിന്ന് വീഴുന്ന ഐസ് വെള്ളത്തിന് കീഴെ അവള്‍ നില്‍ക്കുന്നു. ഇരു കൈകള്‍ കുരിശുപോലെ ചുമലുകളില്‍ ചാരി, കിടുകിടാ വിറച്ച്, കണ്ണുകളടച്ച്...

ഷവര്‍ ഓഫ് ചെയ്തപ്പോള്‍ അവള്‍ നനഞ്ഞ കണ്ണുകള്‍ തുറന്നു.

എന്തോ പറയാനോങ്ങിയെങ്കിലും പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു.

വലിച്ചു മുറിയിലെത്തിച്ച് തല അമര്‍ത്തി തുവര്‍ത്തിയിട്ടും മുടിയില്‍നിന്ന് ഐസ്വെള്ളം ചോര്‍ന്ന് തീരുന്നില്ല.

നനഞ്ഞൊട്ടിയ സാരി മാറ്റാന്‍ പറഞ്ഞിട്ടും അവള്‍ നിന്നുവിറച്ചുകൊണ്ടിരുന്നു.

അവള്‍ ശരിക്കും മരവിച്ചു നില്‍പാണെന്നുറപ്പ്. തണുത്ത് മരവിച്ച് അവളുടെ ഹൃദയം തന്നെ നിലച്ചുപോയേക്കുമെന്ന് എനിക്കുതോന്നി.

ഈ അവസ്ഥയില്‍നിന്ന് അവളെ രക്ഷിക്കാന്‍ നനഞ്ഞ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ദേഹം തുവര്‍ത്തിയാറ്റി, കരിമ്പടത്തില്‍ പൊതിഞ്ഞ് കിടക്കയില്‍ കിടത്തുകയാണ് സത്യത്തില്‍ ഞാന്‍ ചെയ്യേണ്ടത്
രാത്രിയുടെ ഈ ഏകാന്തതയില്‍ ഞാനെങ്ങനെ... ഒരന്യ സ്ത്രീയെ വിവസ്ത്രയാക്കും?

അവള്‍ ഒരു മരക്കുറ്റിപോലെ നിന്നു വിറച്ചുകൊണ്ടിരുന്നു.

ഇനിയും കാത്തുനിന്നാല്‍ മരവിച്ച് ബോധം നശിച്ച് അവള്‍ വീണുപോകും.
നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ മാറ്റാതെ അതിന് മേലെ കരിമ്പടം പൊതിഞ്ഞ് ഞാനവളെ കിടക്കയില്‍ കിടത്തി.

ഒരു കുഞ്ഞിനെപ്പോലെ അവളെന്നെ അനുസരിച്ചു. കിടക്കയില്‍ കിടന്ന് 'ഴ' വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ചില വാക്കുകള്‍ മാത്രം പുറത്തുവീണു.

ഇങ്ങനെയല്ല... ഇങ്ങനെയല്ല, മിടിക്കേണ്ടത്...

എന്റെ കരിമ്പടം കൂടി അവള്‍ക്കുമേലെ പൊതിഞ്ഞ് വിറയല്‍ മാറുന്നതും കാത്ത് ഞാനിരുന്നു.
അവള്‍ മരിച്ചതുപോലെ മരവിച്ച്, ചുണ്ടുകളിലെ വിറയല്‍പോലും നിലച്ച്, കണ്ണുകളടച്ച്....
അവള്‍ 'ഴ'. എന്റെ ആത്മമിത്രം

.ഇപ്പോള്‍ നഷ്ടപ്പെട്ട തുമ്പപ്പൂക്കള്‍ അന്വേഷിച്ച് പൊടിമണ്ണില്‍ ഇഴയുകയാവും.

Sunday, July 14, 2013

CANCER WARD





                                                                         


                                                    
CANCER WARD


 എത്രമുട്ടിവിളിച്ചിട്ടും 

                 അവൾ വാതില്‍ തുറന്നതേയില്ല.

                  താക്കോല്‍ പഴുതിലൂടെ നോക്കി

 അവള്‍ നിലവിളിച്ചു_

 എനിക്ക് മരിക്കേണ്ട....

   എനിക്ക് മരിക്കേണ്ടാ....

Saturday, June 8, 2013

എന്റെ രണ്ടാം കാശ്മീര്‍ യാത്ര .



ജമ്മുവില്‍ എത്തിയപ്പോള്‍ തന്നെ പനി പിടിച്ചു.


പനിയുടെ കുളിര് അസഹ്യം .

 ശ്രീനഗരിലെക്കുള്ള യാത്രയില്‍ പട്നിടോപില്‍ വെച്ച്

 ഫോട്ടോഗ്രാഫര്‍ ഷിജിത്ത് എടുത്ത ചിത്രം

  പനിയുടെ  കുളിരും  

മഞ്ഞുപോലെയുള്ള തണുപ്പും.

രണ്ടുംകൂടി 

എന്നെ ഈ പരുവത്തിലാക്കി. 






Tuesday, November 27, 2012



വാഗയിലെ കവാത്തുകള്‍

വാഗയിലെ കവാത്തുകള്‍
ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുള്ള നാളുകളില്‍ അകത്തും പുറത്തും കണ്ണീരൊലിപ്പിച്ച് ‘നവഖാലി’യിലൂടെ ഒരാള്‍ നടന്നുപോയി. വൃദ്ധനായ മഹാത്മാ ഗാന്ധി. ഇന്ത്യ-പാക് വിഭജനത്തില്‍ ഏറ്റവും ദു$ഖിതനായ മനുഷ്യന്‍. ആ മനുഷ്യനെയും അദ്ദേഹത്തിന്‍െറ ദര്‍ശനങ്ങളെയും കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സാധാരണ ഇന്ത്യന്‍ പൗരന്മാരും മറന്നുപോയിരിക്കുന്നു. ആണ്ടിലൊരിക്കല്‍ പാലൊഴിച്ചു കഴുകി ശുദ്ധീകരിക്കാനുള്ള കരിങ്കല്‍ പ്രതിമ മാത്രമാണ് ഇന്ത്യക്കാരന് ഇന്ന് ഗാന്ധിജി. ഗാന്ധിജിയും അദ്ദേഹത്തിന്‍െറ സഹന സമരമുറകളുമാണ് തങ്ങളുടെ വിപ്ളവ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നതെന്ന് മുല്ലപ്പൂവിപ്ളവത്തിന്‍െറ വക്താക്കള്‍ ആണയിട്ടു പറയുമ്പോഴാണ് സ്വന്തം ദേശത്ത് മഹാത്മജിക്ക് ഈ അപചയം. ഈ അപചയത്തിന്‍െറ നേര്‍ദൃശ്യമാണ് ഇന്ന് ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയില്‍ കാണുന്നത്. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഈ അശ്ളീല ചടങ്ങുകള്‍ തടയുകതന്നെ ചെയ്യുമായിരുന്നു.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി കടക്കാനുള്ള റോഡ് മാര്‍ഗമാണ് വാഗ. ഇന്ത്യന്‍ പഞ്ചാബിലെ അമൃത്സറിനും പാകിസ്താന്‍ പഞ്ചാബിലെ ലാഹോറിനുമിടയിലെ ഗ്രാന്‍റ്ട്രങ്ക് റോഡിലാണ് ഇത്. 1947ലെ ഇന്ത്യാ വിഭജനത്തില്‍ വാഗ ഗ്രാമം ഇരുരാജ്യങ്ങള്‍ക്കുമായി പകുത്തിടപ്പെടുകയായിരുന്നു. ഒരുഭാഗം പാകിസ്താനില്‍; ബാക്കി ഇന്ത്യയിലും. 1959ലാണ് അതിര്‍ത്തിയിലെ സൈനികര്‍ തമ്മിലുള്ള ഈ നാടകീയ സൗഹൃദ പരിപാടി ആരംഭിച്ചത്. അതിര്‍ത്തി ഗേറ്റുകള്‍ തുറക്കല്‍ ചടങ്ങെന്നും പതാക താഴ്ത്തല്‍ ചടങ്ങെന്നും ഇതിന് പേരുണ്ട്. Beating retreat border              Ceremony എന്നാണ് ഇംഗ്ളീഷില്‍ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

ചടങ്ങില്‍ ഇരു സൈനിക വിഭാഗങ്ങളും പ്രകടിപ്പിക്കുന്ന അക്രമോത്സുകതയെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനാധിപത്യവാദികള്‍ക്കൊപ്പം വിദേശ രാജ്യങ്ങളും കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു. പരസ്പരം പകയും വിദ്വേഷവും ജനിപ്പിക്കുന്ന ശരീരഭാഷയാണ് ചടങ്ങിലുടനീളം ഇരുസൈനികരും പ്രകടിപ്പിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. ദിവസവും ഈ ചടങ്ങ് കാണാനെത്തുന്ന ഇരു രാജ്യത്തെയും ജനങ്ങള്‍ക്കിടയിലും ഈ വിദ്വേഷവും പകയും പടരുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നു. 2009-10 കാലത്ത് ഇതേക്കുറിച്ച് വിപുലമായ സംവാദങ്ങള്‍ നടന്നിരുന്നു.
സൈനികരുടെ ഇത്തരം അക്രമോത്സുക ചലനങ്ങള്‍ അവസാനിപ്പിക്കണമെന്ന പൊതുധാരണ ഇരുരാജ്യങ്ങളിലുമുണ്ടാവുകയും ചെയ്തു. പാകിസ്താന്‍റെയ്ഞ്ചേഴ്സ് മേജര്‍ ജനറല്‍ യഅ്ഖൂബ് അലി ഖാന്‍ 2010 ഒക്ടോബറില്‍ ഇത്തരം ശരീരഭാഷകള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍, ഇതൊന്നും പ്രായോഗികതലത്തിലെത്തിയില്ല എന്നതാണ് ഇന്ന് കാണുന്ന ചടങ്ങുകള്‍ തെളിയിക്കുന്നത്.
കശ്മീരിലെ ശ്രീനഗറിലടക്കം സൈനിക സാന്നിധ്യം കുറച്ചുകൊണ്ടുവരുകയും കശ്മീരികളുടെ വിശ്വാസം ആര്‍ജിക്കാന്‍ തീവ്രശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്ത പ്രതിരോധമന്ത്രി എ.കെ. ആന്‍റണിപോലും വാഗ അതിര്‍ത്തിയിലെ ഈ നാടകങ്ങള്‍ക്കുനേരെ കണ്ണടക്കുന്നു എന്നുവേണം കരുതാന്‍. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനും സൗഹൃദം വളര്‍ത്താനും നിരവധി തവണ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും അവയിലൊന്നും ഈ അശ്ളീലം അവസാനിപ്പിക്കുന്ന കാര്യം വിഷയമായില്ല എന്നാണറിവ്.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഞങ്ങള്‍ 35ഓളം പത്രപ്രവര്‍ത്തകര്‍ വാഗ അതിര്‍ത്തി സന്ദര്‍ശിച്ചത്. കേരള സ്റ്റേറ്റ് പബ്ളിക് റിലേഷന്‍സ് വിഭാഗവും കാലിക്കറ്റ് പ്രസ്ക്ളബും ചേര്‍ന്ന് സംഘടിപ്പിച്ച 15 ദിവസത്തെ ജമ്മു-കശ്മീര്‍, പഞ്ചാബ്, ദല്‍ഹി ടൂറിന്‍െറ ഭാഗമായിരുന്നു അതിര്‍ത്തി സന്ദര്‍ശനം. കേന്ദ്രമന്ത്രിയുടെ പ്രത്യേക കത്തും വിളികളുമുണ്ടായതിനാല്‍ വി.ഐ.പികളായാണ് ഞങ്ങള്‍ അന്ന് വൈകീട്ട് വാഗ അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെപ്പോലെ വി.ഐ.പികളായി നിരവധി വിദേശികളും സ്വദേശികളും വേറെയുമുണ്ടായിരുന്നു.
അതിര്‍ത്തി വേലിക്കപ്പുറത്ത് പാകിസ്താനിലും ഇപ്പുറത്ത് ഇന്ത്യയിലും കാണികള്‍ക്ക് ഇരിക്കാന്‍ സ്റ്റേഡിയം മോഡല്‍ പടികള്‍ ഇരിപ്പിടങ്ങളായി ഒരുക്കിയിരുന്നു. അതിനുതാഴെ ടാറിട്ട റോഡില്‍ നൂറോളം വിദ്യാര്‍ഥിനികളും സ്ത്രീകളും ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടുന്നു. റോഡിന്‍െറ വശത്ത് ഇന്ത്യന്‍ സൈനികരുടെ ഓഫിസ്. അവിടെനിന്നാണ് ദേശഭക്തിഗാനങ്ങളും അനൗണ്‍സ്മെന്‍റുകളും. ചടങ്ങുകളുടെ നടത്തിപ്പ് ചുമതലയുള്ള വെള്ളവസ്ത്രം ധരിച്ച സൈനിക ഓഫിസര്‍ ഇടക്കിടെ നിരത്തിലിറങ്ങി നൃത്തക്കാരികളെ പ്രോത്സാഹിപ്പിക്കുന്നു. ആംഗ്യഭാഷയില്‍ കാണികള്‍ക്കും സ്റ്റേഡിയത്തിലിരിക്കുന്നവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇടക്കിടെ ചില പെണ്‍കുട്ടികള്‍ ദേശീയപതാകയുമേന്തി അതിര്‍ത്തി ഗേറ്റിലേക്ക് ഓടുന്നു. തിരിച്ചോടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള ചലച്ചിത്രങ്ങളിലെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉയരമുള്ള മറ്റൊരു കെട്ടിടത്തിനു മുകളില്‍ തൂക്കിയ ഗാന്ധിജിയുടെ പഴയ കളര്‍ചിത്രം കാലപ്പഴക്കംകൊണ്ട് വെളുത്തു വിളര്‍ത്തിരിക്കുന്നു. ദിവസവും നടക്കുന്ന ഇവിടത്തെ നാടകരംഗങ്ങള്‍ കണ്ട് നവഖാലിയിലെന്നപോലെ ഇവിടെയും ഗാന്ധിജി കണ്ണീരൊഴുക്കുന്നുവെന്ന് തോന്നുംവിധം മഴവെള്ളമൊലിച്ച പാടുകള്‍ ആ മുഖത്ത്.
ഈ കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ ഗേറ്റിനപ്പുറം പാകിസ്താനിലേക്ക് തോക്ക് ചൂണ്ടിനില്‍ക്കുന്നു. ഗേറ്റിനപ്പുറം പാകിസ്താനിലും ഇതുതന്നെ അവസ്ഥ. അവരുടെ കെട്ടിടത്തിനു മുകളില്‍ മുഹമ്മദലി ജിന്നയുടെ പടമാണുള്ളത്. ആ കെട്ടിടത്തിനു മുകളിലെ പാക് സൈനികര്‍ ഇന്ത്യയിലേക്ക് തോക്കും ചൂണ്ടിനില്‍ക്കുന്നു. അവരുയര്‍ത്തിയ സ്റ്റേഡിയത്തിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഗേറ്റിനപ്പുറവും ഇപ്പുറവുമുള്ള സൈനികരുടെ വേഷത്തില്‍ മാത്രമാണ് മാറ്റം. ചുവടുകളും ശരീരഭാഷയും മുഖഭാവങ്ങളുമെല്ലാം ഒന്നുതന്നെ- ‘തന്നെ ഞാന്‍ ചവിട്ടിയരക്കും, പാഠം പഠിപ്പിക്കും’.
സൂര്യാസ്തമയത്തോടെയാണ് പതാകയഴിക്കല്‍ ചടങ്ങ് നടക്കുക. അതിനുമുമ്പേ അതിര്‍ത്തി ഗേറ്റുകള്‍ തുറക്കുകയും അടക്കുകയും ചെയ്യും. അപ്പോഴേക്കും ചടങ്ങുകളുടെ പിരിമുറുക്കം കൂടും. അനൗണ്‍സ്മെന്‍റ് മൈക്കിലൂടെ മുദ്രാവാക്യംവിളി ഉയരും. ജനം ആവേശഭരിതരായി ഉച്ചത്തില്‍ വിളിക്കും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്.
അപ്പുറത്ത് ഇതേ ചടങ്ങുകളുടെ ആവര്‍ത്തനം. അവര്‍ ഉച്ചത്തില്‍ വിളിക്കും -പാകിസ്താന്‍ സിന്ദാബാദ്.
വെള്ള വസ്ത്രധാരി റോഡിലിറങ്ങി സ്റ്റേഡിയത്തിലിരിക്കുന്നവരെ ആംഗ്യങ്ങള്‍ കാട്ടി പ്രോത്സാഹിപ്പിക്കും -ഉറക്കെ, ഉറക്കെ, ഇനിയും ഉറക്കെ, അവരേക്കാള്‍ ഉച്ചത്തില്‍...
കൂടുതല്‍ ശക്തരായി ഇരുഭാഗത്തും ജനങ്ങള്‍ ആര്‍ത്തുവിളിക്കും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
പാകിസ്താന്‍ സിന്ദാബാദ്
ഇതിനിടയിലാണ് അക്രമോത്സുക ചുവടുകളുമായി സൈനികര്‍ ഒറ്റയായും കൂട്ടമായും മാര്‍ച്ച് നടത്തുക. ഗേറ്റ് തുറന്നുകഴിഞ്ഞാല്‍ ഇരു സൈനികരും തൊട്ടടുത്ത് അഭിമുഖമായിനിന്ന് ചുവടുകള്‍ ആവര്‍ത്തിക്കും. ഒരേസമയം അപരന്‍െറ ചെവിക്കുറ്റിക്കു തൊഴിക്കാനെന്നവണ്ണം ശിരസ്സുവരെ കാലുയര്‍ത്തി പിന്നെ മണ്ണില്‍ ശക്തിയായി ചവിട്ടും. നെഞ്ചില്‍ കൊള്ളാവുന്നവിധം കാല്‍മടക്കി മുട്ട് നെഞ്ചുവരെ ഉയര്‍ത്തി ചുവടുവെക്കും. ഇത്തരം ചുവടുകള്‍ക്കിടയില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആര്‍ത്തുവിളി ആക്രോശങ്ങളായി മാറിയിരിക്കും. മൈക്കുകളിലൂടെ ആവേശം അലതല്ലും.
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
പാകിസ്താന്‍ സിന്ദാബാദ്
ഇന്ത്യ-പാക് വിഭജനകാലത്ത് ഇരുരാജ്യങ്ങളിലും നടന്ന കലാപങ്ങളും രക്തച്ചൊരിച്ചിലുകളും ഓര്‍മയില്‍ വ്രണങ്ങളായി നിലനില്‍ക്കുന്ന ജനതക്കിടയിലാണ് ദിവസവും ഈ ചടങ്ങുകള്‍ തുടരുന്നതെന്നോര്‍ക്കണം. അത് ജനങ്ങളിലുണ്ടാക്കുന്ന മനോഭാവം എന്താകുമെന്നറിയാന്‍ അധികം മന$ശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. ഇത്തരം അക്രമോത്സുകതക്കിടയില്‍ അപ്രസക്തമായിപ്പോകുന്ന മറ്റൊരു ചടങ്ങുണ്ട്. ഇരു രാജ്യങ്ങളിലുമായി അകന്നുപോയവര്‍ അതിര്‍ത്തി കടന്ന് ബന്ധുജനങ്ങളെ കണ്ട് സ്നേഹോഷ്മള വികാരങ്ങള്‍ കൈമാറുന്ന ഉദാത്തമായ രംഗം. ഇത്തരമൊരു ശത്രുതയുടെ ആവേശത്തിനിടയില്‍ ആത്മാര്‍ഥമായും സത്യസന്ധമായും സ്വന്തം ബന്ധുവിനെ ആശ്ളേഷിക്കുന്നതെങ്ങനെ? നല്ല വികാരങ്ങളും വിചാരങ്ങളും കൈമാറുന്നതെങ്ങനെ? ഈയൊരു ചടങ്ങ് സത്യസന്ധവും ആത്മാര്‍ഥവുമായി നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഗാന്ധിജിയുടെ കണ്ണീര്‍ സന്തോഷക്കണ്ണീരാകാന്‍ അതുമാത്രം മതിയാകുമായിരുന്നു.
53 വര്‍ഷമായി തുടരുന്ന ഈ ചടങ്ങിനെ ഇരുരാജ്യങ്ങള്‍ തമ്മില്‍, മനുഷ്യര്‍ തമ്മില്‍ സ്നേഹവും സൗഹൃദവും നന്മയും വളര്‍ത്തുന്ന മഹത്തായ ഒരാശയമായി മാറ്റാനാകില്ലേ? തീര്‍ച്ചയായും കഴിയും. അക്രമോത്സുകവും അശ്ളീലവുമാകുന്ന കവാത്തുകള്‍ക്കുപകരം സ്നേഹത്തിന്‍െറ ശരീരഭാഷ പ്രകടിപ്പിക്കാന്‍ നമ്മുടെ അതിര്‍ത്തി സുരക്ഷാസേനക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കണം. അതിനാവശ്യമായ രാഷ്ട്രീയ തീരുമാനം ഇരുരാജ്യങ്ങളിലുമുണ്ടാവണം.
അങ്ങനെയെങ്കില്‍ ഗേറ്റുകളുടെ അപ്പുറവും ഇപ്പുറവും ബന്ധുക്കളെ കാണാനെത്തുന്നവര്‍ക്ക് സ്നേഹാവേശത്തോടെ സത്യസന്ധമായി പ്രിയപ്പെട്ടവരെ പുണരാനാകും, ആശ്ളേഷിക്കാനാവും. പരസ്പരം നല്ലവാക്കുകള്‍ പറഞ്ഞ് രണ്ട് രാജ്യങ്ങളിലേക്കുമായി നന്മനിറഞ്ഞ മനസ്സുമായി പിരിഞ്ഞുപോകാനാവും.
അപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന മനസ്സിലെ മധുരം ഒരു ശത്രുതക്കും മായ്ക്കാന്‍ എളുപ്പമാകില്ല. സാഹോദര്യത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഈ ആഘോഷം മാറുന്നില്ലെങ്കില്‍ പരസ്പരവൈരവും ശത്രുതയും വളര്‍ത്താന്‍ മാത്രമാകും ഈ അതിര്‍ത്തി കവാത്തുകള്‍ കാരണമാവുക. ഞങ്ങളുടെ വാഗാ സന്ദര്‍ശനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ 14ന് പത്രങ്ങളില്‍ ഒരു സന്തോഷചിത്രം. മധുരസൗഹൃദം: വാഗാ അതിര്‍ത്തിയില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പാകിസ്താന്‍ റെയ്ഞ്ചേഴ്സ് വിങ്കമാന്‍ഡര്‍ അദ്നാന്‍ ബി.എസ്.എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ബേബി ജോസഫിന് മധുരം സമ്മാനിക്കുന്ന പടം. ഈ ചിത്രം പകര്‍ന്ന സന്തോഷം ഏറെ നീണ്ടുനിന്നില്ല. കണ്‍മുന്നില്‍ വാഗയിലെ യഥാര്‍ഥ ചിത്രങ്ങള്‍ തിളച്ചുവന്നു.
ഞാനമ്പരക്കുകയാണ്, സമ്മാനമധുരം നല്‍കിയവരുടെയും അത് സ്വീകരിച്ചവരുടെയും യഥാര്‍ഥ മാനസികാവസ്ഥ, വികാരം എന്തായിരിക്കും? ഒരു ചടങ്ങ് എന്നതിനപ്പുറം ഇതിനു പിന്നില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടാകുമോ? ആര്‍ക്കറിയാം. മഹാത്മജിയുടെ കണ്ണീരുതോരാന്‍ ഇരുരാജ്യങ്ങളും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നുറപ്പ്.
moidu.vanimel@gmail.com